Section

malabari-logo-mobile

ഹിമാലയം വിളിക്കുന്നു

HIGHLIGHTS : സ്വപ്നം യാഥാര്‍ത്ഥ്യം ആക്കാനുള്ള സഞ്ചാരം ആയിരുന്നു അത്. സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ ഹിമാലയത്തിലേക്ക്.

   സുര്‍ജിത്ത് അയ്യപ്പത്ത്‌

    സ്വപ്നം യാഥാര്‍ത്ഥ്യം ആക്കാനുള്ള സഞ്ചാരം ആയിരുന്നു അത്. സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ ഹിമാലയത്തിലേക്ക്. രണ്ടു മാസം മുന്‍പ് യാത്ര തീരുമാനിക്കുന്നതിന് മുന്‍പേ തുടങ്ങിയ ഒരുക്കമാണ്. ഒരര്‍ത്ഥത്തില്‍ സുഖമുള്ളൊരു കാത്തിരിപ്പ്‌ തന്നെ ആയിരുന്നു. യാത്രക്കാരായി ഞങ്ങള്‍ ഒന്‍പതു പേര്‍. തൃശൂര്‍ സ്വപ്നത്തിലെ എലിസബത്ത്‌ ചേച്ചി. അവര്‍ ഒരേ ഭൂമി ഒരേ ജീവന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകയും അറിയപ്പെടുന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകയുമാണ്. എഴുത്തുകാരി അനോണ സരോ, എന്റെ സുഹൃത്തും തൃശ്ശൂരിലെ ടി.സി.വി ചാനല്‍ റിപ്പോര്‍ട്ടര്‍ കൂടി ആയ സുബൈര്‍. കേരളീയം മാസികയുടെ എഡിടര്‍ റോബിന്‍, പിന്നെ സ്ഥിരം യാത്ര സംഘത്തിലെ പോളേട്ടന്‍, ഭാര്യ സീബ ചേച്ചി, അവരുടെ മകന്‍ പ്രതുല്‍ ജോസഫ്, ഇടതു പക്ഷഏകോപന സമിതി തൃശൂര്‍ ജില്ല കമ്മറ്റി അംഗം ശ്രീനിവാസന്‍ ചൂരക്കാട്ടുകര ഇത്രയും പേരാണ് യാത്ര അംഗങ്ങള്‍.

sameeksha-malabarinews

 

ഡല്‍ഹിയില്‍ നിന്നും ബഷീര്‍ മാഷ്‌ ഒപ്പം ചേരുന്നുണ്ട്.സമയം നാലേ മുക്കാലോടടുത്. റെയില്‍വെ സ്റ്റേഷനില്‍ ഓരോരുത്തരായി എത്തി തുടങ്ങിയിരിക്കുന്നു. സ്റ്റേഷനില്‍ എത്തുമ്പോള്‍ കാണുന്ന കാഴ്ച രസകരം ആയിരുന്നു. ലഗേജ് ബാഗുകള്‍ക്ക് പുറമേ കുറെ സഞ്ചികളില്‍ പച്ചക്കറികള്‍, അവില്‍ കിഴികള്‍, അപ്പം മുതല്‍ അണ്ടി പരിപ്പ് വരെയുള്ള ചെറു പാക്കറ്റുകള്‍ കൂടാതെ പോളേട്ടന്‍ വക നാലഞ്ചു വലിയ ചക്കകള്‍. ഹിമാലയത്തില്‍ പോകുന്നത് പച്ചക്കറി കച്ചവടത്തിനോ എന്ന് പോലും സുബൈര്‍ ആശങ്ക പ്രകടിപ്പിച്ചു. അഞ്ച് ഇരുപതിന് തന്നെ കേരള എക്സ്പ്രസ്സ്‌ റയില്‍വെ സ്റ്റേഷന്‍ലെ രണ്ടാം നമ്പര്‍ ഫ്ലാറ്റ് ഫോമില്‍ എത്തി. പിന്നെ ഓരോരുത്തരായി റിസര്‍വ്ഡ് സീറ്റുകളിലേക്ക്. ട്രെയിന്‍ ഇരമ്പി തുടങ്ങി. പുറത്തു വട്ടോളി അച്ഛനും, ഡോ: ബ്രഹ്മ പുത്രനും , അശോകേട്ടനും, കുട്ടേട്ടനും, ശരത് മാഷും, സബന ചേച്ചിയും അടങ്ങുന്ന സംഘം ഞങ്ങള്‍ക്ക് യാത്ര മംഗളങ്ങള്‍ നേര്‍ന്നു. പതിനഞ്ചു ദിവസം ആണ്ആകെ യാത്രക്കായി വരുന്നത്. ട്രെയിന്‍ കുതിച്ചു പായുകയാണ്. വടക്കാഞ്ചേരിയും വള്ളത്തോള്‍ നഗറും കടന്ന്.

