Section

malabari-logo-mobile

ജൂഗല്‍ബന്ദി – ബിംബങ്ങളുടെ സുവര്‍ണ്ണ ദീപ്തി

HIGHLIGHTS : അനുഭൂതികളുടെ ലോകത്തേക്കുള്ള രഹസ്യഭാഷയിലുള്ള ക്ഷണക്കത്താണ് കവിത

പ്രസാദ് കൊടിഞ്ഞി

അനുഭൂതികളുടെ ലോകത്തേക്കുള്ള രഹസ്യഭാഷയിലുള്ള ക്ഷണക്കത്താണ് കവിത. അനുഭൂതികളുടെ ലോകത്തേക്കുള്ള വഴികളും വഴിയടയാളങ്ങളും നിഗൂഢമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ക്ഷണക്കത്ത്. അതിനിഗൂഢമായി ആലേഖനം ചെയ്യപ്പെട്ട ഈ വഴികളും വഴിയടയാളങ്ങളും സൂക്ഷ്മമായി വായിച്ചെടുക്കുന്നവര്‍ക്കുമുന്നില്‍ അനുഭൂതിലോകത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നു. ഓര്‍മ്മകളും അനുഭവങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ഭാവനയും കടും വിഷാദവും കണ്ണീരും ചേര്‍ത്ത് കവി സൃഷ്ടിച്ച അനുഭൂതിലോകം, കവി അറിയാത്ത, കവി കാണാത്ത, കവി എഴുതാത്ത സൗന്ദര്യത്തിന്റെ സഹസ്രവര്‍ണ്ണശോഭയുള്ള നൂതനമായ ഒരനുഭൂതി പ്രപഞ്ചമായി വിശാലമാകുന്നു, വായനയില്‍. കവിതയിലെ ഇന്ദ്രജാലവും ഇതുതന്നെ.
അനുഭൂതികളുടെ വര്‍ണ്ണവൈവിധ്യമുള്ള ലോകത്തിലേക്ക് ഒരു ജാലകം തുറന്നുവെക്കുന്നതിന്റെ മനോഹാരിത അനുഭവിപ്പിക്കുന്നുണ്ട് സുള്‍ഫിയുടെ ‘ജുഗല്‍ബന്ദി’ എന്ന സമാഹാരത്തിലെ കവിതകള്‍. ഗൃഹാതുരത നിറയുന്ന തന്റെ കുറിപ്പുകളിലൂടെ, നടന്നുമാഞ്ഞ നാട്ടുവഴികളുടെയും വേനലവധിയുടെയും മാമ്പഴക്കാലത്തിന്റെയും സ്മൃതിസുഗന്ധങ്ങളും മധുരങ്ങളും നമ്മില്‍ വീണ്ടും നിറച്ച സുള്‍ഫിയുടെ ആദ്യ കവിതാസമാഹാരമാണ് ജുഗല്‍ബന്ദി.. അവതാരികയില്‍ വി. മധുസൂദനന്‍ നായര്‍ നിരീക്ഷിക്കുന്നതുപോലെ ജീവിതത്തിന്റെ കാഴ്ചപ്പുറങ്ങളില്‍നിന്ന് കാണാപ്പുറങ്ങളിലേക്ക് ഹൃദയസഞ്ചാരം നടത്തുന്ന ഒരു കവിയുണ്ട് ഈ കവിതകളില്‍. ഹൃദ്യമാണ് ആ കവിയുടെ കവിതാവഴിയിലൂടെയുള്ള സഞ്ചാരങ്ങള്‍.
”ഹരി,
പുല്ലാങ്കുഴലിന്റെ തേങ്ങലില്‍
പുഴയുടെ മാദകമായ മൗനം മീട്ടുമ്പോള്‍,
അലസമായൊഴുകുന്ന നീരദപാളിപോലെ
മോഹത്തിന്റെ മഴവില്ലുതീര്‍ത്തു
പിടയുമ്പോള്‍,
പ്രണയത്തിന്റെ പിണക്കംപോലെ
പിന്നെയും വേണുവില്‍
നാലായിരം നാദത്തിന്റെ
നറുനിലാവായ്
ഹൃദയത്തെ ഘനീഭവിപ്പിച്ച്
ചൗരസ്യ തുളുമ്പുകയാണ്.” (ജുഗല്‍ബന്ദി)
– എന്നും
”നിദ്രാവിഹീനമായ നേത്രംകൊണ്ട്
ഇമവെട്ടാതുള്ള നോട്ടം,
ഗഗനാപാരതയില്‍
തൂകിപ്പോയ ഒരു രശ്മിക്കും
പെരുമഴയില്‍ വിലയിച്ച ജലകണത്തിനും
ഒരുപമ.” (നിശ്ശബ്ദത) – എന്നും സുള്‍ഫി എഴുതുമ്പോള്‍ വാക്കുകളുടെ കുടന്നയില്‍ കോരിയെടുത്ത സൗന്ദര്യമായി മാറുന്നു കവിത. സൗന്ദര്യത്തിന്റെ വസന്തം പടിയിറങ്ങാത്ത, സുഗന്ധം അലിഞ്ഞുതീരാത്ത, കുളിര്‍ വറ്റിയൊടുങ്ങാത്ത ഇടമാണ് സുള്‍ഫിയുടെ കവിതയുടെ ഇടം. അതിമനോഹരമായ ബിംബകല്പനകളിലൂടെ സൗന്ദര്യത്തിന്റെ വസന്തത്തെ പടിയിറങ്ങാന്‍ സമ്മതിക്കാതെ കവിതയില്‍ത്തന്നെ പിടിച്ചുവെയ്ക്കുന്നു സുള്‍ഫി.
കവിതയുടെ കാന്‍വാസ് സുള്‍ഫിക്ക് കാല്പനികതയൂടെ പച്ചത്തുരുത്തുവരയ്ക്കാന്‍ മാത്രമുള്ളതല്ല.
”ഓര്‍മ്മകള്‍,
കഴുത്തറുത്തുകൊന്ന കുഞ്ഞാടിന്റെ
ചിമ്മാത്ത കണ്ണുകളാകുന്നത്
മരിച്ചുജീവിക്കുമ്പോഴാണ്. ” (സ്മൃതിഭ്രമങ്ങള്‍) – എന്ന് ഓര്‍മ്മകളുടെ താങ്ങാനാവാത്ത ഭാരത്തെക്കുറിച്ച് എഴുതുമ്പോള്‍ ജീവിതത്തിന്റെ താങ്ങാനാകാത്ത ഭാരത്തെക്കുറിച്ചുകൂടിയാണ് കവി എഴുതുന്നത്. ഇവിടെ കവിത യാഥാര്‍ത്ഥ്യത്തിന്റെ മരുഭൂമി നിറയുന്ന കാന്‍വാസായി മാറുന്നു.
ജീവിതത്തിന്റെ വസന്തവും ഗ്രീഷ്മവും പകര്‍ന്നാട്ടം നടത്തുന്ന മുപ്പത് കവിതകളുടെ ഈ സമാഹാരത്തെ ശ്രദ്ധയമാക്കുന്നത്, ചെത്തിമിനുക്കിയെടുത്ത കാവ്യബിംബങ്ങളില്‍നിന്ന് രൂപപ്പെടുന്ന സുവര്‍ണ്ണ ദീപ്തിതന്നെയാണ്.
l

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!