Section

malabari-logo-mobile

രചനാസ്തംഭനത്തിന്റെ സാഹചര്യങ്ങള്‍ 2

HIGHLIGHTS : സവിശേഷസാഹചര്യങ്ങളും രക്ഷാമാര്‍ഗ്ഗങ്ങളും

ഡോ. എം. ഷാജഹാന്‍

സവിശേഷസാഹചര്യങ്ങളും രക്ഷാമാര്‍ഗ്ഗങ്ങളും

sameeksha-malabarinews

(1) ഒരു എഴുത്ത് ചിട്ട രൂപീകരിക്കുക.
എന്തെങ്കിലുമൊന്ന് എഴുതണമെന്നാഗ്രഹിക്കുകയും എന്നാല്‍ പ്രത്യേകിച്ചൊരാശയവും ഉദിച്ചുവരാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ‘എഴുത്ത് വ്യായാമം’ ചെയ്യണമെന്നാണ് ചാര്‍ളി ജയിന്‍ ആന്‍ഡേഴ്‌സണ്‍ , വില്യം സ്റ്റാഫോര്‍ഡ് എന്നീ അമേരിക്കന്‍ സാഹിത്യകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. എല്ലാ ദിവസവും ഒരേ സമയത്ത് എഴുത്തുമേശയ്ക്കു മുന്നിലിരിക്കുകയും സ്‌കൂള്‍കാലത്ത് ചെയ്തതുപോലെ ഏതെങ്കിലും ഒരു വിഷയമെടുത്ത് എഴുതാന്‍ ശ്രമിക്കുകയും ചെയ്യുക. അല്ലെങ്കില്‍ വെറുതെ ഓരോ വാക്കുകള്‍ അടുക്കിവച്ച് മുന്നേറുക. ക്രമേണ അതിലൊരു പാറ്റേണ്‍ രൂപപ്പെടുകയും ആ കുറിപ്പുകള്‍ തന്നെ ഒരു കൃതിയായി രൂപപ്പെടുകയും ചെയ്‌തേക്കാം. ക്രമേണ ഒരാശയത്തിനു തീ പിടിക്കുമെന്നര്‍ത്ഥം. വെറുതെ കടലാസുകള്‍ ചുരുട്ടിയെറിഞ്ഞ് പ്രകൃതിയെ നശിപ്പിക്കരുതെന്ന് കരുതുന്ന വൃക്ഷസ്‌നേഹികള്‍ക്ക് കമ്പൂട്ടറില്‍ ടൈപ്പ് ചെയ്യുകയും ഡിലീറ്റ് ചെയ്യുകയുമാവാം.
എഴുത്തുകാരന്റെ മാര്‍ഗ്ഗം (ARTISTS WAY) എന്ന വിഖ്യാത ഗ്രന്ഥമെഴുതിയ ജൂലിയ കാമറുണ്‍ പുലര്‍കാല പേജുകള്‍ (MORNING PAGES) എന്നാണ് ഈ എഴുത്തുവ്യായാമത്തെ (WRITING EXERCISES) വിശേഷിപ്പിച്ചത്. എന്നും രാവിലെ അവര്‍ മൂന്നു പേജുകള്‍ വരെ വെറുതെ എഴുതിക്കൂട്ടുമായിരുന്നത്രേ. 30 പുസ്തകങ്ങള്‍ എഴുതിയ ഗ്രഹാം ഗ്രീന്‍ എന്നും രാവിലെ 500 വാക്കുകള്‍ എഴുതുന്ന ശീലക്കാരനായിരുന്നു.
(2) കണിശത ഒഴിവാക്കുക.
പത്രപ്രവര്‍ത്തകയും പുലിറ്റ്‌സര്‍പ്രൈസ് ജേതാവുമായ എഴുത്തുകാരി അന്ന ക്വിന്‍ഡ്‌ലിന്‍ പറയുന്നത് രചനാസ്തംഭനം അനുഭവിക്കുന്നവരുടെ പ്രധാനപ്രശ്‌നം അവര്‍ക്കെഴുതാന്‍ കഴിയാഞ്ഞിട്ടല്ല, മറിച്ച് നന്നായി എഴുതണമെന്ന വാശിയാണ് എന്നാണ്. എഴുത്തുകാരന്റെ ഉള്ളില്‍ ഒരു ഇന്റേണല്‍ ക്രിട്ടിക് അഥവാ ആന്തരിക വിമര്‍ശകന്‍ സദാ ഉണര്‍ന്നിരിക്കുന്നു. ആദ്യകൃതിയുടെ വന്‍വിജയത്തിന്റെ ഉത്തരവാദിത്തമുള്ളവരില്‍ മാത്രമല്ല ആദ്യ എഴുത്തുകാരിലും ഈ ക്രിട്ടിക്കല്‍ മനസ്സാണ് പലപ്പോഴും സര്‍ഗ്ഗപ്രവര്‍ത്തനത്തിനുമുന്‍പില്‍ വാളോങ്ങിനില്ക്കുന്നത്. എഴുതുന്ന സമയത്ത് സ്വതന്ത്രമായി എഴുതുക എന്നതും (FREEWRITING) ശരിതെറ്റുകള്‍ പെറുക്കിയെടുക്കാന്‍ എഡിറ്റിംഗ് എന്ന പേരില്‍ മറ്റൊരു ഘട്ടമുണ്ടെന്നു വയ്ക്കുന്നതുമാണ് ഈ പ്രശ്‌നത്തിനു പരിഹാരം. എത്രത്തോളം ഉദാരമായി ഇന്റേണല്‍ ക്രിട്ടിക്കിനെ മാറ്റിനിര്‍ത്തിയോ അത്രമേല്‍ കാര്‍ക്കശ്യത്തോടെ തിരിച്ചുവരാന്‍ എഡിറ്റിംഗ് ഘട്ടത്തില്‍ അതിനെ അനുവദിക്കുകയുമാവാം.
ഒരു പ്രത്യേക വാക്കിനോ പ്രയോഗത്തിനോ വേണ്ടി ഒന്നോ രണ്ടോ ദിവസം കാത്തുനില്‍ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കാത്തിരിപ്പ് ആഴ്ചകളിലേക്ക് നീണ്ടാല്‍ തല്‍ക്കാലം ഏതെങ്കിലും ഒരു വാക്കെഴുതി പിന്നീടു ശരിയാക്കാം എന്നു കരുതി മുന്നേറുകയാണു വേണ്ടത്. തല്‍ക്കാലം പോരായ്മയുമായി പൊരുത്തപ്പെടുക എന്നതാണു ശരി. നല്ലതിനു വേണ്ടി വാശി പിടിച്ചാല്‍ ഒരു വാക്കു പോലും എഴുതാനാവില്ല.

