പാലക്കാട്: കാഴ്ചപരിമിതികളെയും ജീവിതദുരിതങ്ങളെയും മനക്കരുത്തുകൊണ്ട് കീഴടക്കി യു.എം. നിധിന്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. ജന്മനാ 75 ശതമാനത്തോളമുള്ള കാഴ്ചപരിമിതിയെയാണ് ഈ യുവാവ് തന്റെ കഠിനാധ്വാനത്താല്‍ മറികടന്നത്.
കോഴിക്കോട് കക്കോടി മേടക്കുന്ന മലയില്‍ ഊരാളിമീത്തല്‍നിവാസില്‍ പരേതനായ രാമകൃഷ്ണന്റെയും എം ബേബിയുടെയും രണ്ടാമത്തെ മകനാണ് നിധിന്‍(30).
ലോട്ടറിവിറ്റും കോഴിക്കടയില്‍ പണിയെടുത്തുമായിരുന്നു നിധിന്റെ പഠനവും പി.എസ്.സി. പരീക്ഷാപരിശീലനവും. ഒടുവില്‍, കാഞ്ചിക്കോട്ടുള്ള കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (കാംകോ) പ്യൂണായി ജോലിനേടിയ നിധിന്‍ തിങ്കളാഴ്ച അമ്മാവന്‍ ഷാജിയോടൊപ്പം ഓഫീസിലെത്തി ജോലിയില്‍ പ്രവേശിച്ചു.




