തമിഴ്‌നാട്: ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി ശബരിമല തീർഥാടകരായ അഞ്ചുപേർക്ക് ദാരുണാന്ത്യം.19 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.
തിരുവള്ളൂർ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ശനിയാഴ്ച രാവിലെ പുതുക്കോട്ടയിൽ വെച്ചാണ് അപകടമുണ്ടായത്. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ചായ കുടിക്കാനിറങ്ങിയ കടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.
വാഹനങ്ങൾ പാർക്ക് ചെയ്ത് നാമനസമുദ്രം പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ചായക്കടയിൽ ചായകുടിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം. സിമൻ്റ് ചാക്കുകൾ കയറ്റി വന്ന ട്രക്കാണ് ചായക്കടയിലേയ്ക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ 19 പേരെ പരിക്കുകളോടെ പുതുക്കോട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




