പീഡനമെന്ന് ഉറച്ച് നാട്ടുകാര്‍… പേടിച്ചരണ്ട് കൂട്ടുകാര്‍

താനൂര്‍: പീഡന വാര്‍ത്തകള്‍ ദിനംപ്രതി വന്നു നിറയുമ്പോള്‍ നാട്ടുകാര്‍ ജാഗരൂകരാകുന്നത് സ്വാഭാവികം. വെള്ളിയാഴ്ച വൈകീട്ട് താനൂരിലും പരിസരത്തും അരങ്ങേറിയ നാടകീയ രംഗങ്ങള്‍ ഇതിന് നല്ലൊരുദാഹരണം.

താനൂരിനടുത്തെ ഇട്ടിലാക്കലുള്ള ഒരു സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ വൈകീട്ട്് ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി ഫോണ്‍ ചെയ്ത് നടന്നതോടെ ചില നാട്ടുകാര്‍ സംശയത്തോടെയും ജിജ്ഞാസയോടെയും പെണ്‍കുട്ടിയെ നിരീക്ഷിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഒരു ചെറുപ്പക്കാരന്‍ കൂടി സംഭവസ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ ഉറപ്പിച്ചു. ഇത് വാണിഭം തന്നെ പിന്നെ ഒന്നും ആലോചിച്ചില്ല ‘പ്രതികളെ’ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ പോലീസിനെയും വിവരമറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്താന്‍ നേരം വൈകിയതോടെ നാട്ടുകാര്‍ പോലീസിനു നേരെയും തിരിഞ്ഞു. അതോടെ യഥാര്‍ത്ഥ പോലീസ് ചെറുപ്പക്കാരനെയും പെണ്‍കുട്ടയേയും പൊക്കിയെടുത്ത് താനൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

എന്നാല്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യഥാര്‍ത്ഥ വിവരം പുറത്തുവരുന്നത്. മുമ്പേ പരിചയക്കാരും തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായിരുന്ന ഇവര്‍ രണ്ടിടങ്ങളിലേക്കായി താമസം മാറിപ്പോവുകയായിരുന്നു. ചെറുപ്പക്കാരന്റെ വീട്ടുകാര്‍ താമസം മാറിയ വിവരമറിയാതെ പെണ്‍കുട്ടി മുമ്പ് താമസിച്ച ക്വാര്‍ട്ടേഴ്‌സിലെത്തുകയായിരുന്നത്രെ. അവിടെ ആരെയും കാണാതായതിനെ തുടര്‍ന്ന് ഇയാളെ ഫോണില്‍ വിളിച്ചപ്പോള്‍ പെണ്‍കുട്ടിയോട് അവിടെ നില്‍ക്കാനും താന്‍ ഇപ്പോള്‍ അവിടെയെത്താമെന്നും ചെറുപ്പക്കാരന്‍ പറഞ്ഞുവെത്രെ. തുടര്‍ന്നാണ് നാട്ടുകാരുടെ ഇടപെടലും ഇവരെ പോലീസ് സ്‌റ്റേഷനില്‍ കയറ്റലും നടന്നത്.

സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കിയ പോലീസ് ഇവരെ വെറുതെ വിടുകയായിരുന്നു. പീഡിപ്പിക്കലല്ല..പേടിപ്പിക്കലാണ് നടന്നതെന്നാണ് പോലീസിന്റെ ഭാഷ്യം. ദിവസങ്ങളോളം ചര്‍ച്ച ചെയ്യാന്‍ ഒരു വിഷയം കിട്ടിയ ആശ്വാസത്തില്‍ നാട്ടുകാരും മടങ്ങി.

Share news
error: Content is protected !!
Scroll to Top