Section

malabari-logo-mobile

മറ്റൊരു കഥയില്‍ നിന്നും രാധ

HIGHLIGHTS : സുരേഷ് രാമകൃഷണന്‍ 'ഒരു കടല്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇന്നലെ അതിവിടെ ഉണ്ടായിരുന്നു....'

സുരേഷ് രാമകൃഷണന്‍

 ‘ഒരു കടല്‍ അപ്രത്യക്ഷമായിരിക്കുന്നു.

sameeksha-malabarinews

ഇന്നലെ അതിവിടെ ഉണ്ടായിരുന്നു….’

ഇത്രെയങ്കിലും പറയാതിരിക്കാന്‍ വയ്യ, സ്വയം തിരോധാനം ചെയ്യപ്പെട്ട ആത്മപീഢയില്‍ സ്വത്വമുപേക്ഷിച്ച രാധയെപ്പറ്റി. സ്വന്തം നിഴലിലേക്ക് പിന്‍പറ്റി, ഒരു രാവ് വെളുത്തപ്പോള്‍ പത്രമോഫീസില്‍ പ്രസിദ്ധീകരിച്ച കഥകള്‍ മാത്രമായിപ്പോയ ‘രാധയെന്ന’ മലയാളത്തിലെ എഴുത്തുകാരി. തൊള്ളായിരത്തി അറുപതുകളില്‍ മാതൃഭൂമിയിലും, ചന്ദ്രികയിലും (വീക്കിലി) തുടരെ അച്ചടിച്ചുവന്ന വെറും മഷികറുപ്പായി അവര്‍വിടവാങ്ങിയിരിക്കുന്നു. പരപ്പനങ്ങാടിയെന്ന കുഗ്രാമത്തിന്റെ കനിവ് വറ്റിപ്പോയ ഓര്‍മകളില്‍ ആരും രാധയെ തിരഞ്ഞെത്തിയില്ല. കരിമ്പടം പുതച്ച് അവര്‍ കഥകളില്‍ കറുത്തുകിടന്നു. പക്ഷെ വായനക്കാരില്‍ കട്ടപിടിച്ച് രക്താഭയായി ചിതറിയാടി അടയാളമിട്ടു. ജ്യോമെട്രി ബോക്‌സില്‍ കോമ്പസ് മുനകൊണ്ട് അടര്‍ത്തിയെടുത്ത കാക്കാപൊന്നിന്റെ കൂട്ടത്തില്‍ അവര്‍ എതിര്‍പ്പുകളും, ഭീഷണികളും മഷിക്കുപ്പികൊണ്ട് കനംവെച്ച കടലാസുകൊണ്ടു മൂടിയിട്ടു. പക്ഷെ, സമുദായത്തിന്റെ യാഥാസ്ഥിതിക വിലങ്ങുകള്‍ ഭേദിച്ച എഴുത്തുകാരികളില്‍ പലരും(രാജലക്ഷ്മി, പത്മിനി) ആത്മഹത്യ ചെയ്തു. ചില ദുരന്ത സൂചനകള്‍ മുമ്പത്തെക്കാള്‍ വേഗത്തില്‍ രാധയ്ക്കു നേരേയും വിരല്‍ ചൂണ്ടിതുടങ്ങുന്നത് അവര്‍ അറിഞ്ഞിരിക്കണം, പിന്നീടൊരിക്കലും ‘രാധ’ പത്രമോഫീസില്‍ കഥയായെത്തിയതേയില്ല.
നീണ്ട നാല്പത്തിയഞ്ച് വര്‍ഷം ഒരു വായനക്കാരനും, എഴുത്തുകാരനുമായ റഷീദ് മാഷ് ഇപ്പോഴും ആ ‘രാധയെ’ ഓര്‍ക്കുന്നു. പഞ്ചായത്തിന്റെ വികസന രേഖയില്‍ എഴുത്തുകാരുടെ ‘ഇടത്തില്‍’ എന്നെങ്കിലും വന്നെത്തുമായിരുന്ന ‘എഴുത്തുകാരി രാധയ്ക്ക്’ ഒരു കോളം മാഷ് ഒഴിച്ചിട്ടിരുന്നു. ഒരിക്കല്‍പോലും കാണാന്‍ കഴിയാതിരുന്ന സ്വന്തം ഗ്രാമത്തിലെ എഴുത്തുകാരിയെ ഇപ്പോഴും കുറ്റബോധത്തോടെ തിരയുന്നു. ഒന്നും പറയാന്‍ കഴിയാതെ ആ ഉഗ്രമൂര്‍ത്തി മാഞ്ഞുപോയത് പലരേയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു. മാഷ് അസ്വസ്ഥതയുടെ ആ തീര്‍ത്ഥം ഞങ്ങളിലേക്ക് പകര്‍ന്ന് തന്ന്…. ചെറിയ ചെറിയ കാല്പാടുകളില്‍ ഒരു മൂളിപ്പാട്ടായ് മറഞ്ഞു.