(3) പ്രശ്‌നത്തെ വിശദമായി പരിശോധിക്കുക.
രചനാസ്തംഭനം അനുഭവിക്കുന്ന ഒരെഴുത്തുകാരന്‍ താനെങ്ങനെയായിരുന്നു എഴുത്തു തുടങ്ങിയതെന്ന് പരിശോധിക്കുന്നത് നല്ലതാണ്. എന്താണ്എഴുതുന്നതെന്നും ആദ്യ കാലങ്ങളില്‍ ചെയ്തിരുന്നതുപോലെ ഇപ്പോഴും ആ എഴുത്തിനെ ആസ്വദിക്കുന്നുണ്ടോ എന്നും പരിശോധിക്കുക. ഒരു പക്ഷേ കുത്തൊഴുക്കില്‍ പെട്ട് അയാള്‍ ഒരുപാടു ദൂരം മുന്നേറിയിട്ടുണ്ടായിരിക്കാം. എഴുതണമെന്നത് ഒരു ബാധ്യതയായിത്തീര്‍ന്നപ്പോഴായിരിക്കാം രചനാസ്തംഭനം കടന്നുവന്നത്. എഴുത്തിന് ആത്മാവില്ലെങ്കില്‍ വായനക്കാരും രചനയെ തിരസ്‌കരിക്കും.
സ്വന്തം രചനാസ്തംഭനത്തിന്റെ കാരണങ്ങളെന്തെല്ലാമെന്നത് സ്വന്തം ഭയപ്പാടുകളെ വിശകലനം ചെയ്‌തോ ഒരു ആത്മാര്‍ഥ സുഹൃത്തുമായി ചര്‍ച്ച ചെയ്‌തോ മനസ്സിലാക്കാവുന്നതാണ്. ARTISTS WAY തുടങ്ങിയ പുസ്തകങ്ങള്‍ കാരണങ്ങള്‍ വിശദീകരിക്കുന്നുണ്ട്. മറ്റ് എഴുത്തുകാരുടെ ജീവചരിത്രങ്ങള്‍ വായിക്കാം. വിദേശ എഴുത്തുകാര്‍ കൗണ്‍സിലിങ്ങിനെപ്പോലും ഉപയോഗപ്പെടുത്തുന്നു.
(4) ധിഷണക്കൊരവധി.
രചന ഒരു ബാധ്യതയാവുകയും അതിന്റെ ആഹ്ലാദം നിലയ്ക്കുകയും ചെയ്തുതുടങ്ങിയാല്‍ ധിഷണാപ്രവാഹത്തിന് നിര്‍ബന്ധമായും ഒരവധി നല്‍കേണ്ടതാണ്. എഴുത്ത് താല്‍ക്കാലികമായി നിര്‍ത്തി മറ്റു സാമൂഹ്യവ്യാപാരങ്ങളിലേക്ക് മനസ്സിനെ തുറന്നുവിടുക. പുതിയ ആശയങ്ങളും അനുഭവങ്ങളും വളര്‍ന്നുവരട്ടെ. അലസത സര്‍ഗ്ഗാത്മകതയുടെ ഒരു അവിഭാജ്യഘടകം തന്നെ എന്നു തിരിച്ചറിയുക. വായനയിലേക്കും , നാടകം, നൃത്തം, ചിത്രകല , സംഗീതം എന്നിങ്ങനെ വിവിധങ്ങളായ കലാരൂപങ്ങളിലേക്കും മനസ്സിനെ മേയാന്‍ വിടുക.
(5) ഭൗതിക സാഹചര്യങ്ങള്‍
