9 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; സുലൈഖയ്ക്ക് സ്വന്തം ഭൂമി ലഭിക്കും, രേഖകള്‍ കൈമാറി മന്ത്രി

കോഴിക്കോട്:’സര്‍ക്കാരിനും മന്ത്രിക്കും പെരുത്ത് നന്ദി’ സുലൈഖ പറഞ്ഞു. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കോര്‍പറേഷനില്‍ നിന്ന് ഭൂമി ലഭിക്കാനുള്ള ഉത്തരവ് ലഭിച്ചപ്പോള്‍ സുലൈഖയുടെ കണ്ണുനിറഞ്ഞു. നീതിക്കായി അലയുന്ന സുലൈഖയുടെ പരാതി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് രാവിലെ തീര്‍പ്പാക്കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമി ലഭിക്കാന്‍ ആവശ്യമായ രേഖയും ഉത്തരവും ഉച്ചയ്ക്ക് കൈമാറുകയുമായിരുന്നു. നിറകണ്ണുകളോടെ മന്ത്രിക്കും സര്‍ക്കാരിനും നന്ദി അറിയിച്ചുകൊണ്ടാണ് സുലൈഖ തദ്ദേശ അദാലത്തില്‍ നിന്ന് മടങ്ങിയത്.

പുനരധിവാസത്തിനായി കോര്‍പ്പറേഷന്‍ നല്‍കിയ ഭൂമി രജിസ്റ്റര്‍ ചെയ്തു കിട്ടണമെന്ന ആവശ്യവുമായാണ് പന്നിയങ്കര പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ സുലൈഖ തദ്ദേശ അദാലത്തിലെത്തിയത്. ഗുണഭോക്താവായ ഭര്‍ത്താവ് ഭൂമി രജിസ്‌ട്രേഷന് മുന്‍പ് മരിച്ചിരുന്നു, തുടര്‍ന്ന് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ സുലൈഖയ്ക്ക് ഭൂമി ലഭ്യമാക്കിയില്ല എന്നായിരുന്നു പരാതി. ഗുണഭോക്താവായ കോയമോന്റെ മരണ സര്‍ട്ടിഫിക്കറ്റും ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും അപേക്ഷക ഹാജരാക്കിയതായി കോര്‍പ്പറേഷന്‍ സെക്രട്ടറി അദാലത്തില്‍ അറിയിച്ചു. ഭര്‍ത്താവിന്റെ പേരില്‍ അനുവദിച്ച ഭൂമി, അവകാശിയായ അപേക്ഷകയുടെ പേരില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നും, ഇത് സംബന്ധിച്ച രേഖകള്‍ ഇന്ന് തന്നെ കൈമാറണമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് കോര്‍പറേഷനോട് നിര്‍ദേശിച്ചു. ഉച്ചയോടെ ഇത് സംബന്ധിച്ച കോര്‍പ്പറേഷന്‍ രേഖ മന്ത്രി സുലൈഖയ്ക്ക് കൈമാറി. ഈ രേഖയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പില്‍ നിന്ന് സുലൈഖയ്ക്ക് ഭൂമി ലഭിക്കും. 9 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സുലൈഖയ്ക്ക് സ്വന്തം ഭൂമി ലഭിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതികളില്‍ ഗുണഭോക്താവ് മരിച്ചാല്‍ അവകാശിക്ക്, രേഖകളുടെ അടിസ്ഥാനത്തില്‍ ഭൂമി കൈമാറുന്ന നിലയില്‍ പൊതുതീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

കോതി അപ്രോച്ച് റോഡിനു വേണ്ടിയാണ് സുലൈഖയുടെ ഭര്‍ത്താവ് കോയമോന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സ്ഥലം ഏറ്റെടുത്തത്. പുനരധിവാസത്തിനായി പന്നിയങ്കര വില്ലേജില്‍ ഇരുപത്തിയൊന്നാം വാര്‍ഡിലാണ് ഭൂമി അനുവദിച്ചു നല്‍കിയിരുന്നത്. എന്നാല്‍ ഗുണഭോക്താവായ കോയമോന്‍ ഭൂമി രജിസ്‌ട്രേഷന്‍ നടത്തുന്നതിനു മുന്‍പ് മരണപ്പെടുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം സുലൈഖയുടെ പേരില്‍, ഇതുവരെയും ഭൂമിയുടെ ഉടമസ്ഥാവകാശം അനുവദിച്ച് നല്‍കിയിരുന്നില്ല. സുലൈഖക്ക് ഭൂമി അനുവദിച്ചു നല്‍കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചുവെങ്കിലും ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ സാങ്കേതിക കാരണങ്ങളാല്‍ സാധിച്ചിരുന്നില്ല. ഈ പ്രശ്‌നത്തിനാണ് തദ്ദേശ അദാലത്തില്‍ മന്ത്രി പരിഹാരം കണ്ടത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top