പ്രതീകാത്മക ചത്രം
സുല്‍ത്താന്‍ ബത്തേരി: വയനാട് വകേരിയില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവ്. ആവശ്യമെങ്കില്‍ കൊല്ലാനും ഉത്തരവില്‍ വ്യക്തമാക്കുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേതാണ് ഉത്തരവ്. കടുവയെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യവുമായി ശക്തമായ പ്രതിഷേധത്തിലായിരുന്നു നാട്ടുകാരും മരിച്ച യുവാവിന്റെ ബന്ധുക്കളും.
കടുവയെ മയക്കുവെടി വെച്ച് പിടിക്കുന്നതിന് പകരം വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് ഇറക്കുന്നതുവരെ ബത്തേരിയില്‍ താലൂക്ക് ആശുപത്രിയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സര്‍വകക്ഷി നേതാക്കളും ഉപവാസം നടത്തി.
കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഇനിയും വൈകിയാല്‍ ബത്തേരിയില്‍ ദേശീയപാത ഉപരോധിക്കുമെന്നതിലേക്കും പ്രതിഷേധം എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ആവശ്യമെങ്കില്‍ വെടിവയ്ക്കാമെന്ന ഉത്തരവ് നല്‍കിയിരിക്കുന്നത്.
ഇന്നലെ വൈകീട്ടാണ് കൂടല്ലൂരില്‍ വയലില്‍ പുല്ലുരിയാനായി പോയ ക്ഷീരകര്‍ഷകനായ പ്രജീഷിനെ കടുവ ആക്രമിച്ച് കൊന്നത്. കടുവയെ കണ്ടെത്താനായി വനം വകുപ്പ് പരിശോധന നടത്തിവരികയാണ്.
നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യവുമായി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധിമാണ് നടത്തിയത്.




