Section

malabari-logo-mobile

ഫുട്‌ബോള്‍ ഇതിഹാസത്തിന് മരണമില്ല

HIGHLIGHTS : A football legend has no death

എഴുത്ത്: സതീഷ് തോട്ടത്തില്‍

കളി എപ്പോഴും ജയിക്കുന്നതിനുവേണ്ടിയാണ്.
ജീവിതം നിലനില്പിനുവേണ്ടിയും.
നിലനില്പിന്റെ വേദന ഞാനറിഞ്ഞിട്ടുണ്ട്,
അനുഭവിച്ചിട്ടുണ്ട്.
അതുകൊണ്ടാവാം ഞാന്‍ കളിയില്‍ രസിപ്പിക്കാന്‍ ശ്രമിച്ചു.
സ്‌നേഹം പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു ”
(പെലെ….)
ഒരുപക്ഷേ ഫുട്‌ബോളില്‍ ഏറ്റവും ഉച്ചരിക്കപ്പെട്ട പേര് ‘പെലെ ‘ എന്നായിരിക്കും.
തലമുറകളോളം നാവില്‍തുമ്പിലൂടെ ഉച്ചരിക്കപ്പെട്ട പേര്.
ഇന്നും അത് തുടരുന്നു.

ഫുട്‌ബോളിന്റെ ഒരു പൊതുപേരുകൂടിയായത് മാറുകയായിരുന്നു.
പാഠപുസ്തകത്തിലൂടേയും ‘പെലെ ‘ യെ പഠിച്ചു.
അന്നത്തെ പല ചുവരുകളിലും പെലെയുടെ ചിത്രവും തൂങ്ങികിടന്നു.
ഫുട്‌ബോളില്‍ പുതിയപുതിയ പേരുകള്‍ പ്രത്യക്ഷപ്പെട്ടപ്പോഴും
കാലങ്ങളെ അതിശയിപ്പിക്കുന്ന കളിക്കാരനായ് പെലെ നിറഞ്ഞുനിന്നു.
മൗലികമായ ഫുട്‌ബോള്‍ ഭാവനയുണ്ടായിരുന്നൂ പെലെക്ക്.
ശരീരകോശങ്ങളില്‍പോലും
ഫുട്‌ബോളിന്റെ ജീവജലം നിറഞ്ഞുനിന്നു.
‘എഡ്‌സണ്‍ ആരാന്റാസ് ദൊ നാസിമെന്റൊ ‘ എന്ന കുടുംബപേരില്‍ നിന്നും ‘പെലെ ‘ എന്ന രണ്ടക്ഷരത്തിലേക്ക് മാറിയത് കുട്ടിയായിരിക്കുമ്പോള്‍ കളിക്കുന്നതിനിടയില്‍ ആരോ വിളിച്ച ‘പെലെ ‘ യില്‍ നിന്നാണ്.
ആ പേരങ്ങനെ ലോകം മുഴുവന്‍ പടരുകയായിരുന്നു…
(എഡിസണ്‍ എന്ന് പേരിനോടൊപ്പം ചേര്‍ന്നതും ചരിത്രമാണ്.
പെലെ ജനിച്ചവര്‍ഷമാണ് 1940 ല്‍
അന്നാണ് പെലെയുടെ നാട്ടില്‍ ആദ്യമായി വൈദ്യുതിയെത്തിയത്.
ബൈള്‍ബ് കണ്ടെത്തിയ തോമസ് ആല്‍വ എഡിസണിന്റെ പേരിലെ എഡിസണ്‍ കൂടി ചേര്‍ത്താണ് ‘എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റേ ‘ എന്ന നീണ്ട പേരായ് മാറിയത്…)
ജീവിതദുരിതങ്ങളെയെല്ലാം പെലെ അതിജീവിച്ചത്
ഫുട്‌ബോളിനെ പ്രണയിച്ചുകൊണ്ടായിരുന്നു.
ദാരിദ്ര്യവും വിശപ്പും കുട്ടികാലത്തെ കൂടപ്പിറപ്പായിരുന്നു.
സിഗററ്റ് വിറ്റും അങ്ങാടികളില്‍ കപ്പലണ്ടിവിറ്റും ഷൂസ് തുടച്ചും ജീവിക്കാനും കളിക്കാനും വഴിയുണ്ടാക്കി.