 

തൊടിയിലെ മുളങ്കാട് വെട്ടിക്കൂട്ടിയിട്ട പോലെയുണ്ട്് ഗൂഗിള്‍ എര്‍ത്തില്‍ പരപ്പനങ്ങാടി. തെളിയാതെ കിടന്ന പുക പടര്‍പ്പിനുള്ളില്‍ നിലവറകളിലും, കാവുകളിലും രഹസ്യങ്ങള്‍ അട്ടയെപ്പോലെ പതുങ്ങിക്കിടക്കുന്നു. സൂമില്‍ വിരല്‍തൊട്ടപ്പോള്‍ അല്ലിംപടര്‍പ്പും ഒക്കെ തെളിഞ്ഞു. വായനശാലയും പളളിയും, അമ്പലവും, പിന്നേം പിന്നേം… എന്തൊക്കെയോ……… സൈബര്‍ നേത്രം മാര്‍ക്ക് ചെയ്യപ്പെടാതെ പോയെ എന്തൊക്കെയോ ചില അടയാളങ്ങള്‍, എഴുത്തിന്റെ ചില കാന്തിക ഗോപുരങ്ങള്‍ അദൃശ്യമായ മഷിതൂണുകളില്‍ കഥകളുടെ മേല്‍പുരകളാല്‍ ഇവിടെ എവിടെയോ മണ്‍മറഞ്ഞു കിടപ്പുണ്ട്, ഇനിയും കണ്ണിചേര്‍ക്കപ്പെടാതെ താളിയോലകളിലെ പുരാണ സ്മൃതികളുടെ മഷിമൂര്‍ച്ചയില്‍. ആഭിചാരം കൊണ്ട് ബന്ധിച്ച ആചാരമായി കല്‍മതിലിനുള്ളില്‍ ഇപ്പോഴും സുഭദ്രമായിരിക്കുന്ന എന്തൊക്കയോ….
തുടങ്ങുവാന്‍ പോവുന്ന ഒരു വെബ് പത്രത്തിനുവേണ്ടി കഥ ചോദിക്കുവാനാണ് മാഷെ കാണാന്‍ തീരുമാനിച്ചത്. ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത നടവരമ്പിലെ ചുരുളന്‍ കാറ്റായ് അലയുന്ന പരിഭവമാണ് ഇന്നും മാഷ്. ചരിത്രം വിട്ടുപോയതില്‍ ആരെങ്കിലും കഥയായ് ഉള്ളില്‍ കുരുങ്ങിയിട്ടുണ്ടെങ്കില്‍ ഓര്‍മിച്ചെഴുതാന്‍ പറയുകയായിരുന്നു. അപ്പോഴായിരിക്കണം മൂടിക്കിടന്ന നിധികുംഭത്തിന്റെ മേലേപരപ്പിലെ സൂത്രവാതിലില്‍ അറിയാതെ കാല്‍തട്ടി തുറന്നുപോയത്.
ഷിനോദ് എടക്കാടിന്റെ മെയില്‍ ‘ഇന്‍ബോക്‌സി’ല്‍ നിറഞ്ഞു കിടക്കുന്നു. പത്രത്തിലേക്കുള്ള ഡാറ്റകള്‍ ഒരുപാട് എത്തിച്ചുകൊടുക്കുവാനുണ്ട്. ആദ്യത്തെ പരിഭവം പിന്നീട് ഭീഷണിയായി തുടങ്ങിയിട്ടുണ്ട്. എത്രകൊടുത്താലും മതിവരാത്ത കീ ബോര്‍ഡ് എന്നെ അസ്വസ്ഥമാക്കുന്നു. ജരാസന്ധനെപ്പോലെ പിന്നേയും പിന്നേയും മുറിവ് കൂടി പ്രേതാക്ഷരങ്ങള്‍ നാക്ക്‌നീട്ടി പേടിപ്പിക്കുന്നു. എന്നാലും ഋതുഭേദങ്ങളുടെ കല്പനകളില്ലാതെ സദാപൂത്തു തളിര്‍ത്തു നില്‍ക്കുന്ന വൈവിദ്ധ്യങ്ങളും, കടംങ്കഥകളും നിറഞ്ഞ പൂമരങ്ങള്‍ തേടി പുറത്തേക്കിറങ്ങി.
റെയില്‍വെ സ്റ്റേഷന്റെ ആസ്ബറ്റോസ് ഷീറ്റില്‍ കൂടുകൂട്ടിയ അനൗണ്‍സര്‍ പെണ്ണിന്റെ ശബ്ദം ഒരു നാല്‍ക്കവലയില്‍ വഴിപിരിഞ്ഞ് നേര്‍ത്തില്ലാതായി. ആരോ ചൂണ്ടിക്കാണിച്ച ഒരു വളവിനപ്പുറം റഷീദ്മാഷിന്റെ വീട് ഒരു വലിയ മാഞ്ചോട്ടില്‍ കഥകേട്ടു മയങ്ങുന്നു. എവിടെ നിന്നോ ഒരു ശബ്ദം കയറിയിരിക്കാന്‍ പറഞ്ഞു. പൊട്ടിയൊലിച്ച നാലുകട്ട ബാറ്ററിയും പഴയ മര്‍ഫിയും, വഴിവിളക്കും അപ്പോഴേക്കും നെഞ്ചുതുളച്ചെത്തി. മാഷ് ആകാശവാണിയില്‍ സ്ഥിരമായ കഥകളെഴുതി വായിക്കുമായിരുന്നു. കാസര്‍ട്ട് വിളക്കിന്റെ കരിമ്പുക കഥകേട്ടുലയുന്ന പിന്നത്തെ രാത്രിയില്‍ മാഷ് കഥ വായിച്ചു തുടങ്ങുവാന്‍ റേഡിയോ, ടി.വി.യാകും, കഥ സിനിമായാകും, പിന്നെ നമ്മള്‍ റേഡിയോവില്‍ സിനിമ കാണും.
പുസ്തകങ്ങള്‍ക്കു നടുവില്‍ മാഷിന്റെ ചാരുകസേരക്കു മുന്നിലെ രണ്ടുകസേരകള്‍ ഞങ്ങള്‍ക്കിരിക്കാന്‍ തന്നു. ഒരു സ്വാത്വികനെ പോലെ മാഷ് പറഞ്ഞു തുടങ്ങുമ്പോള്‍ വാക്കുകളുടെ മറുപുറത്ത് ആരോ ഒരു ദേവഗ്രാമത്തിന്റെ ചിത്രം

