കോഴിക്കോട്: സംനസ്ഥാത്ത് വീണ്ടും നിപ മരണം. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ 10.50 ഓടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടാവുകയുംരക്തസമ്മര്‍ദ്ദം താഴുകയുമായിരുന്നു.കുട്ടിയുടെ സംസ്‌കാരം നിപ പ്രോട്ടോകോള്‍ പ്രകാരം നടക്കും.
ഇക്കഴിഞ്ഞ 15ന് രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
കുട്ടിയുമായി സമ്പര്‍ക്കം ഉണ്ടായ 4 പേര്‍ക്ക് ഇപ്പോള്‍ രോഗ ലക്ഷണമുണ്ടെന്നും ഇവരുടെ സ്രവം പരിശോധനക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. ഇതുവരെ 22 പേരാണ് സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചത്.




