HIGHLIGHTS : A house is not a gift, no logo on life houses: MB Rajesh
പാലക്കാട്: വീട് ഒരു ഔദാര്യമല്ലെന്ന് മന്ത്രി എം ബി രാജേഷ്. പിഎംഎവൈ-ലൈഫ് വീടുകളില്‍ ലോഗോ പതിപ്പിക്കണമെന്ന് കേന്ദ്രം പറയുന്നത് ശരിയല്ലെന്നും അത് കേരളത്തില്‍ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ദാനം കിട്ടിയ വീട് എന്ന പ്രതീതി വ്യക്തിയുടെ അന്തസിനെ ഹനിക്കുന്നതാണ്. ലോഗോ പതിപ്പിക്കുന്നത് നടപ്പാക്കാത്തതിനാല്‍ കേരളത്തിന് കിട്ടാനുള്ള തുക തടഞ്ഞു വെച്ചിരിക്കുകയാണ് കേന്ദ്രം. വിഷയം സംബന്ധിച്ച് കത്തയച്ചപ്പോള്‍ കേന്ദ്രം മറുപടി നല്കാന് തയ്യാറായില്ലെന്നും എന്ത് സമ്മര്‍ദ്ദം വന്നാലും ഒരു ലോഗോയും ഒരു വീട്ടിലും പതിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ലൈഫ് മിഷനില്‍ അഞ്ച് ലക്ഷം വീടുകള്‍ വയ്ക്കാനുള്ള കരാര്‍ പൂര്‍ത്തിയായതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. 3,85,145 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ച സംസ്ഥാനം എന്ന നേട്ടം കേരളം കൈവരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രധാന മിഷനുകളില്‍ ഒന്നായിരുന്നു ലൈഫ് പദ്ധതി. കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയിരുന്ന സാഹചര്യത്തിനിടയിലാണ് ഈ നേട്ടം കേരളം നേടിയത്. 17,209 കോടി രൂപ പദ്ധതിക്കായി ചെലവിട്ടു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്രയും തുക അനുവദിച്ചിട്ടില്ല.
88 ശതമാനവും സംസ്ഥാനത്തിന്റെ വിഹിതമാണ്. 12.09 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിച്ചത്. 15,000 കോടിയിലധികം രൂപ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് വഹിക്കുന്നത്. പിഎംഎവൈ ഗ്രാമീണ്‍ പദ്ധതി പ്രകാരം കേരളത്തിന് 2021- 22 ന് ശേഷം ഒരു വീട് പോലും കിട്ടിയിട്ടില്ല. വീടും ഭൂമിയും ഇല്ലാത്തവരായി എട്ട് ലക്ഷം പേര് ഇനിയും അവശേഷിക്കുന്നുണ്ട്. ലൈഫ് പദ്ധതിയില്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണവും നടന്നുകൊണ്ടിരിക്കുന്നുവെന്നും എം ബി രാജേഷ് അറിയിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു