സംഗീതം തുണയായി ജീവജാലങ്ങളെ സ്‌നേഹിച്ച് ജീവിതം അടയാളപ്പെടുത്തുകയാണ് നസീമ.

ഷര്‍വാണി ധരിച്ച് ഓഡികാറില്‍ തന്നെ തേടിയെത്തുന്ന പുതുമണവാളനെ സ്വപ്‌നം കാണുന്ന മലബാറിലെ മൊഞ്ചത്തിമാരുടെ ഇടയില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുമായി ഈ ഭൂമിയില്‍ താന്‍ ജീവിച്ചിരുന്നു എന്നതിന് അടയാളപ്പെടുത്തലുകള്‍ വേണമെന്ന നിശ്ചയ ദാര്‍ഢ്യവുമായി മലപ്പുറത്ത് നിന്നൊരു പെണ്‍കുട്ടി. ഇത് നസീമ…. വിദ്യഭ്യാസം ബി എ, ബിഎഡ്, തൊഴില്‍ കോഴി വളര്‍ത്തല്‍, സ്ഥലം മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമം.

കുട്ടിക്കാലം മുതല്‍ നസീമയുടെ കളിക്കൂട്ടുകാര്‍ പ്രാവും പൂച്ചയും കോഴിക്കുഞ്ഞുങ്ങളുമായിരുന്നു. വളര്‍ന്നു വലുതായപ്പോള്‍ ചിന്തകള്‍ക്കൊപ്പം ഇവരോടുള്ള താല്പര്യവും വളര്‍ന്നു. അക്കാദമിക്ക് വിദ്യഭ്യാസത്തിനപ്പുറത്തേക്ക്് ജീവിതത്തിന്റെ പാഠങ്ങള്‍ പഠിച്ചപ്പോള്‍ തന്റെ ജീവിതമാര്‍ഗവും ഇവയോടൊപ്പമാണെന്ന് നസീമ തിരിച്ചറിയുകയായിരുന്നു. അങ്ങിനെയാണ് നസീമ കോഴികളെ വളര്‍ത്താന്‍ തീരുമാനിക്കുന്നത്. അത് ശാസ്ത്രീയമായ രീതിയിലായിരിക്കണമെന്ന നിര്‍ബന്ധവും നസീമയ്ക്കുണ്ടായിരുന്നു. ഇന്ന് കോഴിക്കുഞ്ഞുങ്ങളുടെ ഭാഷയും മനസും തിരിച്ചറിഞ്ഞ ഒരു മികച്ച കര്‍ഷകയായി നസീമ മാറിക്കഴിഞ്ഞു.

നസീമയുടെ കൊടക്കാട്ടെ പുതിയപറമ്പ് പുരയിടത്തിന് ചുറ്റും കോഴികളുടെ വിദ്യാലയമാണെന്ന് പറയാം. നാലു ഡിവിഷനുകള്‍, രണ്ടായിരത്തില്‍ പരം കോഴികുഞ്ഞുങ്ങള്‍, ബ്രേയിലര്‍, നാടന്‍, ഗിനി, ഫാഷന്‍, ടര്‍ക്കി, എന്നിങ്ങനെ നാലു വിശാല സ്മാര്‍ട്ട് മുറികളാണ് നസീമ കോഴികള്‍ക്ക് ഒരുക്കിയിട്ടുള്ളത്. 45 ദിവസം കൊണ്ട് രണ്ടായിരം കോഴികുഞ്ഞുങ്ങള്‍ വര്‍ഷങ്ങളായി ജില്ലയിലെ കോഴി വിപണിയില്‍ മുറതെറ്റാതെയെത്തുന്നു. തുടക്കത്തില്‍ കോഴി വളര്‍ത്തലില്‍ നസീമയ്ക്ക് വേണ്ടത്ര ഗൃഹപാഠമില്ലാത്തതിനാല്‍ ലക്ഷങ്ങളുടെ നഷ്ടം പേറേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ മാസത്തില്‍ ശരാശരി 20,000 രൂപ കോഴി വളര്‍ത്തലിലൂടെ ലഭിക്കുന്നതായും അതിലുപരി സമൂഹത്തിന് മുമ്പില്‍ താന്‍ ഒരു തൊഴിലെടുത്തു ജീവിക്കുന്നു എന്ന അഭിമാനബോധത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്നുവെന്നും നസീമ പറഞ്ഞു.


ഇവിടുത്തെ കോഴിക്കൂടുകളില്‍ 24 മണിക്കൂറും ഹിന്ദുസ്ഥാനി സംഗീതം െഴുകുകയാണ്. നേരിയശബ്ദം പോലും താങ്ങാനാവാതെ ഹൃദയാഘാതം നേരിടുന്ന ബ്രോയിലര്‍ കോഴികള്‍ക്കു സംഗീതം സാന്ത്വനമാവുകയും കൂടിനുള്ളില്‍ ഇവ പരസ്പരം കൊത്തികീറാതെ അച്ചടക്കമുള്ളവരായി കഴിയുന്നതും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. ദിവസം തോറും 3000 രൂപയുടെ കോഴിതീറ്റ ഈ ഫാമുകളില്‍ ചെലവഴിക്കപ്പെടുന്നു.

ജീവിതത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണ് നസീമ. ഒരൂ കോടീശ്വരന്റെ ഭാര്യാവുക എന്നത് എളുപ്പമാണെന്നും എന്നാല്‍ അതിനേക്കാള്‍ മഹത്തരമാണ് സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനാവിശ്യമായ പണം കണ്ടെത്തുകയെന്നത് എന്ന് അവിവാഹിതയായ നസീമയ്ക്ക് നിസ്സംശയം പറയാന്‍ കഴിയും. അക്കാദമിക് വിദ്യഭാസം മണ്ണിലും ചളിയിലും അധ്വാനിക്കുന്നതിന് തടസ്സമല്ല എന്നതിന് ഉദാഹരണമായി തന്നെ ചൂണ്ടിക്കാണിച്ച് അയല്‍വാസികള്‍ മക്കളോട് ഉപദേശിക്കുന്നതു കാണുമ്പോള്‍ തനിക്ക് അഭിമാനം തോന്നാറുണ്ടെന്നും നസീമ ഓര്‍ക്കുന്നു. വിദേശങ്ങളിലേക്കടക്കം കയറ്റുമതി നടത്താനാകുന്ന ഒരു ഹൈടക് കോഴിഫാം തന്നെയാണ് നസീമയുടെ സ്വപ്‌നം.

പലകോണുകളില്‍ നിന്നും എതിര്‍പ്പുകളുയരുമ്പോഴും നസീമയുടെ സ്വപ്‌നങ്ങള്‍ ചിറക് മുളച്ച് പറക്കുകയാണ് അധ്വാനത്തില്‍ വിശ്വസിക്കുന്ന ഈ പെണ്‍കുട്ടിക്ക് ഇനിയുമേറെ സഞ്ചരിക്കാന്‍ കഴിയും തീര്‍ച്ച.

Video: Janil mithra

ആശയം: ഹംസ കടവത്ത്‌

Share news
error: Content is protected !!
Scroll to Top