 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ലൈല കൊടുങ്കാറ്റ് ആന്ധ്ര പ്രദേശിന്റെ തീരത്തേക്ക് ആഞ്ഞടിക്കുമെന്നും, ട്രെയിന്‍ വൈകാന്‍ ഇടയുണ്ടെന്നും ആരൊക്കെയോ അടക്കം പറയുന്നത് കേട്ടു. ഇരുണ്ടു തുടങ്ങിയ കാഴ്ചകള്‍ക്ക് നിറം പകര്‍ന്ന് പാലക്കാട്‌ ജങ്ങ്ഷന്‍ എന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ട്രെയിന്‍ പതുക്കെ പതുക്കെ കിതച്ചു നിന്നു. പുറത്ത് പട്ടാമ്പി കൊപ്പം അഭയത്തിലെ ഹിമാലയ യാത്രഅംഗങ്ങള്‍.  ഞങ്ങളുടെ നാല് കൊച്ച് പിറകിലാണ് അവരുടെ ഇരിപ്പിടങ്ങള്‍. കൃഷ്ണേട്ടനും ബഷീര്‍മാഷും അവര്‍ക്ക് നേതൃത്വം നല്‍കുന്നു. കൃഷ്ണേട്ടന്‍ വി.ടി.ഭട്ടതിരിപ്പാടിന്റെ സാമുഹ്യ പരിഷ്ക്കരണ പ്രസ്ഥാനത്തില്‍ പോരാട്ടം നയിച്ച ആര്യ പള്ളത്തിന്റെ ചെറുമകന്‍ ആണ്. പള്ളത്ത് മന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് എഴുതി കൊടുത്ത് അഭയത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് കൃഷ്ണേട്ടനും കുടുംബവും കഴിയുന്നത്‌. മകള്‍ അമ്മുവും, മകന്‍ അപ്പുവും എസ്.എഫ്.ഐ. നേതാക്കള്‍ ആണ്.

 

 

ബഷീര്‍ മാഷ്‌ റിട്ടയര്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ആണ്. മണ്ണാര്‍ക്കാട് ആണ് വീട്. സുജീവനം കുന്തി പുഴയുടെ തീരത്ത്. മണ്ണും ജലവും, വായുവും സംരക്ഷിക്കുക എന്ന സന്ദേശം സമൂഹത്തിനു പകരുക എന്ന ഉദ്ദേശം കൂടി യാത്രക്കുണ്ട്. അന്‍പതോളം പേര്‍ അടങ്ങുന്നതാണ് അഭയത്തിന്റെ സംഘം. ട്രെയിന്‍ ചൂളം വിളിച്ചു തുടങ്ങി.നാടന്‍ പാട്ടുകളും, കവിതകളുമായി ഞങ്ങള്‍ ആരംഭിച്ചു. ഇതിനിടെ പ്രതുല്‍ ജോസഫ് എവിടെനിന്നോ സംഘടിപ്പിച്ച പാട്ട് പുസ്തകവുമായി എത്തി. പിന്നെ പഴയ സിനിമ പാട്ടുകളുമായി അനോണ-സീബ ചേച്ചിമാര്‍ തകര്‍ത്തു കയറി. ഞങ്ങളുടെ ബോഗി സംഗീത സാന്ദ്രമായി. ഒടുവില്‍ ഒരു പോലീസുകാരന്‍ വന്നാണ് പാട്ട് നിര്‍ത്തിച്ചത്. പിന്നെ എല്ലാവരും നിശബ്ദമായി അവരവരുടെ ബെര്‍ത്തുകളിലേക്ക്.