Rasheed parappanangadi

തീര്‍ക്കുന്നു. ‘മഞ്ഞില്‍ ,പുലര്‍ച്ചെ ഒരു പതിഞ്ഞ തിരുവാതിരപ്പാട്ടില്‍ പുത്തരിപ്പാടം ഒളര്‍മാവിന്റെ ആകാശകൊമ്പില്‍ ഊഞ്ഞാലാടുന്നത്, രാത്രിയില്‍ കുറ്റിച്ചൂട്ടുകളുടെ തീകണ്ണുകള്‍ കൂട്ടം തെറ്റിപ്പിരിയുന്ന വയല്‍ വരമ്പുകള്‍ പിന്നെ തേവുകാലുകളുടെ നിഴലുകള്‍ മാത്രം നിലാപാടത്ത് പൊന്ത് കിടന്നത് പാലത്തിങ്ങല്‍ പുഴേല് അരീം സാമാനോം കൊണ്ടുവരുന്ന തോണിക്കാര് ,വക്കീല്‍കൊളമ്പും , വണ്ടിപ്പേട്ടയും ,വായനശാലയും , ചന്തുമേനോനും ,എന്‍.പി.യും ,ഖാദറും ,പിന്നെ… ഭൂമിപിളര്‍ന്ന് അപ്രത്യക്ഷയായ രാധയിലേക്ക് അടമഴക്കാറായ് കറുത്തുകെട്ടി ചുഴിയായി മാഷ് നിപതിക്കുകയായിരുന്നു.
ഓര്‍മ്മയുടെ ഒരു കണം ചേമ്പിന്‍ താളില്‍ ഊഞ്ഞാലാടിയുറക്കുന്നതിനുവേണ്ടി ഒരു ചെറിയ ഇടവേളക്കുശേഷം മാഷ് പറഞ്ഞു തുടങ്ങി. അറുപത്തിയഞ്ചുകളിലാണ് രാധയുടെ കഥകള്‍ പ്രസിദ്ധീകരിച്ചുവരുന്നത്. അന്നൊന്നും സ്ത്രീകളുടെ ഇടയില്‍ ഒരുവായനക്കുപോലും ചന്ദ്രികയും ,മാതൃഭൂമിയും ,മറ്റ് ആഴ്ചപ്പതിപ്പുകളും കണ്ടുപിടിക്കപ്പെട്ടിരുന്നേ ഇല്ല. കാക്കനാടനും ,കേശവദേവുമൊക്കെ വാരികയില്‍ എഴുതിതുടങ്ങുന്നകാലം. പത്താം ക്ലാസില്‍ പഠിക്കുകയായിരുന്ന മാഷ് തന്റെ ആദ്യത്തെ കഥ പോലും എഴുതണമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. സ്മാര്‍ത്ത വിചാരണകളില്‍ പെണ്ണുടല്‍ സ്റ്റഫ്‌ചെയ്ത് ആവര്‍ത്തിക്കാന്‍ പാടില്ലാത്ത കൊടുംപാപമായ് മുദ്രണം ചെയ്യുന്ന പുരുഷകാമസ്വാര്‍ത്ഥയുടെയും ,മേധാവിത്വത്തിന്റെയും കൂടെ കാലം. അപ്പോഴാണ് അതേനരകത്തിന്റെ പരിഛേദമായ കുണ്ടന്‍ ഇടവഴികള്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ഭൂപടമുള്ള നെടുവയിലെ ഏതോ യാഥാസ്ഥിക നായര്‍ തറവാട്ടിലിരുന്ന് ഏതോ ഒരു രാധ തലങ്ങും വിലങ്ങും എഴുതി നിറയുന്നത് . വാക്കുകളുടെ കോണും തൂക്കവും വെച്ച് അരൂപിയായ ഏഴുത്തുകാരി രൂപവതിയായി . അല്ലാതെ ഒരിക്കല്‍ പോലും രാധ എവിടെയും പ്രത്യക്ഷപെട്ടില്ല. ആരും ഒരിടത്തും രാധയെ കണ്ടില്ല.
സൂരജേട്ടന്‍ വല്ല്യുമ്മാന്ന് സ്‌നേഹത്തോടെ നീട്ടിവിളിക്കുന്ന മാഷിന്റെ കഥകളിലെ ഉമ്മ നാരങ്ങാവെള്ളവുമായി വാതില്‍ക്കലെത്തി. ഈ വല്ല്യുമ്മ ഏതുകഥയിലേക്കും ഒരു പേനാതിരുത്തുകൊണ്ട് കഥയോടിണങ്ങുന്ന വാല്‍സല്ല്യമാകുന്ന കഥാപാത്രമാണെന്ന് മനസ്സുപറയുന്നു. അപ്പോഴേക്കും അപഹരിക്കപ്പെട്ട രാധ മനസ്സുപൊളളിച്ചുതുടങ്ങിയപ്പോള്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കുന്ന കാലത്തിന്റെ കഥാപാത്രമായ് വല്ല്യുമ്മ ഒഴിഞ്ഞഗ്ലാസ്സിനുവേണ്ടി കൈനീട്ടി.

 

 

