29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

HIGHLIGHTS : 29th Kerala International Film Festival begins today; Chief Minister to inaugurate

careertech

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) ഇന്ന്  തിരിതെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നടി ശബാന ആസ്മി വിശിഷ്ടാതിഥിയാകും.

ഹോങ്കോങ്ങില്‍ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. തുടര്‍ന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റില്‍ ഹിയര്‍’ പ്രദര്‍ശിപ്പിക്കും. വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനം ചെയ്ത പോര്‍ച്ചുഗീസ് ചിത്രം ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.

sameeksha-malabarinews

പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍, വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, സാംസ്‌കാരിക വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം, ജൂറി ചെയര്‍പേഴ്സണ്‍ ആനിയസ് ഗൊദാര്‍ദ്, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തകക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി. ആര്‍. ജേക്കബ്, അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി അരങ്ങേറും.

ഡിസംബര്‍ 20 വരെ 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളുണ്ട്. മലയാള സിനിമ ടുഡേ, ഇന്ത്യന്‍ സിനിമ നൗ, ലോകസിനിമ, ഫെസ്റ്റിവല്‍ ഫേവറിറ്റ്സ്, കണ്‍ട്രി ഫോക്കസ്, റെട്രോസ്പെക്റ്റീവ്, ‘ദ ഫിമേല്‍ ഗെയ്സ്’, ലാറ്റിനമേരിക്കന്‍ സിനിമ, കലൈഡോസ്‌കോപ്പ്, മിഡ്നൈറ്റ് സിനിമ, അനിമേഷന്‍, റെസ്റ്റോര്‍ഡ് ക്ളാസിക്സ്, ഹോമേജ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ 177 സിനിമകള്‍ പ്രദര്‍ശനത്തിനുണ്ട്. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്ടര്‍, അരവിന്ദന്‍ സ്മാരക പ്രഭാഷണം, പാനല്‍ ഡിസ്‌കഷന്‍ എന്നിവയും ഉണ്ടാകും.

13,000ല്‍പ്പരം ഡെലിഗേറ്റുകളും 100ഓളം ചലച്ചിത്രപ്രവര്‍ത്തകരും മേളയിലെത്തും. തിയേറ്ററുകളില്‍ ആകെ സീറ്റിന്റെ 70 ശതമാനം റിസര്‍വേഷന്‍ ചെയ്തവര്‍ക്കും 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കുമായാണ് പ്രവേശനം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യൂ നില്‍ക്കാതെ പ്രവേശനം ലഭിക്കും. ഡെലിഗേറ്റുകള്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് ഇ-ബസുകള്‍ പ്രദര്‍ശനവേദികളെ ബന്ധിപ്പിച്ചുകൊണ്ട് സൗജന്യ സര്‍വീസ് നടത്തും.

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ചടങ്ങ് ഡിസംബര്‍ 14 ന് വൈകിട്ട് ആറു മണിക്ക് നിള തിയേറ്ററില്‍ സംഘടിപ്പിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയിലെ ആറു പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യും. മേളയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവര്‍പ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് എക്സിബിഷന്‍ ‘സിനിമാ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്’ ഡിസംബര്‍ 14 മുതല്‍ ടാഗോര്‍ തിയേറ്ററില്‍ നടക്കും. സംവിധായകന്‍ ടി.കെ രാജീവ് കുമാറാണ് ക്യുറേറ്റര്‍. മലയാള സിനിമയുടെ തിരശീലയില്‍ തിളങ്ങിയ മുതിര്‍ന്ന നടിമാരെ സാംസ്‌കാരിക വകുപ്പു മന്ത്രി ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ ഡിസംബര്‍ 15 ഞായറാഴ്ച വൈകിട്ട് 6.30ന് മാനവീയം വീഥിയില്‍ നടക്കും. തുടര്‍ന്ന് ഇവരുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സംഗീതപരിപാടിയും ഉണ്ടായിരിക്കും. മാനവീയം വീഥിയില്‍ ഡിസംബര്‍ 14 മുതല്‍ 19 വരെ വൈകിട്ട് 6.30ന് കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.

ഡിസംബര്‍ 20ന് നടക്കുന്ന സമാപനച്ചടങ്ങില്‍ സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ. ആര്‍. മോഹനന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. സമാപനച്ചടങ്ങിനു മുന്നോടിയായി രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ കച്ചേരി നടക്കും.

വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!