റിപ്പര്‍ ചന്ദ്രന്‍ കേസിലെ ദൃക്‌സാക്ഷി മരിച്ച നിലയില്‍

കാസര്‍കോട്: റിപ്പര്‍ ചന്ദ്രന്‍ കേസിലെ ദൃക്‌സാക്ഷി വീടിനകത്ത് മരിച്ച നിലയില്‍. മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് ശാസ്താക്ഷേത്രത്തിന് സമീപം ബാലചന്ദ്രയെയാണ് (53) മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവിലുള്ള സഹോദരി ശശികല ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മൂന്നു ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നായിരുന്നു സഹോദരി വീട്ടിലെത്തിയത്. ക്ഷേത്ര പൂജാരിമാരുടെ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു ബാലചന്ദ്ര.

റിപ്പര്‍ ചന്ദ്രന്‍ തലക്കടിച്ചു കൊന്ന നരസപ്പയ്യ ഹന്തെയുടെ മകനാണ് ബാലചന്ദ്ര. 1985ലായിരുന്നു കൊലപാതകം നടന്നത്. വീട്ടുവരാന്തയില്‍ ഉറങ്ങുകയായിരുന്നു വിശ്വനാഥനെ ആദ്യം തലക്കടിച്ചു കൊന്നു. തുടര്‍ന്ന് അകത്തു കയറി നരസപ്പയ്യ ഹന്തെയെ തലക്കടിച്ചു. ഭാര്യയേയും ആക്രമിച്ചു. ബാലചന്ദ്രക്ക് 13 വയസ്സുള്ളപ്പോഴാണ് കൊലപാതകം നടന്നത്. തലക്കടിയേറ്റ മാതാവ് ഇന്ദിര ഹന്തെ ഏറെക്കാലം അബോധാവസ്ഥയിലായിരുന്നു. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും വാര്‍ധക്യസഹജമായ അസുഖം മൂലം മരണപ്പെട്ടു. കൊലപാതകം നടക്കുമ്പോള്‍ ബാലചന്ദ്രയും രണ്ട് സഹോദരിമാരും വീട്ടിലുണ്ടായിരുന്നു.

വാമഞ്ചൂര്‍ ഇരട്ടക്കൊലപാതകമടക്കം 14 കൊലക്കേസുകളില്‍ പ്രതിയായിരുന്നു റിപ്പര്‍ ചന്ദ്രന്‍. ബാലചന്ദ്രയുടെ മൊഴി കണക്കിലെടുത്താണ് വാമഞ്ചൂര്‍ കൊലക്കേസില്‍ റിപ്പര്‍ ചന്ദ്രന് തൂക്കു കയര്‍ വിധിച്ചത്. മറ്റു കൊലക്കേസുകളില്‍ ജീവപര്യന്തം ശിക്ഷയായിരുന്ന ലഭിച്ചത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെ 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിക്കൊന്നിരുന്നു.

Share news
error: Content is protected !!
Scroll to Top