radha

ചാന്ദ്രശിലകളായി കഥകള്‍ ഉയരെ സുവ്യക്തമായി തിരിച്ചറിഞ്ഞപ്പോഴും ചര്‍ച്ചചെയ്യപ്പെട്ടപ്പോഴും എഴുത്തുകാരിയിലെ രാധയെമാത്രം ആരും കണ്ടില്ല. ചില നീതികളോട് കടപ്പെട്ട് അതിന്റെ തടവില്‍ പാര്‍ക്കാന്‍ ഇഷ്ടമുള്ള മാഷിലെ എഴുത്തുകാരനില്‍ കണ്ടെത്തപ്പെടാത്ത രാധ പശ്ചാതാപത്തിന്റെ ഒരു കുമ്പിള്‍ ഉമ്മിത്തീയായ് നീറികിടക്കുന്നു. വിസ്മൃതിയില്‍ പെട്ട എഴുത്തിന്റെ രസതന്ത്രം ബലതന്ത്രത്തിലേക്ക് പരിണാമം ചെയ്യപെടാം അതുകൊണ്ടായിരിക്കാം കാലമേറെ കഴിഞ്ഞിട്ടും സാക്ഷിയായമാഷിനെ വിചാരണചെയ്യാന്‍ പിന്നെയും ആരൊക്കെയോ എത്തുന്നത്. ചാരുകസേരയിലേക്ക് മലര്‍ന്നുകിടന്ന് മുഴുവന്‍ നരച്ചുകഴിഞ്ഞ നെഞ്ചിന്‍കൂടിനെ കൈവെള്ളയിലേക്ക് മാഷ് പൊതിഞ്ഞ് പിടിച്ചു.
സര്‍പ്പകാവ് വെട്ടിവെളുപ്പിച്ച് ദൈവദോഷത്തിന് പരിഹാരപൂജനടത്തിയപ്പോള്‍ കാവ് ദൈവത്തിന്റേതല്ലെന്നും പാമ്പുകള്‍ക്കും കിളികള്‍ക്കും മറ്റും പാര്‍ക്കുവാനുള്ള കൂടുമാത്രമാണെന്നും ,യുക്തിയോടെ ഒരു നാസ്തികസ്വരമാവുകയും ചെയ്യുന്ന ഓര്‍മ്മയിലുള്ള രാധയുടെ ഒരു കഥ പറഞ്ഞുതുടങ്ങുമ്പോള്‍ ……………സ്റ്റേഷനില്‍ നിറുത്താതെ ധൃതിയില്‍ കടന്നുപോവുന്ന ഏതോ എക്‌സ്പ്രസ് ട്രെയിനിന്റെ സംഹാരതാണ്ഢവം സ്വീകരണമുറിയിലെ നിശബ്ദതയെ വല്ലാതെ അലങ്കോലപ്പെടുത്തി , അശുദ്ധമാക്കി. പാളങ്ങള്‍ക്കിടയില്‍ നിന്നും അകന്നുപോകുന്ന വണ്ടിയുടെ കുപിതതാളം കഥയുടെ താളംതെറ്റിക്കുന്നു. എന്നോവിട്ടുപോയ കഥകളുടെ ആത്മാവില്‍ വണ്ടിചക്രങ്ങള്‍ കയറിയിറങ്ങി, പിന്നെയും നിശ്ചലതയുടെ സ്മൃതികള്‍ തെളിയുന്നു.
വായനശാലയുടെ എഴുത്തുകൂട്ടങ്ങളില്‍ രാധ ചര്‍ച്ചയാവുമായിരുന്നു. റെയില്‍വെയുടെ ഓരത്തുള്ള വായനശാലകളായിരുന്നു പരപ്പനങ്ങാടിയുടെ സ്വത്വം. ഒന്നു നെടുവെയിലും മറ്റേത് പയനിങ്ങലും. രണ്ടിലും എഴുത്തുകൂട്ടങ്ങള്‍ സജീവമായിരുന്നു ചര്‍ച്ചകളില്‍ രാധയും. കൂടിനിന്നവരിലൊന്നും രാധയില്ലായിരുന്നു. പക്ഷെ വഴിപാടുകള്‍ കൃത്യകൃത്യം പത്രഓഫീസില്‍ എത്തികൊണ്ടിരുന്നു. എഴുത്തുകൂട്ടത്തേയും ,അതുപോലെ ആരെയൊക്കേയോ ഞെട്ടിപ്പിച്ചും മോഹിപ്പിച്ചും അന്ധാളിപ്പിച്ചും ആ ഏതോ ഒരുരാധ ആഴ്ചപതിപ്പില്‍ സ്ഥിരമാവുന്നു. ബിംബങ്ങളും , അടയാളങ്ങളും പ്രദേശങ്ങളും ,കഥാപാത്രങ്ങള്‍പോലും എവിടേയോ കണ്ടും കേട്ടും അറിയുന്നവരെപോലെ അതുകൊണ്ട് തന്നെ കഥകളില്‍ ഉഴറിനടന്നു. ചിലപ്പോള്‍ മാധവികുട്ടിയുടേത് പോലെ വരികള്‍ക്കിടയില്‍ ധീരമായ ചിലസൂചനകള്‍ അവര്‍ മനപൂര്‍വ്വം അവശേഷിപ്പിച്ചിരുന്നു. കഥ വന്നാല്‍ ആ ആഴ്ചമുഴുവന്‍ വായനശാല രാധയുടേതാവും. പക്ഷെ അപ്പോഴൊക്കെയും അവര്‍ അജ്ഞാതവാസന്തത്തിന്റെ ഉന്‍മാദലഹരിയില്‍ ആയിരിക്കും. എഴുത്തുകൂട്ടത്തിലെ ഒരാള്‍പോലും അപ്പോഴും അവളെ കണ്ടിരുന്നില്ല. അല്ലെങ്കില്‍ രാധയെ ആര്‍ക്കുമറിയില്ലായിരുന്നു. അതുമല്ലെങ്കില്‍ ശൂന്യതയില്‍ നിന്നും അക്ഷരങ്ങള്‍ വാക്കുകളായി ,കഥകളായ് വന്നുചേരുന്ന ഒരു പുതിയ ഋതുഭേദത്തിനെ മൂകാംബിക രാധയെന്ന് വിളിച്ചതുമാവാം.
കഥകളിലെ ഉമ്മ കഥാപാത്രത്തിന്റെ നിയോഗം പോലെ പിന്നെയും ,പിന്നെയും നാരങ്ങാവെള്ളവുമായെത്തി. കഥയുടെ പുനരാവിഷ്‌കാരത്തിന്റെ വിസ്‌ഫോടനത്തില്‍ മാഷ് പിന്നെയും ദുര്‍ബലനായതുപോലെ. പോസ്റ്റ്മാന്‍ എന്നും മാഷിന്റെ നെള്‍സ്റ്റാജിയ ആയിരുന്നിട്ടും പോലും അന്ന് അയാളുടെ പോസ്റ്റ് വിളി മാഷ് ശ്രദ്ധിച്ചതേയില്ല.
ആഴ്ചപതിപ്പില്‍ കഥവന്നാല്‍ അന്നുവൈകുന്നേരം മാഷ് രാധയെതേടിയിറങ്ങും ,കഥകളുടെ ശ്രീകോവിലില്‍ കരിങ്കൂവള മാലകള്‍ മെടയുന്ന വിരലുകള്‍ തേടി…. സ്വന്തം ഗ്രാമത്തില്‍ നിന്നും തനിക്കുമുന്നെ കഥയെഴുതി തുടങ്ങിയ, ഒന്നുറക്കെ വിളിച്ചാല്‍ കേള്‍ക്കുന്നിടത്ത് ദൂരൂഹമായ ഈ ഇടവഴികളുടെ ഓരത്ത് എവിടെയോ ഒരു വീടിന്റെ മച്ചില്‍ മറഞ്ഞിരിക്കുന്ന അവരെ ദൂരെനിന്നും കണ്ട് മടങ്ങുവാനുള്ള വായനക്കാരന്റേയും എഴുത്തുകാരന്റേയും ഭക്തി മാത്രമായിരുന്നു അത്.
