HIGHLIGHTS : 33 percent reservation for women: Union Cabinet approves Women's Reservation Bill
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രധാന മന്ത്രിസഭാ യോഗത്തിലാണ് വനിതാ സംവരണ ബില്ലിന് അനുമതി നല്‍കിയത്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം നടന്ന മന്ത്രിസഭ യോഗത്തിലാണ് വനിത സംവരണ ബില്ലിന് അംഗീകാരം ലഭിച്ചത. അതേസമയം മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ പതിവ് പത്രസമ്മേളനം ഒഴിവാക്കിയതിനാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായുള്ള ആദ്യ സമ്മേളനത്തിന് ശേഷം വൈകിട്ട് 6.30നാണ് മന്ത്രിസഭ യോഗം വിളിച്ചത്. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് പ്രസ്തുത ബില്‍. രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കള്‍ ഈ സുപ്രധാന ബില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം പ്രഖ്യാപിച്ചതു മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു വനിതാ സംവരണ ബില്‍. ഇതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.


അതേസമയം പാര്‍ട്ടിയുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു വനിതാ സംവരണബില്‍ എന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സ്വാഗതം ചെയ്തു. ‘പ്രത്യേക സമ്മേളനത്തിന് മുമ്പുള്ള സര്‍വകക്ഷി യോഗത്തില്‍ വനിതാ സംവരണ ബില്‍ ചര്‍ച്ചയ്ക്ക് എടുക്കാമായിരുന്നു. പ്രസ്തുത ബില്ലിനെ സംബന്ധിച്ചുള്ള ഇരുമ്പുമറ നീക്കി മറ്റു അഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊള്ളാമായിരുന്നു’- ജയറാം രമേശ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, പിയൂഷ് ഗോയല്‍, പ്രഹ്‌ളാദ് ജോഷി, എസ് ജയശങ്കര്‍, നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍, നിതിന്‍ ഗഡ്കരി, അര്‍ജുന്‍ റാം മേഘ്വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.