Section

malabari-logo-mobile

എക്സൈസ്-അബ്കാരിനയം പ്രഖ്യാപിച്ചു ; ത്രീ സ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തലാക്കി

HIGHLIGHTS : തിരു: സംസ്ഥാന

തിരു:  സംസ്ഥാന അബ്കാരി നയം പ്രഖ്യാപിച്ച് ഉത്തരവായി. ഇതനുസരിച്ച് ത്രീ സ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തലാക്കി. 2012-13 മുതല്‍ ഫോര്‍ സ്റാര്‍/ഫൈവ് സ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കുകയുള്ളൂ. 2013-14 മുതല്‍ ഫൈവ് സ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കുകയുള്ളു. ബാറുകളുടെ പ്രവര്‍ത്തന സമയം മൂന്ന് മണിക്കൂര്‍കണ്ട് വെട്ടിക്കുറയ്ക്കും. പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുമ്പോള്‍ പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്ററും, മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ അതിര്‍ത്തികളില്‍ ഒരു കിലോമീറ്ററും എന്ന ദൂരപരിധി നിബന്ധന പുതുതായി ഏര്‍പ്പെടുത്തി. കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ തോത് 27.1 ലിറ്ററില്‍ നിന്ന് 15 ലിറ്ററായി കുറച്ചു. മദ്യം വില്‍ക്കുവാനും വാങ്ങുവാനുമുള്ള പ്രായപരിധി 18 വയസില്‍ നിന്നും 21 ആയി ഉയര്‍ത്തി, മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് സിനിമയിലെ മദ്യപാനരംഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുവാനുമുള്ള നിയമഭേദഗതികള്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. കള്ള് ചെത്ത് മേഖല : പരമ്പരാഗതവും തൊഴിലധിഷ്ഠിതവുമായ വ്യവസായമെന്ന നിലയില്‍ കള്ള് ചെത്ത് വ്യവസായത്തെ പൂര്‍ണ്ണമായി സംരക്ഷിക്കും. എന്നാല്‍ വ്യാജകള്ളിന്റെ ഉത്പാദനവും വിതരണവും കര്‍ശനമായി തടയും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 40,000-ത്തോളം വരുന്ന തൊഴിലാളികളുടെ ഉത്തമ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയസമീപനങ്ങളും നടപടികളും സ്വീകരിക്കും. നടപ്പുവര്‍ഷവും കള്ള്ഷാപ്പ് നടത്തിപ്പില്‍ സൊസൈറ്റി സംവിധാനം അനുവദിക്കുന്നതല്ല. കള്ളുഷാപ്പ് നടത്തിപ്പ് ഗ്രൂപ്പടിസ്ഥാനത്തിലാണ് അനുവദിക്കുക. എന്നാല്‍, കള്ളുചെത്ത് രംഗത്തെ എല്ലാ ട്രേഡ് യൂണിയനുകളും ഐക്യകണ്ഠേനയുള്ള ആവശ്യം അംഗീകരിച്ചും, തൃശ്ശൂര്‍ താലൂക്കിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും അവിടെ റേഞ്ച് അടിസ്ഥാനത്തിലോ, താലൂക്ക് മൊത്തത്തിലോ കള്ള്ഷാപ്പുകള്‍ അനുവദിക്കും. കള്ള്ഷാപ്പ് 2011-12 -ല്‍ നടത്തിയിരുന്നവര്‍ക്ക് 2012-13 വര്‍ഷത്തിലെ വില്പനയില്‍ മുന്‍ഗണന നല്‍കും. ഷാപ്പ് വാങ്ങാന്‍ ആളില്ലാതെ വരുന്ന സാഹചര്യത്തില്‍, ഷാപ്പ് നടത്തിപ്പ് ഗ്രൂപ്പില്‍പ്പെടുന്ന അതത് ഷാപ്പ് തൊഴിലാളി