നെടുവയിലെ വായനശാലയുടെ അവിടെ എവിടെയോ ആണ് രാധയുടെ വീട് അത്രമാത്രമേ അറിയൂ. കാട് പടര്‍ന്നുകിടക്കുന്ന ഓവുപാലത്തിന് കുറുകെ റെയിലിനു മുകളില്‍ എപ്പോഴെങ്കിലും വന്നെത്തുന്ന ആരൊടെങ്കിലും എഴുത്തുകാരി രാധയുടെ വീട് അന്വേഷിക്കും. വിജനവും, ഇടുങ്ങിയതും ,അന്തമില്ലാത്തതുമായ ഏതെങ്കിലുമൊരു ഇടവഴി ചൂണ്ടികാണിച്ച് ഇവിടെ എവിടേയോ ഒരു രാധ പാര്‍ക്കുന്നുണ്ടെന്ന് തോന്നുന്നു എന്നു പറഞ്ഞ് ഏതെങ്കിലുമൊരു വഴിയിലേക്ക് അപ്രത്യക്ഷരായിപോയ എത്രയോ ആളുകള്‍. അപ്പോഴും എഴുത്തുകാരിയെ ആര്‍ക്കും അറിയില്ല. ശരിക്കും അങ്ങനെയൊരു വാരികയും ,കഥയും,രാധയും ഉണ്ടായിരുന്നില്ലേ? ഒന്നും മതിഭ്രമത്തിന്റെ തുടക്കമല്ലെന്ന് വിശ്വസിപ്പിക്കാന്‍ മാഷ് സ്വന്തം കയ്യില്‍ നുള്ളി വേദനിപ്പിച്ചു.
അ്ജ്ഞാതവും, വിജനവുമായ തീരത്തണഞ്ഞ യന്ത്രകപ്പല്‍പോലെ ഏതോ മന്ത്രികകയത്തില്‍ രാധയും ചുറ്റിതിരയുകയാവാം . യന്ത്രതകരാറുപരിഹരിച്ച് ഗാംഭീരമായ തിരിച്ചുപോക്കിനായ് കടല്‍മന്ത്രികന്റെ ജപ ചരടുകള്‍ പൊട്ടിച്ച് യാത്രയാകുന്ന നൗകയെപോലെ രാധയും തിരിച്ചുവരാതിരിക്കില്ല. ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ് രാധ ഒരു തോന്നല്‍ ആയിരുന്നില്ലെന്നും ,സത്യമായിരുന്നെന്നും സ്വയം ഉറപ്പിച്ചു. ആരോ കളിച്ചുതോറ്റ ചൂതിലെ പണയപണ്ടമാവുകയായിരുന്നോ രാധ? നീണ്ടവനവാസവും കാലാവധിയില്ലാത്ത അജ്ഞാതവാസവും. കൃഷ്ണചുടുചോരയില്‍ കൈനനച്ച് അഴിച്ചമുടികെട്ടി യവനികയുടെ പുറംതാളിലൂടെ ഇറങ്ങിപോയി. പക്ഷെ ഇനിയും തീര്‍ന്നിട്ടില്ലാത്ത കളിയിലെ പകിടകള്‍ ഉരുണ്ടുതുടങ്ങുമ്പോള്‍ അത് വെളിച്ചപൊട്ടുകളായ് രാധയുടെ സ്ത്രീധര്‍മ്മപക്ഷത്തേക്ക് നിലതെറ്റിവീഴാതിരിക്കില്ല. രാധവരാതിരിക്കില്ല………..

