Section

malabari-logo-mobile

കല്യാണ ചടങ്ങില്‍ പങ്കെടുത്ത 170 പേര്‍ക്ക് ഭക്ഷ്യവിഷബാധ; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം; ഡി.എം.ഒ

HIGHLIGHTS : 170 people who participated in the wedding got food poisoning; The public should exercise caution; D.M.O

മലപ്പുറം ജില്ലയില്‍ പാലപ്പെട്ടി പഞ്ചായത്തില്‍ കല്യാണ ചടങ്ങില്‍ പങ്കെടുത്ത 170 പേര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. മലപ്പുറം പെരുമ്പടപ്പിലാണ് ഭക്ഷ്യവിഷബാധയേറ്റ് 140ഓളം പേര്‍ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം എരമംഗലത്ത് ഓഡിറ്റോറിയത്തില്‍ നടന്ന അയിരൂര്‍ സ്വദേശിയുടെ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പനിയും ഛര്‍ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഈ കല്യാണ പരിപാടിക്ക് ഉപയോഗിച്ച കിണറിലെ വെള്ളത്തില്‍ നിന്നോ പുറത്തുനിന്നും വാങ്ങി ഉപയോഗിച്ച വെള്ളത്തില്‍ നിന്നോ ആണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് നിഗമനം. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും അപകടനില തരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ മാറഞ്ചേരി ആരോഗ്യ ബ്ലോക്കിന് കീഴില്‍ തീരദേശ മേഖലയില്‍ ഒരു മാസത്തിനുള്ളില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഭക്ഷ്യ വിഷബാധയുണ്ടാകുന്നത്. അതുകൊണ്ട് നിരവധി ആളുകള്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ എല്ലാവരും പ്രത്യേകിച്ച് തീരദേശ മേഖലയിലുള്ളവരും ഭക്ഷ്യ വിഷബാധക്കെതിരെ ജാഗ്രതപാലിക്കണം.

sameeksha-malabarinews

ഭക്ഷ്യവിഷബാധക്കെതിരെയും ജലജന്യ രോഗങ്ങള്‍ക്കെതിരെയും പ്രതിരോധ നടപടി സ്വീകരിക്കുന്നതിനായി വിവാഹ സത്കാരങ്ങളും മറ്റു ആഘോഷ പരിപാടികളും നടത്തുമ്പോള്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കേണ്ടതും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തേടേണ്ടതുമാണ്. തുടര്‍ന്നും ഇതുപോലെയുള്ള പരിപാടികളില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകുകയാണെങ്കില്‍ പൊതുജനാരോഗ്യ നിയമപ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശിപാര്‍ശ ചെയ്യും.

ജനങ്ങള്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ മാലിന്യ സംസ്‌കരണ സംവിധാനം ശാസ്ത്രീയമല്ലാത്തതിനാല്‍ കിണറുകളിലെ കുടിവെള്ളവും മലിനപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കിണറുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക. കടകളില്‍ നിന്നും ഐസ് വാങ്ങി ഉപയോഗിക്കുമ്പോള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികളില്‍നിന്നും മാത്രം വാങ്ങി ഉപയോഗിക്കുക. ശീതള പാനീയങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികളുടെ വെള്ളം മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. അടുക്കള, സ്റ്റോര്‍ റൂം, മറ്റ് ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളില്‍ വേണ്ടത്ര ശുചിത്വം പാലിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുകയോ പഴകിയതും ഉപയോഗ ശൂന്യവുമായതുമായ ഭക്ഷണപഥാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്.

കൂടാതെ മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെയും നാം ജാഗ്രത പാലിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധ പോലെ തന്നെ ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം ശാസ്ത്രീയമായ കൈകഴുകല്‍ ജലജന്യരോഗങ്ങളേ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ഡി.എം.ഒ വ്യക്തമാക്കി.

വയറിളക്ക രോഗങ്ങള്‍ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാല്‍ രോഗിയുടെ ജീവന് ഭീഷണിയാകും. കുട്ടികള്‍ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!