കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൈക്ക് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാക്കിന് ശസ്ത്രക്രിയ ചെയ്തതായി പരാതി. നാല് വയസ്സുകാരിയുടെ കൈക്ക് ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.
കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞതായി ബന്ധുക്കള്‍. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




