Section

malabari-logo-mobile

ഗൊയങ്ക പുരസ്കാരം പ്രജേഷ്സെന്നിന്

HIGHLIGHTS : ദല്‍ഹി : പത്രപ്രവര്‍ത്തന മികവിന് അഖിലേന്ത്യാ തലത്തില്‍

ദല്‍ഹി : പത്രപ്രവര്‍ത്തന മികവിന് അഖിലേന്ത്യാ തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രമുഖമായ രാമനാഥ് ഗോയങ്കെ അവാര്‍ഡിന് മാധ്യമം കോഴിക്കോട് യൂനിറ്റിലെ സബ് എഡിറ്റര്‍ ജി. പ്രജേഷ്സെന്‍ അര്‍ഹനായി. പ്രാദേശിക ഭാഷാ വിഭാഗത്തില്‍ 2010ലെ മികച്ച റിപ്പോര്‍ട്ടിനാണ് ലക്ഷം രൂപയും ശില്‍പവും അടങ്ങുന്ന പുരസ്കാരം. ന്യൂദല്‍ഹി താജ് പാലസില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവം അവാര്‍ഡ് സമ്മാനിച്ചു. ‘ദി ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍-ഇന്‍-ചീഫ് ശേഖര്‍ ഗുപ്ത അധ്യക്ഷനായിരുന്നു.
രാമനാഥ് ഗോയങ്കെ സ്മാരക ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ദേശീയതല പുരസ്ക്കാരത്തിന് ടൈംസ് ഓഫ് ഇന്ത്യ സ്പെഷല്‍ പ്രോജക്ട് എഡിറ്ററും ചേര്‍ത്തല സ്വദേശിയുമായ ജോസി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിലെ ആദര്‍ശ് ഫ്ളാറ്റ് അഴിമതി പുറത്തു കൊണ്ടുവന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് രണ്ടര ലക്ഷം രൂപയും ശില്‍പവും അടങ്ങുന്ന അവാര്‍ഡ്. ആജീവനാന്ത സംഭാവന മുന്‍നിര്‍ത്തിയുള്ള പുരസ്ക്കാരം മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഇന്ദര്‍ മല്‍ഹോത്രക്ക്.
വിവിധ സംസ്ഥാനങ്ങളിലെ  സ്വകാര്യ ആശുപത്രികളിലും ലാബുകളിലും വിദേശ കമ്പനികള്‍ക്കുവേണ്ടി രോഗികളെ ഗിനിപ്പന്നികളാക്കി നടക്കുന്ന അനധികൃത മരുന്നു പരീക്ഷണത്തെക്കുറിച്ച്  2010 ആഗസ്റ്റ് 10 മുതല്‍ 15 വരെ ‘മാധ്യമം’ പ്രസിദ്ധീകരിച്ച  ‘പരീക്ഷണക്കുഴലില്‍ ആശുപത്രി ജീവിതം’ എന്ന അന്വേഷണ പരമ്പരയാണ് അവാര്‍ഡിന് പരിഗണിച്ചത്.  സാഹസിക പത്രപ്രവര്‍ത്തനത്തിനുള്ള തിരുവനന്തപുരം പ്രസ്ക്ളബിന്‍െറ ജി.വേണുഗോപാല്‍ സ്മാരക അവാര്‍ഡ് ഈ റിപ്പോര്‍ട്ടിന് ലഭിച്ചിരുന്നു.
വി.കെ. മാധവന്‍കുട്ടി കേരളീയം മാധ്യമ പുരസ്കാരം, വിജിലന്‍റ് അവാര്‍ഡ്, വി. കരുണാകരന്‍ നമ്പ്യാര്‍ പുരസ്കാരം, തെരുവത്ത്രാമന്‍ അവാര്‍ഡ്, ആര്‍. കൃഷ്ണസ്വാമി അവാര്‍ഡ്,  കെ.സി. മാധവകുറുപ്പ് അവാര്‍ഡ്, എസ്.ബി.ടി മാധ്യമ പുരസ്കാരം, ഫാ. കൊളംബിയര്‍  പുരസ്കാരം തുടങ്ങി 13 അവാര്‍ഡുകള്‍ പ്രജേഷ് സെന്നിന് ലഭിച്ചിട്ടുണ്ട്.
വാടകത്തൊട്ടില്‍, മാഞ്ചി-ഒരു ടെസ്റ്റ്ട്യൂബ് അനാഥയുടെ കഥ, തന്‍മാത്രകള്‍, ഏകലവ്യന്‍െറ വിരല്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാല പൂവത്തൂര്‍വീട്ടില്‍ എന്‍.ഗോപി-ലതിക ദമ്പതികളുടെ മകനാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!