പൊന്നാനി : പൊന്നാനി-ആല്‍ത്തറ-ഗുരുവായൂര്‍ സംസ്ഥാനപാതയിലെ കുണ്ടുകടവ് പാലം പുതുക്കിപ്പണിയാന്‍ 29.30 കോടി രൂപയുടെ ഭരണാനുമതിയായി. മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ പ്രധാന നഗരങ്ങളുമായി പൊന്നാനി നിയോജകമണ്ഡലത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് കുണ്ടുകടവ് പാലം. 60 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പാലം ബലക്ഷയം നേരിടുന്നുവെന്ന പൊതുമരാമത്തുവിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിപ്പണിയാനുള്ള നടപടികള്‍ ആരംഭിച്ചത്.
പ്രീകാസ്റ്റഡ് പൈലുകള്‍, പിയറുകള്‍, ബീമുകള്‍, സ്‌ളാബുകള്‍ തുടങ്ങിയവയുടെയെല്ലാം കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുകയും കമ്പികള്‍ ദ്രവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലുമാണ്. 29.30 കോടി രൂപ ചെലവില്‍ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നബാര്‍ഡ് സഹായത്തോടെയാണ് പാലം പുതുക്കിപ്പണിയുന്നത്.
2021 ജൂലായ് 16-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊന്നാനി നിയോജകമണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് എത്തിയപ്പോള്‍ കുണ്ടുകടവ് പാലം പുനര്‍നിര്‍മിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി മന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പി.ഡബ്ല്യു.ഡി. ബ്രിഡ്ജസ് വിഭാഗത്തില്‍നിന്ന് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
2021 ഒക്ടോബര്‍ 13-ന് നിയമസഭയില്‍ ഈ വിഷയത്തില്‍ സബ്മിഷന്‍ അവതരിപ്പിച്ചതോടെ കുണ്ടുകടവ് പാലം പുനര്‍നിര്‍മാണം നടത്താനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ജില്ലയിലെ നബാര്‍ഡ് പദ്ധതികളുടെ ജില്ലാ മാനേജര്‍ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം പാലം സന്ദര്‍ശിച്ചിരുന്നു.




