ലോഡ്ജില്‍ വെച്ച് ഡോക്ടറെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച;യുവതി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ലോഡ്ജില്‍ വെച്ച് ഡോക്ടറെ വടിവാള്‍ കാണിച്ച് ഭീകരാന്തരീക്ഷം തീര്‍ത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. സംഭവത്തില്‍ എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ മുഹമദ് അനസ് ഇ.കെ (26) കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ ഷിജിന്‍ദാസ് എന്‍.പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ വെച്ചാണ് സംഭവം നടന്നത്. തിങ്കളാഴ്ച സംഘം ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ റൂം മനസ്സിലാക്കി പുലര്‍ച്ചെ ആയുധവുമായി മുറിയില്‍ എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. കൈയില്‍ പണം ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍പേ വഴി 2500 രൂപ ട്രാന്‍ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നത്രെ.

ലഹരി മരുന്നിന് അടിമയായിരുന്ന ഇവര്‍ മയക്കുമരുന്ന് വാങ്ങാന്‍ വേണ്ടി പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരം. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി അനസും അനുവും ഡല്‍ഹിയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇവര്‍ പോലീസിന്റെ വലയിലായി.
സംഘം ഉപയോഗിച്ച ബൈക്ക് മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും, കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top