Section

malabari-logo-mobile

കാഴ്‌ചയില്ലാത്തവര്‍ക്ക്‌ പൂന്തോപ്പും കാര്‍പോളജി ശേഖരവും: സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു

HIGHLIGHTS : വിവരങ്ങള്‍ ലഭിക്കുകയെന്നത്‌ തീര്‍ത്തും അനായാസമായിക്കഴിഞ്ഞ ആധുനിക ലോകത്ത്‌ വിവരങ്ങളെ ക്രിയാത്മകമായ ഉള്‍ക്കാഴ്‌ചകളാക്കി മാറ്റി സര്‍ഗാത്മകതക്ക്‌ ഊര്‍ജ...

University-Speaker P.Sreeramakrishnan inaugurates Touch & Feel Garden-4വിവരങ്ങള്‍ ലഭിക്കുകയെന്നത്‌ തീര്‍ത്തും അനായാസമായിക്കഴിഞ്ഞ ആധുനിക ലോകത്ത്‌ വിവരങ്ങളെ ക്രിയാത്മകമായ ഉള്‍ക്കാഴ്‌ചകളാക്കി മാറ്റി സര്‍ഗാത്മകതക്ക്‌ ഊര്‍ജ്ജം പകരുന്ന പ്രക്രിയയാണ്‌ സര്‍വകലാശാലകള്‍ ലക്ഷ്യമാക്കേണ്ടതെന്ന്‌ നിയമാസഭാ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. കാഴ്‌ചയില്ലാത്തവര്‍ക്ക്‌ ഇലകളും പൂക്കളും കായ്‌കളും പഴങ്ങളും തൊട്ടും മണത്തും അതിന്‌ പുറമെ റെക്കോര്‍ഡ്‌ ചെയ്‌ത വിവരണങ്ങളിലൂടെയും അറിയാനുള്ള ഇന്ത്യയിലെ ആദ്യത്തെ പൂന്തോപ്പ്‌ �ടച്ച്‌ ആന്റ്‌ ഫീല്‍ ഗാര്‍ഡന്‍ ഫോര്‍ വിഷ്വലി ഇംപയേര്‍ഡ്‌� കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൗലിക ഗവേഷണത്തിനും ക്രിയാത്മക സംവാദത്തിനും അനുഗുണമായ അന്തരീക്ഷം കാമ്പസുകളില്‍ പ്രദാനം ചെയ്യേണ്ടതുണ്ട്‌. പാഠപുസ്‌തക ഉള്ളടക്കങ്ങള്‍ക്കും ലക്‌ചര്‍ ക്ലാസുകള്‍ക്കും ഉപരിയായ വിശ്‌ഷ്‌ടമായ കാര്യങ്ങള്‍ സാമൂഹ്യസേവനപരമായ പ്രവര്‍ത്തനങ്ങളിലൂടെ കാലിക്കറ്റ്‌ സര്‍വകലാശാല നടത്തുന്നുവെന്നത്‌ അഭിനന്ദനാര്‍ഹമാണ്‌.
25 വര്‍ഷം മുമ്പ്‌ കേവലം കശുവണ്ടിത്തോപ്പ്‌ മാത്രമായിരുന്ന, ചെങ്കല്ല്‌ നിറഞ്ഞ കാമ്പസിന്‌ അത്ഭുതകരമായ മാറ്റങ്ങളാണ്‌ ഇന്നുള്ളത്‌. ബോട്ടണി പഠനവിഭാഗത്തിന്റെ സേവനം ഇതിന്‌ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സര്‍വകലാശാലകളില്‍ ഒന്നായി കാലിക്കറ്റ്‌ മാറിയെന്നത്‌ ശുഭസൂചകമാണെന്നും സ്‌പീക്കര്‍ പറഞ്ഞു.
കാഴ്‌ചയില്ലാത്തവര്‍ക്ക്‌ വേണ്ടിയുള്ള പൂന്തോപ്പ്‌ ഉദ്‌ഘാടന ചെയ്യുന്ന ചടങ്ങില്‍ സ്വന്തം കണ്ണുകള്‍ മൂടികൊണ്ടാണ്‌ സ്‌പീക്കറും മറ്റ്‌ വിശിഷ്‌ടാതിഥികളും പങ്കെടുത്തത്‌. ലോകത്തിന്റെ മനോഹരമായ കാഴ്‌ചകളത്രയും നഷ്‌ടമായവര്‍ അനുഭവിക്കുന്ന അതേ രീതിയില്‍, തൊട്ടും മണത്തും, വിവരങ്ങള്‍ കേട്ടും അനുഭവിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ രീതിയില്‍ ഉദ്‌ഘാടനം നടത്തിയത്‌. വിശ്‌ഷ്‌ടാതിഥികള്‍ക്കൊപ്പം കോഴിക്കോട്‌ കൊളത്തറ വികലാംഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കാഴ്‌ചയില്ലാത്ത വിദ്യാര്‍ത്ഥികളും, സര്‍വകലാശാലയിലെ കാഴ്‌ചയില്ലത്ത ജീവനക്കാരും ഈ അപൂര്‍വമായ ചടങ്ങിന്റെ സാന്നിധ്യമായി.
പരിസ്ഥിതി ഓഡിറ്റ്‌, ജനറല്‍ ഓഡിറ്റ്‌ എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ പ്രകാശനവും സ്‌പീക്കര്‍ നിര്‍വഹിച്ചു. പരിസ്ഥിതി റിപ്പോര്‍ട്ട്‌ വൈസ്‌ ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ്‌ ബഷീറും ജനറല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ പി.അബ്‌ദുല്‍ ഹമീദ്‌ എം.എല്‍.എയും ഏറ്റുവാങ്ങി.