സമിതികളെ ഏല്‍പ്പിക്കും. തൊഴിലാളികള്‍ നടത്തുന്ന ഷാപ്പുകളെ കള്ള്ചെത്ത് തൊഴിലാളി ക്ഷേമനിധി വിഹിതം ഒരു മാസത്തെ വേതനത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും തുല്യമായ തുക എന്നിവ അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കും. ഷാപ്പൊന്നിന് 50 തെങ്ങുകളും അഞ്ച് തൊഴിലാളികളും 20 ചൂണ്ടപനയ്ക്ക് രണ്ടു തൊഴിലാളികളും ഉണ്ടായിരിക്കണം എന്ന നിബന്ധന കര്‍ശനമായി നടപ്പിലാക്കും. വ്യാജക്കള്ള് നിയന്ത്രിക്കുന്നതിന് കര്‍ശനവും സമയബന്ധിതവുമായ നടപടി കളെടുക്കുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള രാസപരിശോധനാ ലാബുകള്‍ക്കു പുറമേ 2011-12 വര്‍ഷം ദക്ഷിണമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി ഒരു മൊബൈല്‍ ലാബ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തന ഫലം വിലയിരുത്തിക്കൊണ്ട് മറ്റു മേഖലകളിലും മൊബൈല്‍ ലാബുകള്‍ ആവശ്യാനുസരണം ആരംഭിക്കുവാനാവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഷാപ്പ് അനുവദിക്കുന്നതിന് നയപരമായ തീരുമാനത്തിന്റെ അഭാവത്തില്‍ 2012-13 വര്‍ഷം കള്ളുഷാപ്പുകളുടെ നടത്തിപ്പ് നിലവിലുള്ള ലൈസന്‍സികളെ തന്നെ ഏല്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നല്‍കുകയുണ്ടായി. 2012 ആഗസ്റ് ഒന്നു മുതല്‍ ഷാപ്പ് വില്‍പ്പന നടത്തുന്നതിന് കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസല്‍ റൂളനുസരിച്ച് വിജ്ഞാപനം ചെയ്ത് നടപടിയെടുക്കും. വിദേശമദ്യ ഷാപ്പുകളുടെ നടത്തിപ്പ് തുടര്‍ന്നും കെ.എസ്.ബി.സിയെയും, കണ്‍സ്യൂമര്‍ ഫെഡറേഷനെയും ഏല്‍പ്പിക്കുന്നതിനുള്ള വിജ്ഞാപനവും ഈ വര്‍ഷം പുറപ്പെടുവിച്ചു. വിദേശ മദ്യമേഖല : സംസ്ഥാനത്ത് ഏറെ വികസ സാധ്യതയുള്ള മേഖലയാണ് ടൂറിസം. ടൂറിസം മേഖലയുടെ പ്രോത്സാഹനത്തിനുവേണ്ടിയാണ് ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 717 ബാര്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നണ്ട്. ടൂറിസം മേഖലകളില്‍ ഉള്‍പ്പെടെ ത്രീസ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. 2012-13 മുതല്‍ ഫോര്‍ സ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കും 30 മുറികളുള്ള ഫൈവ് സ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കും മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കുകയുള്ള. ഹെറിറ്റേജ് ഹോട്ടലുകളുടെ കാര്യത്തില്‍ പുനപരിശോധന ആവശ്യമാണ്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി : നടപ്പുസാമ്പത്തിക വര്‍ഷം, കേരള സംസ്ഥാന ബിവറേജസ് കൊര്‍പ്പറേഷന്‍ ആറായിരത്തില്‍പരം കോടി രൂപ സംസ്ഥാന ഖജനാവിലേക്ക് നികുതി ടി.ഒ.