കാലുറയില്‍ തുണി കുത്തിനിറച്ച് ചുരുട്ടിയ പന്തിലാണ് കളിച്ചുവളര്‍ന്നത്.
ഒരിക്കല്‍ കപ്പലണ്ടി മോഷ്ടിക്കാന്‍ കൂട്ടുകാരൊത്ത് പോകുമ്പോഴാണ് ഏറ്റവും മുന്നിലുള്ള കുട്ടി കുന്നിടിഞ്ഞ് മണ്ണോട് ചേര്‍ന്നത്.
നേരില്‍കണ്ട ആ ദുരന്തം പെലെയെ ജീവിതകാലം മുഴുവന്‍ വേട്ടയാടി.
കറുത്തനിറവും പെലെയെ പലപ്പോഴും ഒറ്റപ്പെടുത്തി.
നിറംകൊണ്ട് ആത്മാഭിമാനത്തിന് മുറിവേറ്റ കുട്ടികാലം.
കറുത്ത മനുഷ്യരില്‍ തന്നെതന്നെ കാണുകയായിരുന്നൂ പെലെ.
വര്‍ണ്ണവിവേചനത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് അതിനെ നേരിട്ടത്.
വെളുത്ത കൂട്ടുകാരിയെ ഇഷ്ടപ്പെട്ടതിന് ചെറുപ്പത്തിലേ അപമാനിതനായി.
ഇതിലൊന്നും പെലെ തളര്‍ന്നില്ല.
ജീവിതം കൊണ്ടായിരുന്നില്ല
കാല്‍പ്പന്തുകൊണ്ടാണ് എന്തിനേയും പെലെ കീഴ്‌പ്പെടുത്തിയത്.
പെലെ അടിച്ചുതീര്‍ത്ത 1279 ഗോളുകള്‍ക്കുപിന്നിലും ഓരോ കഥയുണ്ട്.
മിക്കതും ലോകം എന്നെന്നേക്കുമായ് കാണാന്‍ പാകത്തില്‍ ദൃശ്ര്യവല്‍ക്കരിക്കപ്പെട്ടില്ല.
പെലെയുടെ അവിസ്മരണീയ ഗോളുകള്‍ പലതും ലോകം ഇന്നും കണ്ടിട്ടില്ല.
ആ കാലത്തെ സാങ്കേതികവിദ്യയുടെ പരിമിതിതന്നെ കാരണം..
റേഡിയോയിലും ഓഡിയോ ടേപ്പിലും പലതും ഒതുങ്ങിപോയി.
പെലെയുടെ ആയിരാമത്തെ ഗോള്‍ ലോകം ഒന്നടങ്കം ആഘോഷിച്ചു.
പെനാള്‍ട്ടിയിലൂടെയാണ് പെലെയുടെ ആയിരാമത്തെ ഗോള്‍ പിറന്നുവീണത്.
1969 നവംമ്പര്‍ 19 നായിരുന്നത്.

ഈ ദിവസം ‘പെലെ ദിന’മായ് ബ്രസീലില്‍ ആഘോഷിച്ചും വരുന്നു.
ബ്രസീലിന്റെ രാഷ്ട്രീയത്തിലും പെലെക്ക് സ്ഥാനം കിട്ടി.
കായികമന്ത്രിയായും പെലെ നന്നായി കളിച്ചു…
ഒരിക്കല്‍ നൈജീരിയയിലെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ കൊടുമ്പിരികൊള്ളുന്ന കാലത്ത് പെലെ അവിടെ ഒരു പ്രദര്‍ശനമത്സരത്തില്‍ കളിക്കാന്‍ പോകുന്നുണ്ട്…
ശത്രുതയോടെ പൊരുതുന്ന വംശീയഗ്രൂപ്പുകള്‍ 48 മണിക്കൂര്‍ വെടി നിര്‍ത്തിയാണ് പെലെയുടെ കളി അന്ന് കണ്ടത്.
ഗോളികളെ കബളിപ്പിച്ച് ഗോളടിക്കല്‍
പെലെയുടെ പ്രത്യേകതയായിരുന്നു.
ആ പ്രദര്‍ശനപരതയില്‍ പെലെ സ്വയം ആനന്ദിക്കുകയും ചെയ്തു…
അതേ സമയം ഒരു ഗോളിയുടെ വേദന പെലെയില്‍ മാനസികമുറിവുമുണ്ടാക്കി.
രണ്ടുപ്രാവശ്യവും ഗോളിയെ ഡ്രിബിള്‍ ചെയ്ത് പെലെ ഗോളാക്കിയപ്പോള്‍
ആ ഗോളിക്കത് സഹിക്കാനായില്ല..
കരഞ്ഞുകൊണ്ടാണ് ഗോളി കളിക്കളം വിട്ടത്.
സ്വന്തം നാട്ടുകാര്‍ക്കുമുമ്പില്‍ താന്‍ അപമാനിതനായതാണ് ഗോളിയെ കരയിപ്പിച്ചത്..
പെലെയുടെ പ്രദര്‍ശനം ഗോളിക്ക് സഹിക്കാനായില്ല.
കളിക്കളത്തിന് പുറത്തും പെലെക്ക് നിലപാടുകളുണ്ടായിരുന്നു.
മകന്‍ മയക്കുമരുന്ന് കേസില്‍ പെട്ടിട്ടും അത് മറച്ചുവെക്കാതെ ലോകത്തോട് വിളിച്ചുപറഞ്ഞു.

ഐലാന്‍ കുര്‍ദിയുടെ പിഞ്ചുശരീരം
പുഴക്കരയില്‍ അടിഞ്ഞുകിടന്നത് ലോകമനസാക്ഷിയെ സങ്കടത്തിലാഴ്ത്തിയപ്പോള്‍
പെലെ ഒറ്റവാക്കില്‍ എഴുതി
‘അവനെ ലോകം കൊന്നതാണ് ‘
പെലെ ആത്മകഥയില്‍ എഴുതി
”ബീഥോവന്‍ സംഗീതമുണ്ടാക്കാന്‍ ജനിച്ചതുപോലെ,
മൈക്കലോഞ്ജലോ ചിത്രകാരനാകാന്‍ ജനിച്ചതുപോലെ,
എളിയവനായ ഞാന്‍ കളിക്കാനാണ് പിറന്നത് ”
ഫുട്‌ബോള്‍ ഇതിഹാസത്തിന് വിട….

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!