Section

malabari-logo-mobile

ആ നെല്ലിമരവും കിണറും ഇപ്പോളും അവിടെയുണ്ടോ..?

HIGHLIGHTS : ഉത്സവപിറ്റേന്നത്തെ അമ്പലപ്പറമ്പിനെപ്പോലെ കളിപ്പുരയും കളിപ്പാട്ടങ്ങളുമൊക്കെ

ഉത്സവപിറ്റേന്നത്തെ അമ്പലപ്പറമ്പിനെപ്പോലെ കളിപ്പുരയും കളിപ്പാട്ടങ്ങളുമൊക്കെ ചിന്നിച്ചിതറിപ്പോയി. എത്രവേഗം തീര്‍ന്നവേനല്‍. ഉള്ളിലും ഉള്ളിന്റെയുള്ളിലും അടക്കിനിര്‍ത്താനാവാത്ത ഖേദം. അടങ്ങാതെ മുഖത്തേക്ക് ഒലിച്ചിറങ്ങുന്ന സങ്കടം. രസമുള്ള ബഹളങ്ങളൊക്കെ പെട്ടെന്ന് അവസാനിച്ചപോലെ മൂകത. ഉറക്കമേ വരുന്നില്ല. രാത്രിക്ക് വല്ലാത്ത വിങ്ങല്‍. വിശപ്പേ തോന്നാതെ. കേള്‍വിക്കും കാഴ്ചക്കും അതീതമായ കാണലുകളും കേള്‍ക്കലുകളും. ”വേഗം കെടന്നൊറങ്ങിക്കോളീന്‍, രാവിലെ സ്‌കൂള്‌പ്പോവാന്ള്ളതാ. നേര്‍ത്തെണീക്കണം.ആ വാക്കുകളില്‍ വല്ലാത്തൊരാശ്വാസമുള്ളതുപോലെ. പക്ഷേ കേള്‍ക്കുന്നതോ കരള്‍ പിളര്‍ന്നും.

