Section

malabari-logo-mobile

പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ 23 മാര്‍ക്ക്;  നഷ്ടപ്പെട്ട അംഗീകാരത്തിന് നീതി തേടി വിദ്യാര്‍ഥി

HIGHLIGHTS : പ്ലസ്ടു പരീക്ഷയിലെ ഇംഗ്ലീഷ് വിഷയത്തില്‍ പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ 23 മാര്‍ക്ക് അധികം നേടിയെങ്കിലും മുഴുവന്‍ എപ്ലസ്സിനുള്ള അംഗീകാരം, വിവിധ സ്‌കോള...

പ്ലസ്ടു പരീക്ഷയിലെ ഇംഗ്ലീഷ് വിഷയത്തില്‍ പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ 23 മാര്‍ക്ക് അധികം നേടിയെങ്കിലും മുഴുവന്‍ എപ്ലസ്സിനുള്ള അംഗീകാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കല്‍ തുടങ്ങിയ അവകാശങ്ങള്‍ നഷ്ടമായ വിദ്യാര്‍ഥിയുടെ പിതാവ് നീതിതേടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചു.  വഴിക്കടവ് സ്വദേശി സാമുവല്‍ വര്‍ഗ്ഗീസാണ് മകന്‍ സുബിന്‍ വര്‍ഗ്ഗീസ് സാമുവലിന് വേണ്ടി കമ്മീഷനെ സമീപിച്ചത്. 2016-17 അധ്യായന വര്‍ഷത്തില്‍ പാലേമാട് ശ്രീവിവേകാനന്ദാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്ന സുബിന്‍ ഇപ്പോള്‍ സി.എ ഫൗണ്ടേഷന്‍ കോഴ്‌സ് ചെയ്യുന്നു.   പ്ലസ്ടു പരീക്ഷയില്‍ ആദ്യം 640 ല്‍ 593 മാര്‍ക്കാണ് ലഭിച്ചിരുന്നത്.  ഇംഗ്ലീഷ് വിഷയത്തിന്റെ പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ മാര്‍ക്ക് 49ല്‍ നിന്നും 72 ആയി.  പ്ലസ്ടു വണ്‍ പരീക്ഷയില്‍ ഈ വിദ്യാര്‍ഥിക്ക് ഇംഗ്ലീഷില്‍ 100 ല്‍ 93 മാര്‍ക്കുണ്ടായിരുന്നു. സ്‌കൂളില്‍ പഠന മികവ് കാട്ടിയിരുന്ന വിദ്യാര്‍ഥിക്ക്  പ്ലസ് വണിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ മാര്‍ക്ക് പ്ലസ്ടുവിന് ലഭിച്ചതാണ് പുനര്‍ മൂല്യനിര്‍ണ്ണയത്തിനിടയാക്കിയത് .  എപ്ലസ് നേടിയ കുട്ടികളെ ആദരിച്ച ചടങ്ങില്‍ സുബിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ നല്‍കാനും ആനുകൂല്യങ്ങളോ അംഗീകാരങ്ങളോ ലഭിക്കുന്നതിന് കഴിയാതെ വന്ന സാഹചര്യത്തില്‍ തീര്‍ത്തും അശ്രദ്ധമായും നിരുത്തരവാദപരമായും ഉത്തര കടലാസ്സ് പരിശോധിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരനായ പിതാവ് സാമുവല്‍ വര്‍ഗ്ഗീസ് കമ്മീഷന്റെ മുമ്പാകെ അഭ്യര്‍ത്ഥിച്ചു.  ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടു പ്രകാരം  ഉത്തര കടലാസ് ഒരിക്കല്‍ കൂടി പരിശോധിച്ചു വരികയാണ്.  മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപകനെ കണ്ടെത്താനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന സിറ്റിങില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ പങ്കെടുത്തു.  മുന്‍കൂട്ടി ലഭിച്ച 31 പരാതികളില്‍ ഒമ്പതെണ്ണത്തില്‍ ഉത്തരവിനായി മാറ്റിവെച്ചിട്ടുണ്ട്.  പുതുതായി നാല് പരാതികള്‍ ലഭിച്ചിട്ടുണ്ട്.  ബാങ്കിങ് സംബന്ധിച്ച പരാതികള്‍, അറബിക് അധ്യാപകരുടെ എന്‍.സി.എ ഒഴിവ് നികത്തല്‍, ബി.പി.എലില്‍ ഉള്‍പ്പെടുത്തല്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍  തുടങ്ങിയ പരാതികളാണ് ലഭിച്ചിരുന്നത്.  കമ്മീഷന്റെ അടുത്ത സിറ്റിങ് ഡിസംബര്‍ അഞ്ചിന് നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!