മലയാളസര്‍വകലാശാല ആസ്ഥാന മന്ദിരം നാടിന് സമര്‍പ്പിച്ചു

തിരൂര്‍:: ഭാഷാ സ്‌നേഹികളുടെ ചിരകാലാഭിലാഷമായ തുഞ്ചത്തെഴുത്തച്ചന്‍ മലയാളസര്‍വകലാശാലയുടെ ഇടക്കാല ആസ്ഥാന മന്ദിരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചു. തിരൂര്‍ വാക്കാട് തുഞ്ചന്‍ സ്മാരക ഗവ. കോളെജില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അധ്യക്ഷനായി.
സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ്, ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എ മാരായ സി. മമ്മൂട്ടി, അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എന്‍.എ ഖാദര്‍, പി. ഉബൈദുള്ള, എം. ഉമ്മര്‍, വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ കെ. ബിജു, തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ. സഫിയ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുള്ള കുട്ടി, ഹിന്ദുസ്ഥാന്‍ പ്രീഫാബ് ജനറല്‍ മാനെജര്‍ സി.പി ദിനേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
തുഞ്ചന്‍ സ്മാരക ഗവ. കോളെജിന്റെ അഞ്ചേക്കര്‍ സ്ഥലത്താണ് ഇടക്കാല മന്ദിരം. 11,800 ചതുരശ്ര അടിയില്‍ 2.16 കോടി ചെലവിലാണ് ആസ്ഥാന മന്ദിരം നിര്‍മിച്ചിരിക്കുന്നത്. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായാല്‍ കെട്ടിടം കോളെജിന് കൈമാറും. അഞ്ച് ക്ലാസ് മുറികള്‍, ലൈബ്രററി, സമ്മേളന ഹാള്‍, വൈസ് ചാന്‍സലര്‍ ഓഫീസ്, സ്റ്റാഫ് റൂം എന്നിവ അടങ്ങിയതാണ് കെട്ടിടം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പ്രീഫാബിനായിരുന്നു നിര്‍മാണ ചുമതല. 98 ദിവസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
. ജൂലായ് 20 നകം അധ്യാപക നിയമനം പൂര്‍ത്തിയാക്കും. മൂന്ന് പ്രൊഫസര്‍മാരെയും നാല് അസോഷിയെറ്റ് പ്രൊഫസര്‍മാരെയും 15 അസിസ്റ്റന്റ് പ്രൊഫസര്‍മാരെയുമാണ് നിയമിക്കുന്നത്. ഭാഷാശാസ്ത്രം, മലയാള സാഹിത്യപഠനം, സാഹിത്യരചന, മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, സാംസ്‌കാരിക പഠനം എന്നിവയില്‍ ബിരുദാന്തര ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം ആരംഭിക്കും. വിദ്യാര്‍ഥി പ്രവേശത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഓഗസ്റ്റ് രണ്ടാംവാരം ക്ലാസ് ആരംഭിക്കാനാണ് തീരുമാനം. അധ്യാപക നിയമനത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top