രചനാസ്തംഭനത്തെക്കുറിച്ച് പഠനം നടത്തിയ പല സാമൂഹ്യ ശാസ്ത്രകാരന്‍മാരും എഴുത്തുകാരന്‍ സ്ഥിരമായി ഒരു നോട്ടുബുക്ക് കൊണ്ടു നടക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുന്നുണ്ട്. ശ്രദ്ധയില്‍ പെടുന്ന കാര്യങ്ങളെ അപ്പപ്പോള്‍ കുറിച്ചുവയ്ക്കുക.നമ്മള്‍ പിന്നീടു മറന്നുപോയേക്കാവുന്ന ചില കാര്യങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ അതുപകരിക്കും. ശാരീരിക വ്യായാമങ്ങളും ചെറിയ നടത്തങ്ങളും മറ്റും ധിഷണയെ ഊര്‍ജ്ജസ്വലമാക്കുന്നതിനും സ്മൃതികളില്‍ മൂടപ്പെട്ടവയെ പുറത്തെടുക്കാനും പ്രയോജനപ്പെടും. സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്ന മേശയും സാഹചര്യങ്ങളും മാറ്റുന്നതും ഒന്നു പരീക്ഷിക്കാവുന്നതണ്. 911 Writers Block തുടങ്ങിയ വെബ്‌സൈറ്റുകളും WRITERS BLOCKനെ മറികടക്കാന്‍ ധാരാളം സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ പുതിയ തുടക്കങ്ങളും, പ്ലോട്ടുകളും, സാഹചര്യങ്ങളും, ഗതിവ്യതിയാനങ്ങളും , കഥാപാത്രസ്വഭാവങ്ങളും എഴുത്തുകാരന്റെ മുന്നില്‍ പുതുതായി അവതരിപ്പിച്ചുകൊണ്ട് ഇത്തരം സൈറ്റുകള്‍ വിഘാതത്തെ മറികടക്കാനും സ്തംഭിച്ചുനില്‍ക്കുന്ന രചനയെ മുന്നോട്ടു വഴിനടത്താനും സഹായിക്കുന്നു.
(6) തുടക്കം പ്രധാനം.
രചനയില്‍ ഏറ്റവും ഭയപ്പെടുന്നത് എന്തിനെ എന്ന ചോദ്യത്തിനു ഏണസ്റ്റ് ഹെമിംഗ് വേ പറഞ്ഞ മറുപടി ‘എഴുതപ്പെടാനായി കാത്തിരിക്കുന്ന താളുകള്‍’ എന്നാണ്. ആദ്യത്തെ ഖണ്ഡികയാണ് ഏറ്റവും ക്ലേശകരം എന്നും അതില്‍ മാസങ്ങള്‍ ചെലവഴിച്ചിട്ടുണ്ട് എന്നും ഗബ്രിയല്‍ മാര്‍ക്വസും സ്റ്റീഫന്‍ കിംഗും സാക്ഷ്യപ്പെടുത്തുന്നു. ആ വരികള്‍ എഴുതപ്പെട്ടാല്‍ പിന്നെയെല്ലാം പിറകേ വന്നുകൊള്ളും. മുന്നോട്ടുപോവാനുള്ള തടസ്സം തുടങ്ങാത്തതാണ് എന്നും തുടങ്ങാനുള്ള സൂത്രം ജോലിയെ പലതാക്കി മുറിച്ച് ഏതെങ്കിലും ഒരു കഷണത്തില്‍ തുടങ്ങുക എന്നതാണെന്നും മാര്‍ക്ക് ടൈ്വന്‍ ഉപദേശിക്കുന്നു. കഥയുടെ അന്ത്യഭാഗത്തിലോ മധ്യഭാഗത്തിലോ എഴുത്തു തുടങ്ങാവുന്നതാണെന്നര്‍ത്ഥം. പിന്നീട് കഥ എഴുത്തുകാരനെയും കൊണ്ട് മുന്നോട്ടു പൊയ്ക്കൊള്ളും.
(7) മള്‍ട്ടി ടാസ്‌ക്കിംഗും ക്ലസ്റ്റര്‍ റൈറ്റിംഗും.