ടി., സര്‍ചാര്‍ജ്ജ് എന്നീ ഇനങ്ങളിലായി നല്‍കും. അടുത്ത വര്‍ഷം കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി ഗണ്യമായ തുക സാമൂഹ്യ-ആരോഗ്യ മേഖലകളില്‍ ചെലവിടുവാന്‍ ഉദ്ദേശിക്കുന്നു. ഡീ-അഡിക്ഷന്‍ സെന്ററുകള്‍ക്ക് ധനസഹായം നല്‍കുന്നതിനും, ജില്ലകളില്‍ ഡയാലിസിസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നു. എക്സൈസ് വകുപ്പിന്റെ ആധുനികവല്‍കരണം എക്സൈസ് വകുപ്പ് കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് ആധുനിക വല്‍ക്കരിക്കുന്നതിനുള്ള വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കും. വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി 12-ാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവര്‍ഷമായ 2012-13ല്‍ 1.17 കോടി രൂപ പദ്ധതി ഇനത്തില്‍ വകയിരുത്തിയിട്ടുണ്ട്. താഴെപറയുന്ന പദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കുന്നതാണ്. ച്ച കേരളത്തിലെ 137 റെയ്ഞ്ച്, 78 സര്‍ക്കിള്‍ ഓഫീസ് എന്നിവിടങ്ങളില്‍ സ്കാനറുകള്‍, ഫോട്ടോ കോപ്പിയര്‍ മെഷീനുകള്‍ എന്നിവ നല്‍കും, ഇ-ഗവേണന്‍സ് സംവിധാനം വകുപ്പില്‍ നടപ്പിലാക്കും. ഇ-പേയ്മെന്റ് സമ്പ്രദായം പൂര്‍ണ്ണമായും നടപ്പിലാക്കും. വാഹന പരിശോധന കര്‍ശനമാക്കുന്നതിനായി സിഗ്നല്‍ ലൈറ്റ്, ബാറ്റണ്‍, ഫീല്‍ഡ് ഓഫീസുകള്‍ക്കും, ചെക്ക്പോസ്റുകള്‍ക്കും നല്‍കും. പരിശീലനം ലഭിക്കാത്ത 655 എക്സൈസ് ഗാര്‍ഡുമാര്‍, 20 പ്രിവന്റീവ് ഓഫീസര്‍മാര്‍, 93 ഡ്രൈവര്‍മാര്‍ എന്നീ 700 ഓളം പേര്‍ക്ക് ഈ വര്‍ഷം പരിശീലനം എക്സൈസ് അക്കാഡമി മുഖേന നല്‍കും. എല്ലാ ജില്ലകളിലും വയര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തും. ച്ച നടപ്പുവര്‍ഷവും കള്ളുഷാപ്പ് നടത്തിപ്പില്‍ സൊസൈറ്റി സംവിധാനം അനുവദിക്കുന്നതല്ല. കള്ള് ഷാപ്പ് നടത്തിപ്പ് ഗ്രൂപ്പടിസ്ഥാനത്തിലാണ് അനുവദിക്കുക. എന്നാല്‍, കള്ളുചെത്ത് രംഗത്തെ എല്ലാ ട്രേഡ് യൂണിയനുകളും ഐക്യകണ്ഠേനയുള്ള ആവശ്യം അംഗീകരിച്ചും, തൃശൂര്‍ താലൂക്കിലെ പ്രത്യേക സാഹചര്യം കണക്കിലെത്തും അവിടെ റേഞ്ച് അടിസ്ഥാനത്തിലോ, താലൂക്ക് മൊത്തത്തിലോ കള്ള് ഷാപ്പുകള്‍ അനുവദിക്കുന്നതാണ്. നിലവിലുള്ള കള്ളുഷാപ്പുകള്‍ എലുകയ്ക്കുള്ളില്‍ മാറ്റിസ്ഥാപിക്കുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷനുകളുടെ എന്‍.ഒ.