
ധാക്ക: തെക്കൻ ബംഗ്ലാദേശിൽ യാത്രയ്ക്കിടെ ബോട്ടിന് തീപിടിച്ച് 39 പേർ മരിച്ചു. നൂറിലധികം ആളുകൾക്ക് പരിക്കേറ്റു. തെക്കൻ ബംഗ്ലാദേശിലെ സുഗന്ധ നദിയിൽ ഓടിക്കൊണ്ടിരുന്ന ബോട്ടിനാണ് ആണ് തീപിടിച്ചത്. അപകടസമയത്ത് 500 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.
ആദ്യം തീപിടുത്തമുണ്ടായത് ബോട്ട് എൻജിൻ മുറിയിലാണ്. തീ പിടിച്ചതോടെ ആളുകൾ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. നിരവധിപേരെ കാണാനില്ലെന്നും ചിലർ മുങ്ങിമരിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.
ധാക്കയിലെ ബർഗുണയിലേക്ക് പുറപ്പെട്ട മൂന്നു നിലയുള്ള എം വി അഭിജൻ – 10 എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ഹംദ് ലാൽ ശൈഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് തീപിടുത്തത്തിന് ഇരയായത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. യാത്രക്കാരിൽ അധികപേരും ഉറക്കത്തിലായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.