തന്നോടൊപ്പം രചനാരംഗത്തുള്ള ഒരു സുഹൃത്തിനെ വച്ച് , സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് എഴുതാന്‍ ശ്രമിക്കുന്നത് ചിലരില്‍ പ്രയോജനം ചെയ്യും. ഇതിനെ ക്ലസ്റ്റര്‍ റൈറ്റിംഗ് എന്നു പറയുന്നു. ലക്ഷ്യങ്ങളെയും നേട്ടങ്ങളെയും മറ്റു ചിലര്‍ കാത്തിരിക്കുന്നുവെന്നും ഒപ്പമെത്തണമെങ്കില്‍ താനും എഴുതിയേ പറ്റൂ എന്നുമുള്ള ചിന്തകള്‍ അലസതയെയും മടുപ്പിനെയും മറികടക്കാന്‍ സഹായിക്കും. ഒന്നിലധികം ദൗത്യങ്ങളില്‍ ഒരേസമയം ഏര്‍പ്പെടുക വഴി (Multitasking) വിരസതയെ ഒഴിവാക്കാനും ഒന്നിലധികം രചനകളെ ഒന്നിച്ച് സൃഷ്ടിച്ചെടുക്കാനും സാധിച്ചേക്കാം.

(8) രചനക്കിടയിലെ ചില പ്രതിഭാസങ്ങള്‍.
ഒരു ഏകദേശ രൂപരേഖ കൈവശമുണ്ടായിട്ടും A എന്ന ഘട്ടത്തില്‍ നിന്നും C എന്ന ഘട്ടത്തിലേക്ക് കടക്കാന്‍ പറ്റാത്ത ചില സന്ദര്‍ഭങ്ങളുണ്ട്. ഇടയ്ക്കുള്ള B ശരിയാവാത്തതാണ് കാരണം. രൂപരേഖ മാറ്റുകയാണ് ഇവിടെ പ്രതിവിധി. കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും രൂപരേഖയുടെ പരിധി വിട്ട് പെരുമാറാനാവില്ല. രൂപരേഖ മാറ്റിയിട്ടും ശരിയാവുന്നില്ലെങ്കില്‍ കഥാകൃത്ത് തല്‍ക്കാലം നിരുപദ്രവകരമായ ഒരു പാര്‍ശ്വസഞ്ചാരത്തിലേക്കു പോവണം. ഒന്നു വഴിമാറി നടന്നു നോക്കുക. ഇവിടെ ചിലതു സംഭവിക്കാനുണ്ട്. അതു നിങ്ങള്‍ തിരിച്ചറിയും. ഇനി എന്തു സംഭവിക്കുമെന്ന് ശങ്കിച്ചുനില്‍ക്കുന്ന അവസരങ്ങളില്‍ പുതിയൊരു പ്രതിസന്ധി സൃഷ്ടിക്കുകയുമാവാം. ഹക്കിള്‍ ബെറിഫിന്നില്‍ മാര്‍ക്ക് ടൈ്വന്‍ , ഹക്കും ജിമ്മും പുഴക്കരെ വഴിതെറ്റിപ്പോവുന്നതായി എഴുതിച്ചേര്‍ത്താണ് ഇത്തരമൊരവസ്ഥയെ മറികടന്നത്.
രചന ഒരുപാട് മുന്നേറിയ ശേഷം പൊടുന്നനെ നൂറു പേജു മുന്നേ ഒരബദ്ധം സംഭവിച്ചതായി മനസ്സിലാക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇതിനെ രണ്ടു തരത്തില്‍ നേരിടാം. യാതൊന്നും സംഭവിക്കാത്ത പോലെ മുന്നോട്ടു തന്നെ നീങ്ങുക. ഒടുക്കം എല്ലാം ശരിയാക്കാമെന്നു വയ്ക്കുക. അല്ലെങ്കില്‍ പകുതിയോളം മാത്രം പിന്നോട്ടുപോയി തെറ്റു തിരുത്തി മുന്നേറുക.