പകല്‍. ശബ്ദഘോഷങ്ങളുടെ മേളങ്ങള്‍. ധൃതിപ്പെടലുകള്‍. പുതിയ യൂണിഫോമാണ്. ദേഹത്ത് തുണിപ്പശിമയുടെ ഒരു നനുനനുപ്പ്. പുത്തന്‍തുണിയുടെ പ്രിയഗന്ധം. പക്ഷേ അതിന് മറ്റവസരങ്ങളിലെപ്പോലെ ഉത്സാഹമുണ്ടാക്കാനാവുന്നില്ല. നോട്ടുബുക്കുകള്‍ പുതിയയതാണ്. പേനയും പെന്‍സിലുമെല്ലാം പുതിയത്. പുസ്തകം ഒന്നിച്ച് ചെര്‍ത്തുവെച്ച് കുറുകെ കൊളുത്തുന്ന ഇലാസ്റ്റിക് മാത്രമേ പറയാന്‍ പുതിയതുള്ളു. ബോള്‍പെന്നുകൊണ്ട് കടുപ്പിച്ച് പേരെഴുതി, വലിക്കുമ്പോള്‍ അക്ഷരത്തിന്റെ മുഴുപ്പ്കൂടുന്ന ഇലാസ്റ്റിക്.
ഇനിയെന്നും രാവിലെ ഇങ്ങനെ കെട്ടിയൊരുങ്ങിപ്പുറപ്പെടണമല്ലോന്ന് മുഷിയുന്ന മനസ്സ്. കളിച്ചുമദിച്ച് കിടക്കാനാവില്ല. നേരത്തേ എഴുന്നേല്‍ക്കണം. രാത്രി ഹോംവര്‍ക്കുകള്‍. കാണാതെ പഠിക്കാനുള്ള പദ്യങ്ങള്‍. എത്ര ദിവസങ്ങളും ആഴ്ചകളും മാസങ്ങളും…ഹൈസ്‌കൂളുകാര്‍ക്ക് നല്ല സുഖമാണ്. ഒരുനേരംമാത്രം സ്‌കൂള്‍. തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരം. സ്‌പോര്‍ട്‌സിനും യൂത്ത്‌ഫെസ്റ്റിവലിനും അതിലൊക്കെ ജയിക്കുമ്പോഴും ഒഴിവ്.
കാലത്തിന്റെ കവടിനിരത്തല്‍ അത്ഭുതമാണ്. മനസ്സുമാത്രമല്ല മാനവും മൂടിക്കെട്ടി പെയ്തുതുടങ്ങിയിട്ടുണ്ട്. ഇന്നലെവരെ പ്രസന്നമായ പ്രകൃതിക്ക് ഇന്നെങ്ങനെ ഒരു മനംമാറ്റമാവോ! കണക്ക് ടീച്ചറിന്റെ ഗുണനംപോലെ പെട്ടെന്ന് മഴ പൊട്ടിവീണു. എന്തൊരു മുഷിച്ചിലാണ് തുടക്കത്തില്‍. ആസകലം നനഞ്ഞുകുതിര്‍ന്ന് നടക്കുന്നതിലല്ല, ക്ലാസില്‍ പരസ്പരം നനഞ്ഞൊട്ടിയിരിക്കുമ്പോള്‍ എന്നൊക്കെ സങ്കടത്തിന്റെ പെരുക്കപ്പട്ടികതന്നെ. പക്ഷേ ആ നനഞ്ഞൊട്ടിയിരിക്കലില്‍ ശരീരത്തിന്റെ ചൂട് മെല്ലെ അരിച്ചുകേറുന്നതറിയാനാകും. അപ്പോള്‍ എല്ലാരും ഒട്ടിച്ചേര്‍ന്നിരിക്കും അറിയാതെത്തന്നെ. കുടചൂടിയിട്ടും കുതിര്‍ന്ന്…
വേലിക്കെട്ട് മുക്കാലുമില്ലാത്തതും ഉള്ളിടത്ത് പൊളിഞ്ഞുചാടിയതുമായ സ്‌കൂളിന് പൂട്ടും കൊളുത്തുമൊക്കെയുള്ള ഒരു ഗേറ്റുള്ളത് തമാശയാണ്. സ്‌കൂളില്‍ ആകെയും കരച്ചിലും പിഴിച്ചിലുംകൊണ്ട് ബഹളമയം. ഒന്നാം ക്ലാസില്‍ ആദ്യമായി വന്നവരുടെ അലമുറകള്‍. ക്ലാസിലിരുത്തി തഞ്ചത്തില്‍ പുറത്തുചാടിയ അമ്മമാരുടെയും ചേച്ചിമാരുടെയും പിന്നാലെ ആക്രന്ദത്തോടെ പായുന്ന കുട്ടികള്‍. ദൈന്യം പടരുന്ന രക്ഷിതാക്കളുടെ മുഖം. അപ്പോഴൊക്കെയാണ് ഒരു മുതിര്‍ച്ചയും തന്നോടുതന്നെയുള്ള ബഹുമാനവും തോന്നുന്നത്; ചെറിയ ക്ലാസിലെ കുട്ടികളുടെ അമ്പരപ്പും വെപ്രാളവും പമ്മലും പതുങ്ങലുമെല്ലാം ചിരപരിചിതന്റെ ലാഘവത്തില്‍ നോക്കിക്കാണുമ്പോള്‍. എന്നാലും ഹെഡ്മാഷെ കണ്ടാലും രാമചന്ദ്രന്‍മാഷ്‌ടെ മുന്നില്‍പ്പെട്ടാലുമെല്ലാം ഒന്നമര്‍ന്നൊതുങ്ങാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക!.
നനഞ്ഞൊട്ടിയ ശരീരവും ട്രൗസറിന്റെ മുക്കും മൂലയും കുപ്പായമഴിച്ച് പിഴിഞ്ഞ് തലയും മുഖവും തുടച്ച് രണ്ടുമാസത്തെ വേര്‍പാടിനുശേഷം, വല്ലപ്പോഴുംമാത്രം, മുതിര്‍ന്നവരുടെ കൈപിടിച്ച് നടന്ന റോഡരുകിലും കല്ല്യാണവീട്ടിലുംവെച്ച് ചിലരെമാത്രമാണ് ഇക്കാലത്ത് കണ്ടത്. വിരഹംകഴിഞ്ഞുള്ള സമാഗമത്തില്‍, സ്‌കൂളില്‍ പൂട്ടിത്തുറന്നതിന്റെ മുഷിച്ചിലും മടിയും എപ്പഴേ പമ്പകടന്നുപോയിരിക്കുന്നു.