 

വെളിച്ചം വീണിരിക്കുന്നു. ട്രെയിന്‍ ആന്ധ്രയിലെ തിരുപ്പതിസ്റ്റേഷന്‍-ഇല്‍ എത്തി. മുഖം കഴുകുവാന്‍ ഞാന്‍ റെയില്‍ വേ പ്ലാറ്റ്ഫോമിലെക്കിറങ്ങി. ബാലാജി ക്ഷേത്രത്താല്‍ പുകള്‍പെറ്റ നഗരമാണ് തിരുപ്പതി. കുറെയാളുകള്‍ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ കിടന്നുറങ്ങുന്നുണ്ട്‌. ഒട്ടുമിക്കയാളുകളും തല മുണ്ഡനം ചെയ്തവര്‍. അതില്‍ ഏറിയ പങ്കും സ്ത്രീകളും കുട്ടികളുമാണ്. ട്രെയിന്‍ നീങ്ങി തുടങ്ങി. അടുത്ത സ്റ്റേഷന്‍ റെനിഗുണ്ടയാണ്. അത് കഴിഞ്ഞാല്‍ വിശാഖ പട്ടണം. ലൈല കൊടുങ്കാറ്റ് ആന്ധ്രയുടെ തീരങ്ങളില്‍ സംഹാര താണ്ഡവമാടിയിരിക്കുന്നു. അതുകൊണ്ട് ട്രെയിന്‍ റെനി ഗുണ്ടയില്‍ നിന്നും തിരിച്ചു വിടുകയാണ്. മണിക്കൂറുകള്‍ വൈകാനിടയുണ്ടെന്ന് പോളേട്ടന്‍ പറഞ്ഞു. സംഗതി സത്യമായി ആന്ധ്രയില്‍ നിന്നും കര്‍ണാടകയിലേക്കും തിരിച്ച് ആന്ധ്രയിലെ വാരംഗലിലേക്കും എത്തുവാനെടുത്ത സമയം ഞങ്ങളുടെ വിലപ്പെട്ട പത്തൊമ്പത് മണിക്കൂറുകള്‍.

 

കാലത്ത് തന്നെ കച്ചേരി തുടങ്ങി. തൃശൂര്‍ അല്ട്ടെര്‍മീഡിയ ഇക്കൊഷോപ്പില്‍ നിന്നും വാങ്ങിയ ടിക്ക്-ടിക്കും, സ്റ്റീല്‍ പ്ലൈറ്റുകളും, ഗ്ലാസ്സുകളും പക്കമേളം ഒരുക്കി. കച്ചേരി മൂത്തപ്പോള്‍ അടുത്തുള്ള കാബിനിലെ യാത്രക്കാരും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. ഇതിനിടെ ചക്കകള്‍ നെടുകെ പിളര്‍ന്നു. മാങ്ങകള്‍ക്ക് മുറിവേറ്റു. പലരുടെയും വായില്‍ കിടന്നു പാവം പച്ചക്കറികള്‍ പിടഞ്ഞു. ആന്ധ്രയില്‍ പ്രതീക്ഷിച്ച ചൂട് ഉണ്ടായിരുന്നില്ല. കാലാവസ്ഥ യാത്രക്ക് അനുകൂലമായിരുന്നു.