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മാഷ് അങ്ങനെയെ കരുതുന്നുള്ളൂ…….രാധ വരാതിരിക്കില്ല.
മാഷോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ രാധ ഒരു വേദനയും മിസ്റ്റിക്കുമാവുകയായിരുന്നു, കാരണം അപ്പോഴേക്കും അവര്‍ ഒരു തെളിഞ്ഞ എഴുത്തുകാരിയെന്ന അഡ്രസില്‍ നിന്നുമാണ് വലിച്ചിഴക്കപ്പെട്ടത്. വിവസ്ത്രമാക്കപ്പെട്ടതിന്റെ മറവിലോ, തടവിലോ ആയിരുേന്നാ എന്നുപോലും അറിയില്ല. അപ്പോഴും ആഘോഷിക്കുകയും, പീന്നീട് ആഘോഷിച്ചതിനെ വാഴ്ത്തുകയും ചെയ്ത എഴുപതിലെ ബുദ്ധിജീവി സമൂഹം കാട്ടിയ നിര്‍ദയവും നിരുത്തരവാദവും അറ്റുപോയ ഒരു ഒത്തുചേരലിനെ വിളക്കിചേര്‍ത്തതേയില്ല. ഒരൊറ്റബുദ്ധിജീവിയുടെ പുറംതോടും വിയര്‍പ്പുനാറ്റമല്ലാതെ എഴുത്തുകാരി രാധയെ തുണച്ചില്ലായിരിക്കാം.

 

‘അറ്റുപോയൊരീ തൂക്കുപാലത്തിനുകുറുകെ ഇപ്പോഴും ഗ്രാമംപകുത്ത്, ഉടലുകള്‍ പകുത്ത്, സ്മൃതികള്‍ പകുത്ത്, പിന്നെയുംവില്ലനായിപുഴകുത്തിയിരമ്പിഒഴുകുന്നു.’….

തുടരും…

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!