സ്വിഫ്റ്റിന് 113 ഇ-ബസുകള്‍ കൂടി; 60 ബസുകള്‍ മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു, ദീര്‍ഘദൂര റൂട്ടില്‍ രണ്ടു ഹൈബ്രിഡ് ഹൈടെക് ബസുകള്‍, തലസ്ഥാനത്തു 163 ഹരിത ബസുകള്‍

സമഗ്ര നഗരവികസന നയമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘അതിവേഗം നഗരവല്‍കരിക്കപ്പെടുന്ന കേരളത്തില്‍ നവകേരള നഗരനയം രൂപവല്‍കരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്,’ തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 113 ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് കൈമാറുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആദ്യഘട്ടമായി 60 ഇ-ബസുകളാണ് തിരുവനന്തപുരം ചാല ഗവണ്മെന്റ് മോഡല്‍ ബോയ്സ് സ്‌കൂള്‍ മൈതാനത്തു മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്.

നവകേരള നഗരനയം നടപ്പാക്കാന്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിദഗ്ധര്‍, അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും കമ്മീഷന്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നഗരനയത്തിന്റ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ അന്താരാഷ്ട്ര വിദഗ്ധരുടെ സഹായം തേടും. നഗര പുനരുജ്ജീവനം, നഗര സൗന്ദര്യവല്‍ക്കരണം എന്നിവയ്ക്ക് 300 കോടി രൂപ പ്രാരംഭചെലവ് വരും. ഇതിന്റെ ആദ്യ ഗഡുവായ 100 കോടി രൂപ കിഫ്ബി മുഖേന നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നഗരത്തിലെ അടിസ്ഥാനസൗകര്യ വികസനം മാത്രമല്ല നഗരവാസികളുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും. അതിന്റെ ഭാഗമായാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. നമ്മുടെ ഗതാഗത സംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെക്കാള്‍ 40 ശതമാനം താഴെയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ കാലത്തു വേഗതയേറിയ ഗതാഗത സംവിധാനം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. അതിനാല്‍ നൂതന ഗതാഗത സംവിധാനം നമുക്ക് ഒരുക്കേണ്ടതുണ്ട്. അതു പരിസ്ഥിതി സൗഹൃദമായിരിക്കുകയും വേണം.

വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണെന്നും അത്രയേറെ പേര്‍ കേരളത്തില്‍ വേഗതയേറിയ സംവിധാനം ഉപയോഗിക്കുന്നതിനാല്‍ സംസ്ഥാനം പൊതുവെ എങ്ങിനെ ചിന്തിക്കുന്നുവെന്നു വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 113 ഹരിത ബസുകള്‍ തിരുവനന്തപുരം നഗരത്തില്‍ ഓടാന്‍ തുടങ്ങുന്നതോടെ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാകും.

പരിപാടിയില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം. ബി രാജേഷ് അധ്യക്ഷത വഹിച്ചു. 113 ഇ-ബസുകള്‍ തലസ്ഥാന നഗരിക്കുള്ള ഓണസമ്മാനം ആണെന്ന് അദ്ദേഹം പറഞ്ഞു. 1135 കോടി രൂപയുടെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ 500 കോടി വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും 135 കോടി തിരുവനന്തപുരം കോര്‍പ്പറേഷനും ആണ് വഹിക്കുന്നത്. 104 കോടി രൂപ ചെലവിലാണ് ഇ-ബസുകള്‍ വാങ്ങുന്നത്. നിലവില്‍ 50 ഇ-ബസുകള്‍ തിരുവനന്തപുരത്ത് സിറ്റി സര്‍വീസായി ഓടുന്നുണ്ട്. ഇതോടെ തലസ്ഥാനനഗരിയിലെ മൊത്തം കെ. എസ്.ആര്‍.ടി.സി ഇ-ബസുകളുടെ എണ്ണം 163 ആകും.

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ആദ്യമായി നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള രണ്ടു സീറ്റര്‍ കം സ്ലീപ്പര്‍ ഹൈബ്രിഡ് ഹൈടെക് ബസുകളുടെ ഫ്‌ലാഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇ-ബസ്, ഹൈബ്രിഡ് ബസ് എന്നിവയുടെ മിനിയേച്ചര്‍ രൂപങ്ങള്‍ യഥാക്രമം ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ ഏറ്റുവാങ്ങി. ആദ്യ ഇ-ബസിന്റെയും ഹൈബ്രിഡ് ബസിന്റെയും താക്കോല്‍ദാനം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. സര്‍ക്കുലര്‍ സര്‍വീസ് ചിഹ്നം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പ്രകാശനം ചെയ്തു. ഐ.ടി അധിഷ്ഠിത സേവനങ്ങളുടെ ആപ്പ്-മാര്‍ഗദര്‍ശിയുടെ പ്രകാശനം ഡെപ്യൂട്ടി മേയര്‍ പി. കെ രാജു നിര്‍വഹിച്ചു. സിറ്റി സര്‍ക്കുലര്‍ ബസുകളുടെ തല്‍സമയ സഞ്ചാര വിവരം അറിയാനുള്ള ‘എന്റെ കെ.എസ്.ആര്‍.ടി.സി’ നീയോ ബീറ്റാ വേര്‍ഷന്റെ പ്രകാശനവും നടന്നു. മേയര്‍ ആര്യ രാജേന്ദ്രന്‍, കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top