സമയം കാലത്ത് പതിനൊന്നു മണി. അപ്പോഴാണ്‌ ട്രെയിന്റെ ഉള്ളില്‍ വ്യത്യസ്തമായ ചില ശബ്ദങ്ങള്‍ കേട്ട് തുടങ്ങിയത്. തെലുംഗുവിലാണ് മൊഴി. സാരിയും ചുരിദാറും ധരിച്ച്- ചുണ്ടില്‍ ചായവും തേച്ച് പാട്ട് പാടിയെത്തുന്ന, തങ്ങളുടെ ഓരോ ചലനങ്ങളിലും തങ്ങളുടെ സ്ത്രൈണത പ്രദര്‍ശിപ്പിക്കാന്‍ ശ്രദ്ധിക്കുന്ന അഞ്ചാറു പേര്‍. അവര്‍ ഓരോ ഉത്തരേന്ത്യന്‍ യാത്രയിലുമുള്ള നിത്യ കാഴ്ചയാണ്. ഒരു അവകാശം പോലെ ഒരവകാശം പോലെ യാത്രക്കാര്‍ക്ക് മുന്നില്‍ കൈനീട്ടും. പണം നല്കാതവരോട് കയര്‍ക്കും, ശപിക്കും എന്നിട്ട് തിരിഞ്ഞു നടക്കും. “പൈസാ ലാവോ ഭായ്.. പൈസാ ലാവോ… ഡേയ്… പൈസ കൊട്രി… ” സത്യത്തില്‍ എനിക്ക് ഭയമാണ് തോന്നിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് നടത്തിയ ഒരു ഭോപാല്‍ യാത്രയാണ് എനിക്ക് ഓര്‍മയില്‍ വന്നത്. പണം ചോദിച്ചപ്പോള്‍ ഇല്ല എന്ന് ഞാന്‍ ആംഗ്യം കാണിച്ചു. മുഖത്ത് ഒരു അടിയും, തെറി വിളിയും ആയിരുന്നു ഫലം. ആ കയ്പ്പുള്ള ഓര്‍മ്മ എന്നെ ടോപ്പ് ബര്‍ത്തിലേക്ക് ചൂളാന്‍ പ്രേരിപ്പിച്ചു. അവര്‍ വന്നു പോകുന്നത് വരെ ടോപ്പ്‌ ബര്‍ത്തില്‍ കണ്ണുകള്‍ ഇറുക്കിയടച്ചു ഞാന്‍ ചൂളിയിരുന്നു. ആരൊക്കെയോ പൈസ കൊടുത്തപ്പോള്‍ ആ ഹിജഡ സംഘം തിരിച്ച് പോയി. ഓരോ യാത്രയിലും അധിക ചെലവ് വരുന്നത് ഭക്ഷണത്തിനും താമസത്തിനുമാണ്. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യങ്ങളില്‍ കുറെ നിയന്ത്രണങ്ങള്‍ വരുത്താന്‍ ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. ട്രെയിന്‍ ഭക്ഷണവും, ഹോട്ടല്‍ ഭക്ഷണവും പരമാവധി ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ആയിരുന്നു തീരുമാനം. കുറെ ഭക്ഷണ സാധനങ്ങള്‍ നാട്ടില്‍ നിന്നും കരുതിയതിനാല്‍ ആയിനത്തില്‍ ഞങ്ങള്‍ക്ക് ചെലവ് നന്നേ കുറവാണ് വന്നത്. തീരുമാനം ലംഘിച്ച ചിലര്‍ക്ക് ചെലവ് കൂടിയതുമുണ്ട്. ട്രെയിന്‍ പ്രയാണം തുടര്‍ന്നു. മൂന്നു രാത്രികളും രണ്ടു പകലുകളും ഇതിനിടെ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. വരാനിരിക്കുന്ന കാഴ്ചകളുടെ വസന്തം ഞങ്ങളുടെ ക്ഷീണത്തെ ഇല്ലാതാക്കി. ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള മഞ്ഞു കൂമ്പാരങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ തെളിയുന്നതും, അതിന്റെ ശീതളിമ ഉച്ച്വാസത്തെ ഊര്‍ജ്വസ്വലമാക്കുന്നതും ഞങ്ങള്‍ സ്വപ്നംകണ്ടു. യാത്രക്കിടയില്‍ ഒരു ദിവസം നഷ്ടപ്പെട്ടിട്ടും ആര്‍ക്കും ഒരു പരിഭവവും ഉണ്ടായില്ല, ആരും ഒരു ആശങ്കയും പ്രകടിപ്പിച്ചില്ല.

