ഇന്ന് റിലീസ് ചെയ്ത ബ്ലെസിയുടെ കളിമണ്ണ് എന്ന ചിത്രത്തിന് മികച്ച സ്വീകരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ജീവിതത്തിന്റെ നാനാ തുറകളിലുള്ള പ്രേക്ഷകര്‍ ചിത്രം കാണാനെത്തുകയും മികച്ച ചിത്രമെന്ന് അഭിപ്രായം രേഖപെടുത്തുകയും ചെയ്തു. ശ്വേതാ മേനോന്റെ മികച്ച അഭിനയവും കഥയുടെ കെട്ടുറപ്പും ചിത്രത്തിന് കരുത്തേകുന്നു.
ഒരമ്മ കുഞ്ഞിനെ നൊന്തു പ്രസവിക്കുന്നതിന്റെ മഹത്വവും, മാതൃത്വത്തിന്റെ മഹത്വവും ചിത്രത്തില്‍ നിന്ന് തങ്ങള്‍ ഉള്‍കൊണ്ടുവെന്ന് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറഞ്ഞു. കേരളത്തിലെ 80 കേന്ദ്രങ്ങളിലായാണ് ഇന്ന് ചിത്രം റിലീസ് ചെയ്തത്. ശ്വേതയുടെ പ്രസവം ഈ ചിത്രത്തിനായി ക്യാമറയില്‍ പകര്‍ത്തിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. നിരവധി മത രാഷ്ട്രീയ പ്രവര്‍ത്തകര്‍ സിനിമയുടെ സംവിധായകനും നായികക്കുമെതിരെ രംഗത്തെത്തിയിരുന്നു. പ്രസവം ചിത്രീകരിച്ചത് ഭാരതീയ സംസ്‌കാരത്തിന് എതിരാണെന്ന് മാതൃത്വത്തെ കച്ചവട വല്‍ക്കരിക്കുയാണെന്നും പ്രസവ ചിത്രീകരണം അശ്ലീലമാണെന്നും ഉള്ള വിമര്‍ശനങ്ങളാണ് ഇവര്‍ ഉയര്‍ത്തിയത്. എന്നാല്‍ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന പ്രതികരണങ്ങളാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ നല്‍കുന്നത്.