താന്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ വല്ലാതെ ബോറടിപ്പിക്കുന്നു എന്നും അവ കാര്യമായൊന്നും ചെയ്യുന്നില്ല എന്നും തോന്നുന്ന സന്ദര്‍ഭങ്ങളുണ്ട്. അതിനു കാരണം പ്രധാനകഥാപാത്രത്തെ ഇനിയും സൃഷ്ടിച്ചിട്ടില്ല എന്നതോ അതല്ലെങ്കില്‍ കഥയില്‍ കഥാപാത്രങ്ങള്‍ മാത്രമേയുള്ളു, കഥയില്ല എന്നതോ ആവാം. കഥാപാത്രങ്ങള്‍ക്കെന്താണാവശ്യമെന്നതും അവരുടെ സംഘര്‍ഷങ്ങളെന്തെന്നും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാവില്ല. പക്ഷേ ഒന്നാശ്വസിക്കാം. ഒരു ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇനി ഏതെങ്കിലും ഒരു കഥാപാത്രം നിര്‍ണ്ണായകമായ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിക്കൊള്ളും. അപ്പോള്‍ പഴയ ചില പേജുകള്‍ കളയുകയുമാവാം.
(9) പുന:പരിശോധനയിലെ പ്രശ്‌നങ്ങള്‍
തോന്നുന്നത് തല്‍ക്കാലം എഴുതിവയ്ക്കുക എന്നും, തുടക്കമാണ് പ്രധാനം എന്നും ഇന്റേണല്‍ ക്രിട്ടിക്കിനെ തല്‍ക്കാലം മാറ്റിനിര്‍ത്തുക എന്നും സ്തംഭനത്തെ മറികടക്കാനായി നമുക്ക് തീരുമാനിക്കാം. എന്നാലും ഒടുക്കം തെറ്റുകള്‍ തിരുത്താനായി തിരിച്ചുവരുന്ന ഘട്ടത്തിലും ചിലപ്പോള്‍ സ്തംഭനങ്ങള്‍ സംഭവിക്കാറുണ്ട്. സമയദൈര്‍ഘ്യം എന്നത് ഈ ഘട്ടത്തിന്റെ മുഖമുദ്രയായതിനാല്‍ ഒന്നും നീങ്ങുന്നില്ല എന്നതിനെ ഈ അവസരത്തില്‍ ഒരു സ്തംഭനമായി കാണാതിരിക്കുന്നതാണ് നല്ലത്. രചനയുടെ പ്രധാന രോഗങ്ങളുടെ നിര്‍ണയവും ചികിത്സാവിധികളുമാണിവിടെ നടക്കുന്നതെന്നറിയുക. ചിലപ്പോള്‍ രചന ഒന്നടങ്കം മാറ്റേണ്ടതായും വന്നേക്കാം.
ഈയിടെ (2007) അന്തരിച്ച അമേരിക്കന്‍ ശാസ്ത്രകഥാകാരന്‍ ഫ്രെഡ് സാബര്‍ഹാഗന്‍ എഴുത്തല്ലാതെ വേറെ ജീവിതമാര്‍ഗ്ഗമുള്ളവര്‍ക്കു മാത്രമേ രചനാസ്തംഭനം സംഭവിക്കൂ എന്ന് വസ്തുനിഷ്ഠമായും നിശിതമായുമുള്ള ഒരു വിമര്‍ശനമുയര്‍ത്തുന്നുണ്ട്. അത് ഒരു തരത്തില്‍ ശരിയുമാണ്. ജീവിതോപാധി എന്ന നിലയില്‍ എഴുത്തിനെ കാണുന്നവരിലേക്കാള്‍ ആന്തരികവ്യക്തിത്വത്തെ തൃപ്തിപ്പെടുത്താനായി രചനയെ സമീപിക്കുന്ന വിഭാഗത്തിലാണ് ഇതു കൂടുതല്‍ കണ്ടുവരുന്നത്. എഴുത്തിനെ ജീവിതോപാധിയാക്കുന്നവരും ജീവിതായോധനം കഴിഞ്ഞ് എഴുത്ത് എന്നൊരാര്‍ഭാടത്തിന് വേറെ സമയം മെനക്കെടുത്താന്‍ സാധിക്കാതെ വരുന്നവരും മേല്‍പ്പറഞ്ഞ രണ്ടാമത്തെ വിഭാഗത്തെ നോക്കിക്കാണുന്നത് വലിയൊരാരാധനയോടെയല്ല എന്നതും ശ്രദ്ധേയമാണ്.

**************************************************

രചനാസ്തംഭനത്തിന്റെ സാഹചര്യങ്ങള്‍  part 1

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!