സി. വേണമെന്ന നിബന്ധന ബാധകമാക്കുന്നതല്ല. എന്നാല്‍ എലുകയ്ക്കുള്ളില്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള എല്ലാ നിയമ വ്യവസ്ഥകളും പൂര്‍ണ്ണമായും പാലിച്ചിരിക്കേണ്ടതാണ്. ഒരു സാഹചര്യത്തിലും നിലവിലുള്ള കള്ളുഷാപ്പുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ പാടില്ലാത്തതാണ്. ച്ച കള്ള് ഷാപ്പ് 2011-12 ല്‍ നടത്തിയിരുന്നവര്‍ക്ക് 2012-13 വര്‍ഷത്തിലെ വില്പനയില്‍ മുന്‍ഗണന നല്‍കുന്നതാണ്. ഷാപ്പ് വാങ്ങാന്‍ ആളില്ലാതെ വരുന്ന സാഹചര്യത്തില്‍, ഷാപ്പ് നടത്തിപ്പ് ഗ്രൂപ്പില്‍പ്പെടുന്ന അതത് ഷാപ്പ് തൊഴിലാളി സമിതികളെ ഏല്‍പ്പിക്കും. തൊഴിലാളികള്‍ നടത്തുന്ന ഷാപ്പുകളെ കള്ള്ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുള്ള ഒരു മാസത്തെ വേതനത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും തുല്യമായ തുക എന്നിവ അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കും. കള്ളുഷാപ്പുകള്‍ വിറ്റുപോകാത്ത സാഹചര്യത്തില്‍, തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടാതിരിക്കുവാന്‍ വേണ്ടി 500 രൂപ റെന്റല്‍ നിശ്ചിയിച്ചിട്ടുള്ളത്, വൃക്ഷക്കരം കൂടി ഒഴിവാക്കി തൊഴിലാളി കമ്മിറ്റികളെ ഏല്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ച്ച ഷാപ്പൊന്നിന് 50 തെങ്ങുകളും അഞ്ച് തൊഴിലാളികളും 20 ചൂണ്ടപനയ്ക്ക് രണ്ട് തൊഴിലാളികളും ഉണ്ടായിരിക്കണം എന്ന നിബന്ധന 2012-13 വര്‍ഷത്തിലും കര്‍ശനമായി നടപ്പിലാക്കും. ച്ച എല്ലാ ജില്ലകളിലും ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ധനസഹായത്തോടെ കെ.എസ്.ബി.സിയുടെ മേല്‍നോട്ടത്തില്‍ കെട്ടിടം നിര്‍മ്മിച്ച് സ്വകാര്യമേഖലയില്‍ ഓരോ മാതൃകാ കള്ളുഷാപ്പ് വീതം നടത്തും. ച്ച കേരളീയ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തിയും അതില്‍ നിന്നും ഉടലെടുക്കുന്ന ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങളും വളരെ ഗൌരവമായി ഉള്‍ക്കൊണ്ടുകൊണ്ടും മദ്യവ്യാപനം ഫലപ്രദമായി തടയുന്നതിനും, മദ്യവര്‍ജ്ജന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുമുള്ള നയമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോധവത്ക്കരണ രംഗത്ത് വ്യക്തമായ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്. വിദ്യാര്‍ത്ഥി, യുവജന വിഭാഗങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ ഇതിനകം തന്നെ ശ്രദ്ധേയമായ പല പരിപാടികളും നടപ്പിലാക്കിക്കഴിഞ്ഞു. 2011-12-ലെ വര്‍ദ്ധിച്ച രണ്ട് കോടി രൂപയുടെ ബഡ്ജറ്റ് വിഹിതം ഊര്‍ജ്ജിതമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനകരമായി. മദ്യവര്‍ജ്ജന ബോധവത്ക്കരണം ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് 2012-13 വര്‍ഷത്തില്‍ താഴെ പറയും പ്രകാരം വിപുലമായ ബോധവത്കരണ പരിപാടികള്‍ എക്സൈസ് വകുപ്പ് നടപ്പിലാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റ് അസോസിയേഷനുകള്‍, ലൈബ്രറികള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടുകൂടി വ്യാപകമായി ബോധവത്ക്കരണ പരിപാടികള്‍ എക്സൈസ് വകുപ്പ് നടപ്പിലാക്കും. വിദ്യാലയങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ലഹരി വിരുദ്ധ ക്ളബ്ബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കും. കൂടുതല്‍ സ്കൂളുകളിലേക്ക് ലഹരി വിരുദ്ധ ക്ളബ്ബുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും വ്യക്തിക്കും ലഹരിവിരുദ്ധ ക്ളബ്ബിനും അവാര്‍ഡും അംഗീകാരവും നല്‍കും. ഡി-അഡിക്ഷന്‍ ചികിത്സ നടത്തുന്ന സന്നദ്ധ സംഘടനകള്‍, ചാരിറ്റബിള്‍ ട്രസ്റ് എന്നിവയ്ക്ക് നിര്‍ധനരായിട്ടുള്ള രോഗികളെ ചികിത്സിക്കുന്നതിനായിട്ടുള്ള ധനസഹായം വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കും. ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ കൂടി ലഹരിവിരുദ്ധ ബോധവത്ക്കരണ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യും. ബിവറേജസ് കോര്‍പ്പറേഷന്‍/സഹകരണ ഫെഡറേഷന്റെ കീഴിലുള്ള എഫ്.എല്‍.1 ഷാപ്പുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കും എഫ്.എല്‍.6 (ഏകദിന ലൈസന്‍സ്) സ്പെഷ്യല്‍ ലൈസന്‍സ് ഫീസ് തുക നിലവിലെ 25,000/- രൂപയില്‍ നിന്ന് 50,000/- രൂപയായി വര്‍ദ്ധിപ്പിക്കും. ബാറുകളുടെ പ്രവര്‍ത്തന സമയം പഞ്ചായത്തുകളില്‍ രാവിലെ ഏഴ് മണിമുതല്‍ രാത്രി പത്ത് മണി വരെയും മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ രാത്രി 11 മണി വരെയായി നിജപ്പെടുത്തും. ഫൈവ് സ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ നിലവിലുള്ള എല്ലാ അബ്കാരി സ്ഥാപനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (232, 447 വകുപ്പുകള്‍ പുന:സ്ഥാപിക്കപ്പെടുമ്പോള്‍) അധികാര പരിധിയില്‍ നിന്നും ഒഴിവാക്കും. ഫൈവ് സ്റാര്‍ ഹോട്ടലുകളെ പുതുതായി കൊണ്ടുവന്ന ദൂരപരിധി (ബാര്‍ ടു ബാര്‍) നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ്. എഫ്.എല്‍.3 ലൈസന്‍സ് ലഭിക്കുന്നതിന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് 30 മുറികളെങ്കിലും നിര്‍ബന്ധമാക്കും. നിലവിലുള്ള എഫ.എല്‍.3 ലൈസന്‍സ് കൈമാറ്റം ചെയ്യുകയോ വില്പന നടത്തുകയോ ചെയ്യാതെ, നിലവിലുള്ള ലൈസന്‍സിയുടെ പേരില്‍ മാറ്റം വരുത്തുന്നതിന് പ്രത്യേകം ഫീസ് ഈടാക്കാതെ അനുവാദം നല്‍കും. ഇത് ക്ളബ്ബുകള്‍ക്കും കോര്‍പ്പറേറ്റ് മാനേജ്മെന്റുകള്‍ക്കുമായി പരിമിതപ്പെടുത്തും. സ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകളുടെ എഫ്.എല്‍.3 ലൈസന്‍സ് അതത് താലൂക്കിലോ, ടൌണിലോ ഫോര്‍ സ്റാര്‍ പദവിയുള്ള ഹോട്ടലുകളിലേക്ക് മറ്റ് ചട്ടങ്ങള്‍ക്ക് വിധേയമായി നിശ്ചിത ഫീസ് വാങ്ങിക്കൊണ്ട് മാറ്റി സ്ഥാപിക്കുന്നതിന് അനുവാദം നല്‍കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!