പാടം നികത്തന്‍ കുഴിയെടുത്തതോടെ കുടിവെള്ള കിണറില്‍ വെള്ളം താഴ്ന്നു.

തിരൂരങ്ങാടി: പാടം നികത്താനായി മണ്ണെടുത്ത കുഴിയിലേക്ക് കുടിവെള്ള പദ്ധതിയുടെ കിണറില്‍ നിന്നും വെള്ളം ചോരുന്നു. പെരുവള്ളൂര്‍ പഞ്ചായത്തിലെ സൂപ്പര്‍ ബസാറിനടുത്ത് മൂച്ചിക്കല്‍ കോരുവിന്റെ പള്ളിയാളി മേനിറ്റിയാട് പാടത്താണ ് കുടിവെള്ള പദ്ധതി കിണറില്‍ നിന്നുള്ള വെള്ളം പാടം നികത്താനെടുത്ത കുഴിയിലേക്ക് ചോരുന്നത്.
20 സെന്റോളം വരുന്ന പാടം നികത്താനായി ഒരു വലിയ കുഴി കുഴിച്ചാണ് മണ്ണെടുത്തിട്ടുള്ളത്.തൊട്ടടുത്തുള്ള നീര്‍ധാരാ വികസന സമിതിയുടെ കിണറില്‍ നിന്നാണ് വെള്ളം കുഴിയിലേക്ക് ചോര്‍ന്നത്. ഇതോടെ കിണറിലെ വെള്ളം താഴ്ന്നു.അറുപതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുടെ കിണറാണ് അനധികൃത പാടം നികത്തല്‍ മൂലം വെള്ളമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നത്.
നേരത്തെ ഇതേ രീതിയില്‍ കുഴിയെടുത്തത് കുടിവെള്ള പദ്ധതിയുടെ കിണറിലെ മുഴുവന്‍ വെള്ളവും വറ്റാനിടയാക്കിയിരുന്നു. പുളിയമ്പലം കൊയപ്പ പാടത്താണ് വയല്‍ നികത്തുന്നതിനായി കുഴിച്ച കുഴിയിലേക്ക് കിണറിലെ വെള്ളം ചോര്‍ന്നത്. അമ്പത്തിരണ്ടോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. ഏഴ് മീറ്റര്‍ താഴ്ചയുള്ള കിണറിനടുത്ത് അഞ്ച് മീറ്റര്‍ മാറിയാണ് 25 മീറ്റര്‍ താഴ്ചയില്‍ കുഴിയെടുത്തത്. ഇതോടെ കിണറിലെ വെള്ളം കുഴിയിലെത്തി. ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

മോനിറ്റിയാട് പാടത്ത് കുഴിയില്‍ നിറഞ്ഞ വെള്ളം വാഹനങ്ങളില്‍ പുറത്തേക്ക് കൊണ്ടുപോകുന്നതായി ആക്ഷേപമുണ്ട്. കര്‍ഷകരുടെ പേരിലാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുത്ത വരള്‍ച്ച നേരിടുന്ന സന്ദര്‍ഭത്തില്‍ വയല്‍ നികത്തുന്നതിനായി കുഴിയെടുക്കുന്നത് തടയാന്‍ റവന്യൂ അധികൃതര്‍ തയ്യാറാവാത്തത് ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. പഞ്ചായത്തധികൃതരും മൗനാനുവാദം നല്‍കുകയാണെന്നും സംശയമുയര്‍ന്നിട്ടുണ്ട്. കുടിവെള്ള പദ്ധതികളെ തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Share news
error: Content is protected !!
Scroll to Top