Section

malabari-logo-mobile

ദോഹ ഗോള്‍സ് ഫോറത്തിന് നാളെ ലോസ്ഏഞ്ചല്‍സില്‍ തുടക്കം

HIGHLIGHTS : ദോഹ: ഖത്തറിന് പുറത്ത് ആദ്യമായി അരങ്ങേറുന്ന ദോഹ ഗോള്‍സ് ഫോറത്തിന് നാളെ ലോസ്ഏഞ്ചല്‍സില്‍ തുടക്കമാകും. പ്രാസംഗികര്‍, ലോകോത്തര കായിക താരങ്ങള്‍,

ദോഹ: ഖത്തറിന് പുറത്ത് ആദ്യമായി അരങ്ങേറുന്ന ദോഹ ഗോള്‍സ് ഫോറത്തിന് നാളെ ലോസ്ഏഞ്ചല്‍സില്‍ തുടക്കമാകും. പ്രാസംഗികര്‍, ലോകോത്തര കായിക താരങ്ങള്‍, നയതന്ത്രജ്ഞര്‍, ആഗോള ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍മാര്‍, എന്‍ ജി ഒമാര്‍ തുടങ്ങി നൂറോളം പേരാണ് ദോഹ ഗോള്‍സ് ഫോറത്തില്‍ പങ്കെടുക്കുന്നത്. 23 മികച്ച മാനേജ്‌മെന്റ് പദ്ധതികളില്‍ നിന്നായി 280 വിദ്യാര്‍ഥികളും ഫോറത്തില്‍ പങ്കെടുക്കും.

വ്യക്തികളെ പ്രചോദിപ്പിക്കുന്നതിനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനുമപ്പുറമാണ് ദോഹ ഗോള്‍സ് ഫോറമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശൈഖ് ഫൈസല്‍ ബിന്‍ മുബാറക്ക് ആല്‍ താനി അഭിപ്രായപ്പെട്ടു. കായികം ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന രംഗങ്ങള്‍ക്ക് ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താനാവുമെന്ന് ദോഹ ഗോള്‍സ് ഫോറം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2012ല്‍ തുടക്കം കുറിച്ച ദോഹ ഗോള്‍സ് ഫോറത്തില്‍ ഇതിനകം 124 രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തിലേറെ പ്രതിനിധികളാണ് പങ്കെടുത്തത്. ലോകത്തിലെ വ്യത്യസ്തമായ സാമൂഹ്യ- സാമ്പത്തിക പ്രശ്‌നങ്ങളെ കായിക കാഴ്ചപ്പാടിലൂടെ എങ്ങനെ തരണം ചെയ്യാനാവുമെന്നാണ് ചര്‍ച്ച ചെയ്തത്.

sameeksha-malabarinews

ലോകോത്തര കായിക താരങ്ങളായ മൈക്കല്‍ ഫെല്‍പ്‌സ്, മാര്‍ക്ക് സ്പിറ്റ്‌സ്, ട്രാവിസ് പാസ്ട്രാന, നാദിയ കൊമാനേസി, കാള്‍ ലൂയിസ്, മേള്‍ ഡാവിസ് തുടങ്ങിയവര്‍ ദോഹ ഗോള്‍സ് ഫോറത്തില്‍ പങ്കെടുക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പാനല്‍ ചര്‍ച്ചകള്‍, മുഖ്യപ്രഭാഷണങ്ങള്‍, മികച്ച കായിക താരങ്ങളുമായി മുഖാമുഖം തുടങ്ങിയവ അരങ്ങേറും.

‘കായിക വ്യാപാരത്തിലെ മാറ്റങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കായിക വ്യാപാര മേഖലയിലെ പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യും. ‘കായിക രംഗത്തെ നാനാത്വങ്ങളുടെ ശക്തി’ എന്ന വിഷയത്തില്‍ കായിക രംഗം ചെലുത്തേണ്ട സ്വാധീനവും ഉത്തരവാദിത്വവും ചര്‍ച്ച ചെയ്യുകയും ‘കായിക മേഖലയില്‍ തുല്യ അവസരം’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കായിക രംഗത്ത് ലഭിക്കേണ്ട തുല്യാവകാശങ്ങളെ കുറിച്ചും ആശയവിനമയം നടക്കും.

യു സി എല്‍ എ, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ്, യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗന്‍, ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്  ഫോറത്തില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷവും ആസ്‌പെയര്‍ സോണിലാണ് ദോഹ ഗോള്‍സ് ഫോറം അരങ്ങേറിയത്. പുതിയ ശ്രോതാക്കളേയും പുതിയ പങ്കാളിത്തവും ഉദ്ദേശിച്ചാണ് ഈ വര്‍ഷം ഫോറം ലോസ് ഏഞ്ചല്‍സിലേക്ക് മാറ്റിയത്. ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സ് ലോക ഗെയിംസും ദോഹ  ഗോള്‍സ് ഫോറവും ഒന്നിച്ചാണ് അരങ്ങേറുന്നത് എന്ന പ്രത്യേകതയുമുണ്ട്.

സ്‌പെഷ്യല്‍ ഒളിംപിക്‌സ് ചെയര്‍മാന്‍ ടിം ഷ്രിവര്‍ ദോഹ ഗോള്‍സ് ഫോറത്തിന്റെ ഉപദേശക സമിതി അംഗമായിരുന്നു. ഏഴായിരം അത്‌ലറ്റുകളും മൂവായിരം കോച്ചുകളുമാണ് സ്‌പെഷ്യല്‍ ഒളിംപിക്‌സ് ലോക ഗെയിംസില്‍  പങ്കെടുക്കാനെത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!