Section

malabari-logo-mobile

46 പുതിയ സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ചു; 79 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് തുടക്കമായി

HIGHLIGHTS : 46 new government school buildings handed over ; Construction of 79 school buildings begins

സംസ്ഥാനത്ത് പുതിയതായി നിർമിച്ച 46 സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ചു. 79 സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് തുടക്കവുമായി. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിൽ നിർവഹിച്ചു.
രണ്ടു ഘട്ടങ്ങളിലായി 124 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 എണ്ണത്തിന്റെ ശിലാസ്ഥാപനവും നേരത്തെ നടന്നിരുന്നു. സംസ്ഥാന സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തലയുയർത്തിപ്പിടിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സമൂഹത്തിൽ വലിയ ആത്മവിശ്വാസം ഉണ്ടാക്കി. പൊതുവിദ്യാലയങ്ങളുടെ അഭിവൃദ്ധി മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ വളർത്താൻ ഉപകരിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും മറ്റു മൂന്നു മിഷനുകളും പ്രഖ്യാപിച്ച വേളയിൽ ഇതിലെന്താണ് കാര്യമെന്ന് ചിന്തിച്ച അപൂർവം ചിലരുണ്ട്. എന്നാൽ നാടിന്റെയാകെ സഹകരണത്തോടെ അവരുടെയൊക്കെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടം പൊതുവിദ്യാഭ്യാസ മേഖലയിൽ കൈവരിക്കാനായി. കഴിഞ്ഞ നാലര വർഷത്തിനിടെ നിരവധി ക്‌ളാസ് മുറികൾ ഹൈടെക്കായി. സ്‌കൂൾ ലാബുകൾ നവീകരിക്കപ്പെട്ടു. അധ്യായനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി. പൊതുവിദ്യാലയങ്ങളിൽ നിന്നകന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ വീണ്ടും ആകർഷിക്കാനായി.
കേരളീയ സമൂഹം കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പരിഗണനയാണ് നൽകുന്നത്. നാലരവർഷം മുമ്പ് വരെ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ മടിച്ചിരുന്നു. നാട്ടിലുണ്ടായ പൊതുവായ മാറ്റങ്ങൾ സ്‌കൂളുകളിലുണ്ടാകാതിരുന്നതാണ് കാരണം. അക്കാഡമിക് തലത്തിലുണ്ടായ മുന്നേറ്റമാണ് നീതി ആയോഗിന്റെ പഠനത്തിൽ കേരളത്തെ ഒന്നാമതെത്തിച്ചത്. ഇത് നാടാകെ ആഗ്രഹിച്ച കാര്യമാണ്. ഇത് നിലനിർത്തണമെന്നും മുന്നോട്ടു പോകണമെന്നുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
46 വിദ്യാലയങ്ങളിൽ അഞ്ച് കോടി കിഫ്ബി ധനസഹായത്തോടെയുളള ആറ് വിദ്യാലയങ്ങളും മൂന്ന് കോടി കിഫ്ബി ധനസഹായത്തോടെയുളള ആറ് സ്‌കൂളുകളും, നബാർഡ്, പ്ലാൻ ഫണ്ട്, സമഗ്രശിക്ഷ കേരളം, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച 34 വിദ്യാലയങ്ങളുമുണ്ട്. ഇതിൽ പൈതൃക സംരക്ഷണ പദ്ധതിയിൽപ്പെടുത്തി പുനർനിർമ്മാണം നടത്തിയ അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്‌കൂളും ഉൾപ്പെടുന്നു. ശിലാസ്ഥാപനം നടത്തുന്ന 79 വിദ്യാലയങ്ങളിൽ കിഫ്ബി ധനസഹായത്തോടെ കില എസ്.പി.വിയായ 41 വിദ്യാലയങ്ങൾ, മറ്റു എസ്.പി.വികൾ നിർമ്മാണച്ചുമതലയുളള അഞ്ച് വിദ്യാലയങ്ങൾ, നബാർഡ്, പ്ലാൻ ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി 33 വിദ്യാലയങ്ങൾ ഉൾപ്പെടുന്നു.
പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി. എം. തോമസ് എസക്ക് മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ എ. കെ. ബാലൻ, പി. തിലോത്തമൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!