മലപ്പുറം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷംമുലമുണ്ടായ ദുരിതങ്ങള്‍ നേരിടാന്‍ ജില്ലയ്ക്ക് 50 ലക്ഷം അനുവദിച്ചതായി ജില്ലാ കലക്റ്റര്‍ കെ.ബിജു അറിയിച്ചു. കലക്റ്ററേറ്റില്‍ നഗരകാര്യ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ നിലവിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു കലക്റ്റര്‍. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം വീതം നല്‍കുമെന്ന് ജില്ലാ കലക്റ്റര്‍ കെ.ബിജു അറിയിച്ചു.
ചേലേമ്പ്ര ചേലുപ്പാടം എ.എം.എം.എ.എം.യു.പി.സ്‌കൂള്‍ മേല്‍ക്കൂര തകര്‍ന്ന് പരിക്കേറ്റ 19 കുട്ടികളുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. വീടുകള്‍ ഭാഗീകമായും പൂര്‍ണമായും തകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കും.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജില്ലയില്‍ നാല് പേരാണ് മരണപ്പെട്ടത്. നിലമ്പൂര്‍ താലൂക്ക് ചുങ്കത്തറ വില്ലേജിലും കൂട്ടിലങ്ങാടി വില്ലേജിലും ഒരാള്‍ വീതം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞു. തിരൂരങ്ങാടി താലൂക്ക് തിരൂരങ്ങാടി വില്ലേജില്‍ ഒമ്പത് വയസായ കുട്ടിയും മുന്നിയൂര്‍ വില്ലേജില്‍ അഞ്ച് വയസായ കുട്ടിയും വെള്ളക്കെട്ടില്‍ വീണ് മരിച്ചു.
തിരൂര്‍ താലൂക്കില്‍ വെട്ടം, പരിയാപുരം,ഇരിമ്പിളിയം വില്ലേജുകളിലും തിരൂരങ്ങാടി താലൂക്കില്‍ നന്നമ്പ്ര, മുന്നിയൂര്‍, അരിയല്ലൂര്‍, പരപ്പനങ്ങാടി, പൊന്നാനി താലൂക്കില്‍ പൊന്നാനി നഗരം, വെളിയങ്കോട്, നന്നംമുക്ക്, മാറഞ്ചേരി, കാലടി, പെരുമ്പടപ്പ്, പെരിന്തല്‍മണ്ണയില്‍ എടപ്പറ്റ, മേലാറ്റൂര്‍. ഏറനാട് താലൂക്കില്‍ കുഴിമണ്ണ, മുതുവല്ലൂര്‍, പുല്‍പ്പറ്റ, നിലമ്പൂര്‍ താലൂക്കില്‍ കരുവാരക്കുണ്ട്, വഴിക്കടവ്, വെള്ളയൂര്‍, കരുളായി വില്ലേജുകളിലായി 20 വീടുകള്‍ പൂര്‍ണമായും 198 എണ്ണം ഭാഗികമായും തകര്‍ന്നു. 52.2 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
ജില്ലയില്‍ 39.32 ഹെക്റ്ററില്‍ കൃഷിനാശമുണ്ടായി. പെരുമ്പടപ്പ്, കൊണ്ടോട്ടി, വാഴക്കാട്,ചീക്കോട്,നിലമ്പൂര്‍,ചുങ്കത്തറ, ചാലിയാര്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത്. തെങ്ങ്, വാഴ, കമുക്, റബര്‍, കുരുമുളക്, ജാതി, കശുമാവ്, വെറ്റില, നെല്ല്, മരച്ചീനി, പച്ചക്കറി, എള്ള് എന്നിവയാണ് നശിച്ചത്. ആകെ 1,74,18,000 രൂപയുടെ കൃഷി നാശമാണ് വിലയിരുത്തിയിരിക്കുന്നത്. 1070 കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായി. ജൂണ്‍ ഒന്ന് മുതല്‍ 21 വരെയുള്ള നാശനഷ്ടങ്ങളുടെ കണക്കാണിത്.




