Section

malabari-logo-mobile

1653 പ്രൈമറി അധ്യാപകര്‍ക്ക് താല്‍ക്കാലികമായി പ്രധാനാധ്യാപക പ്രമോഷന്‍ നല്‍കിയതിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പ് സാധ്യമാക്കുന്നത് ആയിരത്തില്‍പ്പരം പി എസ് സി നിയമനങ്ങള്‍

HIGHLIGHTS : 1653 The Department of Public Instruction facilitates over a thousand PSC appointments by giving temporary headmaster promotions to primary teachers.

സംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകര്‍ക്ക് താല്‍ക്കാലികമായി പ്രധാനാധ്യാപക പ്രമോഷന്‍ നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. നിയമക്കുരുക്കില്‍പ്പെട്ട പ്രമോഷന്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19 മാസത്തോളം അടഞ്ഞുകിടന്ന വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

ഈ പ്രൊമോഷനുകള്‍ നല്‍കുമ്പോള്‍ ആയിരത്തില്‍പരം തസ്തികകള്‍ ഒഴിഞ്ഞു കിടക്കും. ഈ തസ്തികളിലേക്ക് പി എസ് സി വഴി പുതിയ നിയമനം നടത്താം.540 തസ്തികകള്‍ വകുപ്പ് പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തുകഴിഞ്ഞു. ആയിരത്തില്‍ പരം തസ്തികകളില്‍ ബാക്കി വരും ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ട് ഇടപെടുകയായിരുന്നു. ഇതിന്റെ ഗുണഫലം സ്‌കൂളുകള്‍ക്ക് മാത്രമല്ല ആയിരത്തില്‍പരം കുടുംബങ്ങള്‍ക്കും ലഭിക്കും.

sameeksha-malabarinews

സംസ്ഥാനത്തെ എല്‍പി /യുപി/ ഹൈസ്‌കൂള്‍ പ്രധാനാധ്യാപക പ്രമോഷന് 50 വയസ്സ് പൂര്‍ത്തിയായ അധ്യാപകര്‍ക്ക് വകുപ്പുതല പരീക്ഷകള്‍ പാസാകണം എന്ന നിബന്ധനയില്‍ കാലങ്ങളായി ഇളവ് നിലനില്‍ക്കുന്നുണ്ടായിരുന്നു. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2011 ല്‍ സംസ്ഥാനത്ത് ചട്ടങ്ങള്‍ രൂപീകരിച്ചപ്പോള്‍ പ്രധാനാധ്യാപക നിയമത്തിന് വകുപ്പ് തല പരീക്ഷ പാസാകണം എന്ന നിബന്ധന ഉള്‍പ്പെടുത്തി. വിദ്യാഭ്യാസ അവകാശനിയമം പ്രൈമറി വിദ്യാഭ്യാസത്തിന് മാത്രമാണ് ബാധകം എന്നതിനാല്‍ ഈ ഒരു വ്യവസ്ഥ എല്‍പി/യുപി പ്രധാനാധ്യാപക നിയമനത്തിന് മാത്രമാണ് ബാധകമായിട്ടുള്ളത്.

എന്നാല്‍ 50 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മുന്‍പ് നിലവിലുണ്ടായിരുന്നതുപോലെതന്നെ സ്ഥാനക്കയറ്റം നല്‍കി വരികയും ഈ നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്യപ്പെടുകയും ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒന്നിലധികം ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ അവസാനം ഇറങ്ങിയ ഉത്തരവ് പ്രകാരം 50 വയസ്സ് പൂര്‍ത്തിയായ അധ്യാപകര്‍ക്ക് വകുപ്പുതല പരീക്ഷ പാസാകണം എന്ന നിബന്ധനയില്‍ 2019 ഫെബ്രുവരി 22 മുതല്‍ മൂന്നുവര്‍ഷം വരെ ഇളവ് അനുവദിച്ച് ഉത്തരവായിരുന്നു. ഈ ഉത്തരവ് കേരള ഹൈക്കോടതി മരവിപ്പിച്ചു. പ്രൈമറി പ്രധാന അധ്യാപക പ്രമോഷന് വകുപ്പുതല പരീക്ഷ പാസ്സാകാത്തവരെ പരിഗണിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെ 50 വയസ് പിന്നിട്ടതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ അന്തിമ വിധി വന്നിട്ടില്ല.

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വ്യവസ്ഥകള്‍ക്ക് വിധേയമായി സീനിയോറിറ്റി അടിസ്ഥാനമാക്കി താത്കാലിക പ്രധാനാധ്യാപക പ്രൊമോഷന്‍ നല്‍കുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ പ്രൈമറി പ്രധാനാധ്യാപക പ്രമോഷന്‍ ഉത്തരവിറക്കി അധ്യാപകരെല്ലാം തന്നെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഈ നടപടികള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മൂന്നാഴ്ച കാലത്തേക്ക് സ്റ്റേ ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഫയല്‍ചെയ്ത അപ്പീലില്‍ കേരള ഹൈക്കോടതി സ്റ്റേ ഒഴിവാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!