Section

malabari-logo-mobile

ജപ്പാനിലെ മുന്‍ ഫാക്ടറി തൊഴിലാളികള്‍ ഭാഗഭാക്കായ ബിനാലെ ആവിഷ്‌കാരം

HIGHLIGHTS : A biennial exhibition featuring former factory workers in Japan

കൊച്ചി: കൊളംബിയയിലും ഫ്രാന്‍സിലുമായി കലാപ്രവര്‍ത്തനം നടത്തുന്ന മാര്‍ക്കോസ് അവുലോ ഫെരേരോയുടെ കൊച്ചി ബിനാലെയിലെ ആവിഷ്‌കാരം ജപ്പാനിലെ വിരമിച്ച ഫാക്ടറി തൊഴിലാളികളെ ഭാഗഭാക്കാക്കി. ‘വൈല്‍ഡ് ഗീസ്’ സിദ്ധാന്തത്തില്‍ വ്യാഖ്യാനിക്കാനാകുന്ന അവരുടെ പ്രവര്‍ത്തന ശൈലി ജപ്പാനിലെ വ്യാവസായിക വിപ്ലവത്തിനു നിമിത്തമായതും ആ ശൈലി മറ്റെവിടെയും എല്ലാ രംഗങ്ങളിലും പ്രായോഗികമാകുന്നതും ആഗോളവത്കരണം ആ വ്യവസ്ഥയെ ബാധിച്ചതെങ്ങനെയെന്നും നിരീക്ഷിക്കുകയാണിതിലൂടെ.

വൈല്‍ഡ് ഗീസ് സിദ്ധാന്തമനുസരിച്ച് മുന്നേ പറക്കുന്ന പക്ഷി ഒരു വിന്യാസക്രമമുണ്ടാക്കുകയും മറ്റു പക്ഷികള്‍ അത് പിന്തുടര്‍ന്ന് അനുകരിക്കുകയും ചെയ്യുന്ന അതേ രീതിയിലായിരുന്നു ജപ്പാനിലെ ഫാക്ടറി തൊഴിലാളികള്‍ 40 വര്‍ഷങ്ങളില്‍ ഒരുപോലെ എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിച്ചത്. ഇത് ആസ്പദമാക്കി ബിനാലെയില്‍ മാര്‍ക്കോസ് അവുലോ ഫെരേരോ ആവിഷ്‌കരിച്ച മള്‍ട്ടിമീഡിയ ഇന്‍സ്റ്റലേഷനാണ് ‘വൈല്‍ഡ് ഗീസ് തിയറി, നോട്ട്‌സ് ഓണ്‍ ദി വര്‍ക്കേഴ്സ് ജെസ്ചര്‍സ്’. ഇതിനു പല അടരുകളുണ്ട്.

sameeksha-malabarinews

ആദ്യം മാര്‍ക്കോസ് അവുലോ ഫെരേരോ ജപ്പാനിലെത്തി വിരമിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി യന്ത്രസാമഗ്രികള്‍ ഒഴിവാക്കിക്കൊണ്ട് ഫാക്ടറിയില്‍ നാലുപതിറ്റാണ്ട് ഒരേപോലെ നിരന്തരം ആവര്‍ത്തിച്ചുപോന്ന അവരുടെ ചലനങ്ങളും പ്രവൃത്തികളും അതേവിധം തന്നെ വീഡിയോയില്‍ ചിത്രീകരിച്ചു. പിന്നീടിത് ഒരു ചലന വിശകലന വിദഗ്ധന്റെ സഹായത്തോടെ ലേബനിസ്റ്റ് ചിഹ്നങ്ങളില്‍ രേഖപ്പെടുത്തി. തുടര്‍ന്ന് ‘ഫ്രീ റീഡ്’ ആംഗ്യസങ്കേതത്തില്‍ പ്രാവീണ്യമുള്ള കയ്യെഴുത്തു വിദഗ്ധന്‍ മുഖേന കാലിഗ്രഫിക് ബ്രഷ് സ്ട്രോക്കിലൂടെ ഓരോ ലേബനിസ്റ്റ് ചിഹ്നങ്ങളെയും വ്യഖ്യാനം ചെയ്യിച്ചു. ഇത് മറ്റു ഭാഷക്കാര്‍ക്കും മേഖലകളിലുമുള്ളവര്‍ക്കും പ്രയോജനപ്പെടുത്താനാകുന്നതായി. ജാപ്പനീസ് തൊഴിലാളികളുടെ ചലനങ്ങള്‍ അനുവര്‍ത്തിച്ച് കായിക മത്സരങ്ങളില്‍ പോലും പ്രത്യേകിച്ച് നീന്തല്‍, ടെന്നീസ് എന്നിവയിലെല്ലാം വിജയം കൈവരിക്കാനാകുമെന്ന് ഫെരോരോ ചൂണ്ടിക്കാട്ടുന്നു.

കാലം ഏറെ മാറി.എങ്കിലും ജപ്പാന്‍ വ്യാവസായിക രാജ്യങ്ങളുടെ മുന്‍നിരയില്‍തന്നെയാണ് ഇന്നും. അതിനു കാരണം ആ പഴയ ഫാക്ടറി തൊഴിലാളികള്‍ ഒരുക്കിയ അടിത്തറയാണ്. ആവര്‍ത്തനം മൂലം ഏറെ മുഷിപ്പിക്കുന്ന ജോലി അവര്‍ പരാതികളില്ലാതെ ഓരോദിവസവും വ്യവസ്ഥാനുസൃതം ചിട്ടയോടെ ചെയ്തു. അവരുടെ ക്ഷമാപൂര്‍വ്വമായ കഠിനാധ്വാനമാണ് രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചത്. എന്നാല്‍ വിരമിച്ച ആ തൊഴിലാളികളെ ഇന്നാരും ഗണിക്കുന്നില്ല. ഗ്ലോബലൈസേഷനുശേഷം അവരുടെ സ്ഥാനം മെഷീനുകള്‍ കയ്യടക്കി. അതുകൊണ്ട് ചലനത്തിന്റെ മാതൃക ഒരു സംഗീതാദരമായി പഴയ ഫാക്ടറി തൊഴിലാളികള്‍ക്ക് സമര്‍പ്പിക്കുകയാണ് ഫെരോരോ തന്റെ ആവിഷ്‌കാരത്തിലൂടെ.

‘വൈല്‍ഡ് ഗീസ് തിയറി, നോട്ട്‌സ് ഓണ്‍ ദി വര്‍ക്കേഴ്സ് ജെസ്ചര്‍സ്’ ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ കാണാം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!