70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികള്‍; ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു

HIGHLIGHTS : 699 candidates in 70 constituencies; Elections begin in Delhi

ദില്ലി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവില്‍ ഡല്‍ഹി ജനത ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 3000 ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടര്‍മാരാണ് ദില്ലിയിലുള്ളത്.

രാവിലെ 7 മണി മുതല്‍ പോളിങ്ങ് ആരംഭിച്ചു. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും പ്രധാന പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. 220 അര്‍ധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യോഗസ്ഥരെയും ദില്ലിയില്‍ വിന്യസിച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

sameeksha-malabarinews

പോളിങ് സ്റ്റേഷനുകളിലെ തിരക്ക് അതേ സമയം അറിയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്യൂ മാനേജ്മെന്റ് സിസ്റ്റം ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. മൂന്നാം തവണയും അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി . ഡല്‍ഹി പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എ എ പിയും ഒരുമിച്ചായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രീവാളും കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി അദിഷിയും മത്സരിക്കുന്നു. എ എ പിയുടെ മനീഷ് സിസോദിയ ജംഗ്പുര സീറ്റില്‍ നിന്നും ഷക്കൂര്‍ ബസ്തിയില്‍ നിന്ന് സത്യേന്ദര്‍ കുമാര്‍ ജെയിനും ജനവിധി തേടുന്നു.

മൂന്നു പാര്‍ട്ടികളും വോട്ടര്‍മാര്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി വാഗ്ദാനം ചെയ്തിട്ടുണ്ട് . സ്ത്രീകള്‍ക്ക് 2100 രൂപ മുതല്‍ 2500 വരെ പ്രതിമാസ ഗ്രാന്റ്, പ്രായമായവര്‍ക്ക് സൗജന്യ ആരോഗ്യപരിരക്ഷ, സൗജന്യ വൈദ്യുതി യൂണിറ്റുകള്‍ എന്നിവയാണ് വാഗ്ദാനപ്പട്ടികയില്‍. സൗജന്യ ബസ് യാത്ര, യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഓട്ടോ- ടാക്സി ഡ്രൈവര്‍മാര്‍ക്കുമുള്ള പദ്ധതികള്‍, പൂജാരിമാര്‍ക്കുള്ള പ്രതിമാസ വേതനം എന്നിവയാണ് എ എ പി വാഗ്ദാനങ്ങളിലെ ഹൈലൈറ്റ്.

കോണ്‍ഗ്രസും ബി ജെ പിയും പാചകവാതക സിലിണ്ടര്‍ 500 രൂപയ്ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഗര്‍ഭിണികള്‍ക്ക് 21,000 രൂപ ബി ജെ പി വാഗ്ദാനം ചെയ്യുമ്പോള്‍ തൊഴില്‍രഹിതര്‍ക്ക് പ്രതിമാസം 8500 രൂപയാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!