 

മെയ്‌ ഇരുപത്തിമൂന്നിന് കാലത്ത് അഞ്ചു മണിക്കാണ് ഞങ്ങള്‍ ഭാരത തലസ്ഥാനിയില്‍ എത്തുന്നത്‌. ഡല്‍ഹി ഞങ്ങളില്‍ പലര്‍ക്കും ആദ്യാനുഭവം ആയിരുന്നു. വലിയ റെയില്‍വേ സ്റ്റേഷന്‍ ആണ് ന്യൂഡല്‍ഹിയിലേത്. പക്ഷെ വളരെ വൃത്തിഹീനമായ അന്തരീക്ഷമാണ് റെയില്‍വേ സ്റ്റേഷന്റെ അകത്തുള്ളത്. തലസ്ഥാന റെയില്‍വേ സ്റ്റേഷന്‍ ആയിട്ട് പോലും അടിസ്ഥാന സൗകര്യം ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരു പൊതു കക്കൂസ് പോലും ഇവിടെയില്ല. ദീര്‍ഘ ദൂര യാത്രക്കാര്‍ എന്ന ബലത്തില്‍ ഞങ്ങള്‍ വിശ്രമ മുറിയെ സമീപിച്ചു. അവിടെ വിരലില്‍ എണ്ണാവുന്ന കുളിമുറികള്‍ക്കു മുന്നില്‍ നീണ്ട നിരയാണ്. ഏറെ നേരം കാത്തു നിന്ന് കുളിച്ചെന്നു വരുത്തി പുറത്തിറങ്ങി. തലയില്‍ വെള്ളം ഒഴിക്കുമ്പോഴേക്കും കാത്തു നില്‍ക്കുന്നവര്‍ വാതിലില്‍ മുട്ടല്‍ തുടങ്ങും. പിന്നെയത് ആക്രോശമായി മാറും. ഭാഗ്യത്തിന് ഹിന്ദി അറിയാത്തതിനാല്‍ തെറി കേട്ടാലും വലിയ ബുദ്ധിമുട്ടുണ്ടാകില്ല. കൂടെയുള്ള സ്ത്രീരത്നങ്ങളും ഈ അനുഭവം പറഞ്ഞു. സുരക്ഷയുടെ കൊടുമുടിയിലാണ് ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍. എവിടെയും കര്‍ശന പരിശോധന. ലഗേജുകള്‍ മണപ്പിച്ചു പോകുന്ന ശ്വാനന്‍മാര്‍. അവയുടെ വായില്‍ നിന്നും വെള്ളി നൂലുകള്‍ ഒഴുകി വീഴുന്നു. കണ്ണുകള്‍ കത്തുന്നു. രണ്ടു ശ്വാനന്മാരെ ചങ്ങലയില്‍ കുരുക്കി പിടിച്ച സര്‍ദാറിനു കാരിരുമ്പിന്റെ കരുത്ത്. പട്ടാളക്കാര്‍ എടുത്താല്‍ പൊങ്ങാത്ത തോക്കുകളും ഏന്തി തലങും വിലങ്ങും നടക്കുന്നു. ഈ ദൃശ്യങ്ങള്‍ മുംബൈ റെയില്‍വേ സ്റ്റേഷന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളെ പോലെ തോന്നിച്ചു. സ്റ്റേഷനില്‍ ഇരിക്കുന്ന പലര്‍ക്കും അബ്ദുള്‍ കസബിന്റെ മുഖച്ഛായ.

അഭയത്തിലെ സുഹൃത്തുക്കള്‍ ചെറു സംഘങ്ങളായി പിരിയുകയാണ്. ഏഴോ എട്ടോ ഗ്രൂപ്പ്‌ ആയാണ് ഇനി അവരുടെ യാത്ര.

 

ബഷീര്‍ മാഷ്‌ ഇതിനകം ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് കഴിഞ്ഞു. സമയം ഒന്‍പതു മണിയോടടുത്ത്. ഡല്‍ഹി പൊള്ളി തുടങ്ങി. ചൂട് അതിന്റെ ഉച്ചസ്ഥായിയില്‍ എന്ന് തോന്നിപ്പോയി. ഉച്ചയാകുമ്പോഴേക്കും ഡല്‍ഹി വിടാം എന്നാണു കരുതുന്നത്. ലൈല കൊടുങ്കാറ്റ് ചതിച്ചില്ലയിരുന്നെങ്കില്‍ ഡല്‍ഹിയില്‍ അധിക നേരം തങ്ങേണ്ടി വരുമായിരുന്നില്ല. ഹരിദ്വാര്‍ വരെ കണക്ടിംഗ് ട്രെയിനില്‍ യാത്ര തുടരാമായിരുന്നു. ഹിമാലയ യാത്രക്കുള്ള വാഹനം കിട്ടുന്നത് വരെ റെയില്‍വേ സ്റ്റേഷനില്‍  വിശ്രമിക്കാന്‍ തന്നെ ഞങള്‍ തീരുമാനിച്ചു. ജാമിയ യൂനിവേഴ്സിറ്റിയിലെ ലക്ചറര്‍ ആയ ഇല്ല്യാസിനെ തേടി റോബിന്‍ ചേട്ടന്‍, പോളേട്ടന്‍, ബഷീര്‍ മാഷ്, ജോസഫ് എന്നിവര്‍ യാത്ര തിരിച്ചു. ഞങ്ങള്‍ ലഗേജുകള്‍ക്ക് കാവലായി സ്റ്റേഷനില്‍ തന്നെ നിലയുറപ്പിച്ചു. ഇതിനകം ഞങ്ങളുടെ കണ്ണ് വെട്ടിച്ച് പുറത്തു കറങ്ങി വന്ന സുബൈര്‍ പുറത്തെ ബസാറിനെ കുറിച്ച് വലിയ വായില്‍ പറഞ്ഞു. എന്തായാലും സമയം ഉണ്ട്. ലഗേജുകളുടെ കാവല്‍ സ്ത്രീ സഖാക്കളെ ഏല്‍പ്പിച്ച് ഞാനും സാധങ്ങള്‍ക്കൊക്കെ വന്‍ വിലക്കുറവ് ആണെന്നും ഓര്‍മിപ്പിച്ചു.

എന്തായാലും സമയം ഉണ്ട്. ശ്രീനിവാസനും പുറത്തിറങ്ങി. ഹിന്ദിയില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക്‌ അരിഷ്ടിച്ചുള്ള മാര്‍ക്കാണ് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും എന്നതിനാല്‍ ഒപ്പം സുബൈറിനെയും കൂട്ടി. റെയില്‍വേ സ്റ്റേഷന്റെ മുന്നിലെ പ്രധാന റോഡിന്റെ അപ്പുറത്താണ് ബസാര്‍.കച്ചവടക്കാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി കടകളിലേക്ക് മാടി വിളിക്കുന്നു, കൈ പിടിച്ചു വലിക്കുന്നു. ഉല്‍പ്പന്നത്തിന്റെ കേമതരത്തെ കുറിച്ച് വാനോളം വര്‍ത്തമാനം പറയുന്നു. ഭാഷ അറിയാത്തതിനാല്‍ ഞാനും ശ്രീനിയേട്ടനും ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു ലാല്‍സലാം പറഞ്ഞു നീങ്ങി. സുബൈര്‍ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍ നല്‍കി കുറച്ചു നേരം സംസാരിച്ച് ഏറെ വൈകിയാണ് ഞങ്ങള്‍ക്ക് പുറകില്‍ എത്തുന്നത്‌.

 

