താനൂര്‍ : വയസ്സ് 85 പിന്നിട്ടെങ്കിലും താനൂരുകാരുടെ പ്രിയങ്കരനായ കുട്ടിരായിന്‍ മരക്കാരകത്ത് കമ്മുക്കുട്ടി എന്ന കമ്മുക്കുട്ടിക്ക വിശ്രമിക്കാനില്ല. കടുത്ത ചൂടിനെ പോലും അവഗണിച്ച് രാവിലെ മുതല്‍ രാത്രി വൈകിയും ഇദ്ദേഹം പൊതുരംഗത്ത് സജ്ജീവമാണ്.
പ്രായം 15 തികയും മുമ്പേ ജോലി തേടി ബോംബെയിലെത്തി. അവിടത്തെ ബീഡിക്കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇതിനിടെയാണ് സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായത്. 17-ാം വയസ്സില്‍ നേവി കലാപത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. ഇതേ തുടര്‍ന്ന് ബോംബെയിലെ ഡോങ്കിരി ജയലില്‍ 6 മാസക്കാലം തടവുശിക്ഷ അനുഭവിച്ചു. ജോഖ്ലേക്കര്, മിരാജ്ഖര്, ദസ്തഗീര്‍, തലശ്ശേരി സ്വദേശി ഗോപാലന് എന്നീ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് ഇദ്ദേഹം ജയില്‍വാസം അനുഭവിച്ചത്. ബ്രീട്ടീഷ് പോലീസിന്റെ മര്‍ദ്ദനങ്ങള്‍ക്കിരയാവുകയും ചെയ്തു. ആയിടെ ബോംബെയില്‍ കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ ഗാന്ധിജി, ജവര്‍ഹര്‍ലാല്‍ നെഹ്റു, ലിയാഖത്ത് അലി, മുഹമ്മദലി ജിന്ന എന്നിവരെ നേരില്‍ കാണാനും പരിചയപ്പെടാനും സാധിച്ചത് ജീവിതത്തിലെ നാഴികകല്ലായി ഇന്നും ഇദ്ദേഹം അനുസ്മരിക്കുന്നു.
പിന്നീട് ജോലി ആവശ്യാര്‍ത്ഥം മൈസൂരിലെത്തിയപ്പോഴാണ് സഖാവ് സി. കണ്ണനെ പരിചയപ്പെടുന്നത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച കാലഘട്ടം. അയ്യായിരത്തോളം ബീഡി തൊഴിലാളികള്‍ ഉള്ള മണ്ഡിമെഹറിലെ ബീഡി കമ്പനിയില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിടുന്നതിനെതിരെ സി.കണ്ണനൊപ്പം സമരരംഗത്ത് പ്രവര്‍ത്തിച്ചു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കമ്മുക്കുട്ടി അഹമ്മദാബാദിലായിരുന്നു. ഗാന്ധിജി വധം ഇദ്ദേഹം അറിയുന്നത് ബോംബെയില്‍ വെച്ചായിരുന്നു. 1952ല്‍ ഇ.എം.എസ്. വെല്ലൂര്‍ ജയിലില്‍ നിന്നും മോചിതനായി കോഴിക്കോട്ടേക്ക് പോകുമ്പോള്‍ താനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ഓട്ടമുക്കാലിന്റെ ഹാരമണിയിച്ചത് മറക്കാനാവാത്ത അനുഭവമായി കമ്മുക്കുട്ടി ഓര്‍ക്കുന്നു. ഉത്തരേന്ത്യയിലെ വിവിധ സമരമുഖങ്ങളില്‍ സജീവമായ ഇദ്ദേഹം മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, പ്രശസ്ത നടിയും എം.പി.യുമായിരുന്ന ശബാന ആസ്മിയുടെ പിതാവ് ഖൈഫി ആസ്മി എന്നിവരോടൊപ്പം ഒരുമിച്ചു പ്രവര്‍ത്തിച്ചതും അഭിമാനത്തോടെ ഓര്‍ക്കുന്നു. ചെയ്യാത്തത് പറയുന്നതും പറയുന്നത് ചെയ്യാത്തതുമായ പുതിയ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം തിരിച്ചറയാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്ന് പറഞ്ഞ് കമ്മുക്കുട്ടിക്ക വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ചൂടേറിയ സംഭാവനകളിലേക്ക് ചേക്കേറുകയായി.



