Section

malabari-logo-mobile

വിമാനക്കമ്പനികള്‍ കൊച്ചി സര്‍വീസുകള്‍ റദ്ദാക്കി

HIGHLIGHTS : ദോഹ: മഴ മൂലം കൊച്ചി വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് ദോഹയില്‍

ദോഹ: മഴ മൂലം കൊച്ചി വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ ഇന്നലെ യാത്ര റദ്ദാക്കി. ജെറ്റ് എയര്‍വേയ്‌സും ഖത്തര്‍ എയര്‍ വേയ്‌സുമാണ് പ്രധാനമായും വിമാനങ്ങള്‍ റദ്ദാക്കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്  കോഴിക്കോട് വരെ സ ര്‍വീസ് നടത്തുമെന്ന് യാത്രക്കാരെ അറിയിച്ചു. കണക്ഷന്‍ സര്‍വീസ് നടത്തുന്ന കമ്പനികള്‍ ദോഹയില്‍ നിന്നും യാത്രക്കാരുമായി പുറപ്പെട്ടിട്ടുണ്ടെങ്കിലും വിവിധ ജി സി സി നഗരങ്ങളില്‍ നിന്നുമുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതിനാല്‍ ഇവരെ ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. കൊച്ചിന്‍ വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്നാണ് സര്‍വീസ് റദ്ദാക്കുന്നതെന്നും വിമാനത്താവളം പ്രവര്‍ത്തനം  ആരംഭിച്ചാല്‍ ഉടന്‍ തന്നെ കൊച്ചിയിലേക്കുള്ള യാത്രക്കാരുമായി യാത്ര പുറപ്പെടുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
വിമാനം പുറപ്പെടുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് 33384292 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കമ്പനി യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലെത്തേണ്ടിയിരുന്ന ചിലരെ തിരുവനന്തപുരം, കോഴിക്കോട് സെക്ടറുകളിലേക്കുള്ള വിമാനങ്ങളില്‍ പോകാന്‍ അനുവദിച്ചിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.  കൊച്ചി വിമാനത്താവളം ഇന്ത്യന്‍ സമയം 3.30 വരെയാണ് അടച്ചിട്ടിട്ടുള്ളതെന്നും ഇതില്‍ മാറ്റമുണ്ടായിട്ടില്ലെങ്കില്‍ ഇന്ന് രാവിലെ 8.15ന് യാത്രക്കാരുമായി വിമാനം പുറപ്പെടുമെന്നും ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. രാത്രിയിലുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ പതിവ് സര്‍വീസ് മുടക്കമില്ലാതെ തുടരുമെന്നാണ് ഇതുവരെ ലഭിക്കുന്ന സൂചനകള്‍.  170 യാത്രക്കാരാണ് കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്തിരുന്നതെന്ന് ജെറ്റ് എയര്‍വേയ്‌സ് കണ്‍ട്രി മാനേജര്‍ അനില്‍ ശ്രീനിവാസന്‍ പറഞ്ഞു. ഇവരില്‍ 35 പേരെ ഇന്നലെ തന്നെ തിരുവനന്തപുരം, കോഴിക്കോട് സെക്ടറുകളിലേക്ക് അയച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്‌സിന്റെ ദോഹ-ന്യൂ ദല്‍ഹി- തിരുവനന്തപുരം ഫ്‌ളൈറ്റിലും ദോഹ-മുംബൈ-കോഴിക്കോട് ഫ്‌ളൈറ്റിലുമാണ് കൊച്ചി യാത്രക്കാരെ അയച്ചത്. രണ്ടു യാത്രക്കാര്‍ കൊച്ചി വഴി ബാംഗ്ലൂരിലേക്ക് ടിക്കറ്റെടുത്തവരായിരുന്നു. ഇവരെ മുംബൈ വഴി ബാംഗ്ലൂരിലേക്ക് അയച്ചു. ബാക്കി യാത്രക്കാരെ ഇന്നും നാളെയുമായി കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് അനില്‍ ശ്രീനിവാസ് പറഞ്ഞു.
കൊച്ചി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് വരെ മാത്രമെ സര്‍വീസ് നടത്തുകയുള്ളുവെന്ന് കണ്‍ട്രി മാനേജര്‍ ജഗ്മിത് സിംഗ്  പറഞ്ഞു. 13 യാത്രക്കാരാണ് കൊച്ചിയിലേക്കുണ്ടായിരുന്നത്. ഇവരെ കോഴിക്കോട്ട് ഇറക്കും. എമിറേറ്റ്‌സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, ഇത്തിഹാദ്, ഒമാന്‍ എയര്‍, കുവൈത്ത് എയര്‍ തുടങ്ങിയ കമ്പനികളാണ് കൊച്ചിയിലേക്ക് കണക്ഷന്‍ സര്‍വീസ്  നടത്തുന്നത്. കൊച്ചി വിമാനത്താവളം അപ്രതീക്ഷിതമായി അടച്ചിട്ടത് യാത്രക്കാരെയും വിമാനക്കമ്പനികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കൊച്ചിയിലേക്കുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ ജി സി സി രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. കൊച്ചി വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മഴക്കെടുതി മൂലം പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവരുന്നത്. വിമാനങ്ങളുടെ പാര്‍ക്കിംഗ് ഏരിയ പൂര്‍ണായി വെള്ളത്തില്‍ മുങ്ങുകയും റണ്‍വെയില്‍ വെള്ളം കെട്ടിക്കിടക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിട്ടത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാനെത്തിയ 12,000ത്തോളം പേരാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!