
കൊച്ചി: ആലുവയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് നാല്‍പ്പത് പവന്‍ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം മൂന്ന് പ്രതികള്‍ പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം അണ്ടൂര്‍ക്കോണം സ്വദേശി നസീര്‍, കൊല്ലം പുനലൂര്‍ സ്വദേശി റജീന, തൊളിക്കോട് സ്വദേശി ഷഫീക്ക് എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണവും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെത്തി
കഴിഞ്ഞ നോമ്പ് കാലത്തായിരുന്നു ആലുവ തോട്ടുമുഖത്തെ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച നടന്ന വീടിനോട് ചേര്‍ന്ന് ഇതേ പ്രവാസിയുടെ ഉടമസ്ഥതയില്‍ ഒരു അച്ചാര്‍ കമ്പനി പ്രവര്‍ത്തിച്ചിരുന്നു. ഇവിടുത്തെ ജീവനക്കാരനും സുഹൃത്തുക്കളുമാണ് പിടിയിലായത്. നേരത്തെ ഗള്‍ഫില്‍ ഉണ്ടായിരുന്നപ്പോള്‍ അവിടെ വെച്ചുള്ള പരിചയത്തിന്റെ പേരിലാണ് പ്രവാസി, നസീറിന് തന്റെ അച്ചാര്‍ കമ്പനിയില്‍ ജോലി നല്‍കിയത്.
കമ്പനിയില്‍ ജോലി ചെയ്തു വരവെ ഏപ്രില്‍ ഒന്നാം തീയതി നോമ്പുതുറക്കാനായി നസീറിനെ വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് പണവും, ആഭരണങ്ങളും കാണാതായത്. കവര്‍ച്ചയ്ക്ക് പിന്നാലെ നസീര്‍ മുങ്ങുകയായിരുന്നു. ആലുവ സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം ദിവസങ്ങളോളം പ്രതിയെ നീരീക്ഷിച്ച ശേഷമാണ് പിടികൂടിയത്.
നസീര്‍ കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ചവരാണ് റജീനയും, ഷഫീക്കും. മോഷണ മുതലുകള്‍ ഉപയോഗിച്ച് ഇവര്‍ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. നസീറിനെതിരെ തിരുവനന്തപുരം ജില്ലയില്‍ വേറെയും കേസുകളുണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