ഉണങ്ങിയ വിത്തുകളും പഴങ്ങളും ഉള്‍പ്പെടുന്ന കാര്‍പോളജി വിഭാഗത്തിന്റെ ഉദ്‌ഘാടനം പി.അബ്‌ദുല്‍ ഹമീദ്‌ എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍വകലാശാലാ ജീവനക്കാരും അധികൃതരും ജനപ്രതിനിധികളും ഒരുമിച്ച്‌ നിന്ന്‌ സര്‍വകലാശാലയുടെ പുരോഗതിക്കുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. കൂടുതല്‍ പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ അവ ലഭ്യമാക്കുന്നതിന്‌ പൂര്‍ണ്ണ പിന്തുണ എം.എല്‍.എ വാഗ്‌ദാനം ചെയ്‌തു.
മരുപ്രദേശങ്ങളില്‍ വളരുന്ന വിവിധ ഇനം കള്ളിച്ചെടികളുടെ ശേഖരം ഉള്‍പ്പെടുത്തി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒരുക്കിയ തോട്ടത്തിന്റെ (Cacti and Succulent House) ഉദ്‌ഘാടനം വൈസ്‌ ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ്‌ ബഷീര്‍ നിര്‍വഹിച്ചു.
ടച്ച്‌ ആന്റ്‌ ഫീല്‍ ഗാര്‍ഡനില്‍ മണമുള്ള ഇലകളോ, പൂക്കളോ ഉള്ള 65 ഇനം ചെടികള്‍, തുറസ്സായ സ്ഥലത്ത്‌ ഉയര്‍ത്തിയ പ്ലാറ്റ്‌ ഫോമില്‍ ക്രമീകരിച്ചിട്ടുണ്ട്‌. ഓരോ ചെടിയുടെയും പേരുകള്‍ സാധാരണ രീതിയിലും ബ്രെയിലിയിലും എഴുതിയിരിക്കുന്നു. കൂടാതെ നെയിം ബോര്‍ഡില്‍ പ്രത്യേക തരത്തിലുള്ള സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്‌. സോണിക്‌ ലേബലര്‍ (Sonic Labeller) എന്ന പേരിലുള്ള, പേനയുടെ ആകൃതിയിലുള്ള പ്രത്യേക ഉപകരണംകൊണ്ട്‌ ഈ സ്റ്റിക്കറില്‍ സ്‌പര്‍ശിച്ചതോടെ ആ ചെടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിന്റെ സ്‌പീക്കറിലൂടെ വിശിഷ്‌ടാതിഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കേട്ടു. ചെടിയുടെ പേര്‌, ശാസ്‌ത്ര നാമം, ഉപയോഗങ്ങള്‍ തുടങ്ങിയവയെല്ലാം റെക്കാര്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. മുള്ളുള്ളവയും ചൊറിച്ചില്‍ ഉണ്ടാക്കുന്നവയുമായ സസ്യയിനങ്ങള്‍ ഒഴിവാക്കിയാണ്‌ ചെടികള്‍ തെരഞ്ഞെടുത്തിട്ടുള്ളത്‌.
നാരകം, ഞാവല്‍, ചിറ്റരത്ത, വയമ്പ്‌, ബിരിയാണിച്ചെടി, ചങ്ങലംപരണ്ട, ഏലം, ആടലോടകം, മധുരച്ചെടി, കോളച്ചെടി, ബ്രഹ്മി, കൃഷ്‌ണ തുളസി തുടങ്ങിയ ശേഖരത്തില്‍ ഉള്‍പ്പെടുന്ന ചെടികളെല്ലാം കാഴ്‌ചയില്ലാത്തവര്‍ ഏറെ കൗതുകത്തോടെ മനസ്സിലാക്കി.
സര്‍വകലാശാലാ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ചുമതലയുള്ള പ്രൊഫ.എം.സാബു കാഴ്‌ചയില്ലാത്തവര്‍ക്കുള്ള പൂന്തോട്ടത്തെയും മറ്റ്‌ സംവിധാനങ്ങളെയും കുറിച്ച്‌ വിവരിച്ചു. യൂണിവേഴ്‌സിറ്റി എഞ്ചിനീയര്‍ കെ.കെ.അബ്‌ദുല്‍ നാസിര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സിന്റിക്കേറ്റ്‌ അംഗം ഡോ.പി.ശിവദാസന്‍ പ്രസംഗിച്ചു. രജിസ്‌ട്രാര്‍ ഡോ.ടി.എ.അബുദ്‌ല്‍ മജീദ്‌ സ്വാഗതവും ബോട്ടണി പഠനവകുപ്പ്‌ മേധാവി പ്രൊഫ.ജോണ്‍ ഇ തോപ്പില്‍ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!