തെരുവുകാഴ്ച്ചകളില്‍ കണ്ണും നട്ട് ഞാനും ശ്രീനിയേട്ടനും നടന്നു. ഇതിനിടയിലാണ് സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളെ ഒരു കൂളിംഗ്‌ ഗ്ലാസ്സുമായി ഞങ്ങളെ സമീപിച്ചത്. റൈബാന്‍ ബ്രാന്റിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചതായിരുന്നു കൂളിംഗ്‌ ഗ്ലാസ്‌. അഞ്ഞൂറ് രൂപ വില പറഞ്ഞു. ഗ്ലാസ്‌ തന്നെയാണ് എന്ന് തെളിയിക്കാന്‍ പല്ലില്‍ മുട്ടിച്ചു ടക് ടക് ശബ്ദം പുറപ്പെടുവിച്ചു. വിലപേശാന്‍ സുബൈരിനോട് ആവശ്യപ്പെട്ടു. വില അഞ്ഞൂറില്‍ നിന്നും താഴ്ന്ന് താഴ്ന്ന് ഒടുവില്‍ ഇരുനൂറില്‍ എത്തി. ഗ്ലാസ്സിന്റെ കവര്‍ അടക്കം ഇരുനൂറ്റി അന്‍പത് രൂപ വേണം എന്നായി അയാള്‍. ഇരുനൂറ്റി ഇരുപതെങ്കില്‍ ഉറപ്പിക്കാം എന്നായി ഞങ്ങള്‍. ഒടുവില്‍ അയാള്‍ സമ്മതിച്ചു. ഇരുനൂറ്റി ഇരുപതില്‍ കച്ചവടം ഉറപ്പിച്ചു. ഇരുനൂറ്റി എണ്‍പത് രൂപ കുറഞ്ഞതിന്റെ ഊറ്റത്തില്‍ ഞാന്‍ ഉയര്‍ന്നു പൊങ്ങി. ആദ്യ കച്ചവടത്തില്‍ തന്നെ ലാഭം കിട്ടിയതില്‍ ഏറെ സന്തോഷിച്ചു. വീണ്ടും കറങ്ങി തിരിച്ച് മറ്റൊരു കേന്ദ്രത്തില്‍ എത്തി. അപ്പോഴാണ് ശ്രീനിവാസനും ഒരു കൂളിംഗ് ഗ്ലാസ്‌ വാങ്ങിയാല്‍ കൊള്ളാമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. അതെ തരത്തിലുള്ള ഗ്ലാസ്‌ നൂറ്റി എണ്‍പത് രൂപക്ക് വിലപേശി വാങ്ങി. എന്റെ കച്ചവടത്തില്‍ നാല്പതു രൂപ നഷ്ട്ടപ്പെട്ടതിനെ ഒരിത്തിരി നീരസം എന്നെ വേട്ടയാടി. അതിനെക്കാള്‍ അസഹനീയമായിരുന്നു ശ്രീനിവാസന്റെ ആക്രമണം. കുന്നംകുളത്തുകാരന്‍ ഡല്‍ഹിയില്‍ ചതിക്കപ്പെട്ടെന്നും, കുന്നംകുളത്തേക്കാള്‍ മിടുക്കന്മാരാണ് ഡല്‍ഹിയിലെ കച്ചവടക്കരെന്നും ശ്രീനിവാസന്‍ പറഞ്ഞു. നഷ്ട്ടപ്പെട്ട നാല്പതു രൂപയെ കുറിച്ച് ശ്രീനിവാസന്‍ എന്നെ ഓരോ നിമിഷവും ഓര്‍മിപ്പിച് കുത്തി മുറിവേൽപ്പിച്ചു കൊണ്ടേയിരുന്നു. ബസാറില്‍ നിന്നും പുറത്തു കടക്കുമ്പോഴാണ് മറ്റൊരു കൂളിംഗ്‌ ഗ്ലാസ്സ് വില്പനക്കാരന്‍ ഞങ്ങളെ സമീപിച്ചത്. അയാള്‍ കൂടിനുള്ളില്‍ നിന്നും കൂളിംഗ്‌ ഗ്ലാസ്സുകള്‍ പുറത്തെടുത്തു. ഞങ്ങള്‍ വാങ്ങിയ അതെ ഗ്ലാസ്‌… അതെ കവര്‍… അതെ സ്റ്റിക്കര്‍… അയാള്‍ പല്ലില്‍ മുട്ടിച്ചു തെളിയിച്ചു…ഞങ്ങള്‍ വില ആരാഞ്ഞു. നൂറു രൂപ അയാള്‍ പറഞ്ഞു. സത്യത്തില്‍ എല്ലാവരും ഞെട്ടിപ്പോയി. എന്റെ നഷ്ടം നാല്പതില്‍ നിന്നും നൂറ്റി ഇരുപതിലേക്ക് ഉയര്‍ന്നു. പക്ഷെ എനിക്ക് സങ്കടം തോന്നിയില്ല…ശ്രീനിവാസാണ് നഷ്ട്ടപ്പെട്ട എണ്‍പത് രൂപയില്‍ ഞാന്‍ ആശ്വാസം കണ്ടു…..(തുടരും)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!