sameeksha-malabarinews

ഈ ബെല്ലും ‘ചന്തമേറിയ പൂവിലും ശബളഭമാം ശലഭത്തിലു’മെന്ന പ്രാര്‍ത്ഥനയും വീണ്ടും കേള്‍ക്കുകയാണ്. പടച്ചവനേ ഇനിയും ഒരുകൊല്ലം!
പുതുവസ്ത്രത്തിന്റെ പശിമപോകാത്ത ഒട്ടലോടെ ഒന്നിച്ചിരുന്ന് ലീലാമണിടീച്ചര്‍ പേര് വിളിക്കുമ്പോള്‍ ‘ഹാജര്‍’പറഞ്ഞ് സ്റ്റേജിന്റെ മുകളിലെ ക്ലാസിലേക്ക് വരിവരിയായി പോകുമ്പോഴും ഒന്നാംക്ലാസില്‍ പൂരംതന്നെ. സഹതാപത്തോടെ ഒന്ന് കണ്ണോടിച്ച് നടക്കുമ്പോഴത്തെ ഉള്ളിലെ ആവേശം, ഓഫീസില്‍നിന്ന് ഹെഡ്മാഷ്‌ക് നോക്കിയാല്‍ കാണാത്തിടത്താണല്ലോ ഇനി ക്ലാസ് എന്ന സന്തോഷമാണ്.
l
അസംബ്ലിയില്‍ അച്ചടക്കത്തോടെ നില്‍ക്കണം. അനങ്ങിയും ആടിയും കളിച്ചാല്‍ പിടിക്കപ്പെടും, അപ്പോളല്ല അസംബ്ലി കഴിഞ്ഞ് ക്ലാസിലേക്ക് വരിയായി പോകുമ്പോഴാകും. പ്രത്യേകിച്ചും ഹെഡ്മാഷ്‌ടെ കണ്ണ് അത്രക്ക് സൂക്ഷ്മമാണ്. എന്നാലും ചിലരൊക്കെ എന്തെങ്കിലുമൊക്കെ ഒപ്പിക്കും മിക്കപ്പോഴും. ആദ്യം സ്‌കൂളിന്റെ മറ്റേ സൈഡിലായിരുന്നു അസംബ്ലി. അവിടാകുമ്പം നല്ല വെയിലാണ്. രാവിലത്തെ ചരിഞ്ഞ് പതിക്കുന്ന, ചൂടുള്ള വെയിലില്‍ വിയര്‍ത്ത് കുപ്പായം ദേഹത്തോടൊട്ടും പലപ്പോഴും. അപ്പോള്‍ മേലാകെ ഒരുതരം അരിക്കലും ചൊറിച്ചിലുമാണ്. കുളിക്കാതെ വരുന്ന ദിവസമാണെങ്കില്‍ പറയുകയുംവേണ്ട. അപ്പോഴും ഹെഡ്മാഷ് ഉപദേശങ്ങളും വികൃതിക്കാരെ ലക്ഷ്യംവെച്ച് ഭീഷണിയും നിറച്ച് പ്രസംഗിച്ചുകൊണ്ടിരിക്കും. ‘ജനഗണമന’ചൊല്ലാന്‍ തുടങ്ങുമ്പോഴാണ് ശ്വാസം നേരെയാവുക. ഇളകിയാല്‍ അടിയോ ശകാരമോ. ഇല്ലെങ്കില്‍ ചൊറിച്ചിലും വിയര്‍ക്കലും.
വൈകിവരുമ്പോഴാണ് ആകെപ്പാടെ വല്ലായ്മ. എല്ലാ ദിവസവും അസംബ്ലി ഇല്ലാത്തത് ഭാഗ്യം. തിങ്കളാഴ്ച എന്തായാലുമുണ്ട്. പലപ്പോഴും ബുധനാഴ്ചകളിലും. പിന്നെ പ്രത്യേകമായി ചില ദിവസങ്ങളിലും. വൈകിവരുമ്പോള്‍ അസംബ്ലി തുടങ്ങിയാല്‍ ബേജാറാണ്, അകത്ത് എങ്ങനെ കടക്കുമെന്ന്. തെക്കെപ്പുറത്തെ വേലിക്കെട്ട് പൊളിഞ്ഞതിലൂടെ കടന്ന് മാഷമ്മാരുടെയും ടീച്ചര്‍മാരുടെയും കണ്ണില്‍പ്പെടാതെ പോകാം. എന്നിട്ട് ക്ലാസില്‍കേറി പതുങ്ങിയിരിക്കണം. പക്ഷേ അതിനിടക്ക് എതെങ്കിലും ഒന്ന് വരിയില്‍നിന്ന് കണ്ടുപോയാല്‍ തൊട്ടടുത്തയാള്‍ക്കും അതിന്റെ തൊട്ടടുത്തയാള്‍ക്കുമൊക്കെ കാണിച്ച്, നോക്കിയും ചിരിച്ചും നില്‍ക്കും. അപ്പോഴാകും മാഷിന്റെ ശ്രദ്ധയില്‍പ്പെടുക. എന്നാ പിടിച്ചതുതന്നെ. നേരംവൈകല്‍ പേടിയാണ്. ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ പിന്നെ നേരത്തേ വരുമോ, അതുമില്ല. എന്തുകൊണ്ടോ അതങ്ങനെയൊക്കത്തന്നെ സംഭവിക്കുന്നു.
l
കളിക്കാന്‍ വിട്ടപ്പോഴാണ് കളിസാധനങ്ങളുടെ നിധിശേഖരങ്ങള്‍ ചിലര്‍ പുറത്തെടുത്തത്. തീപ്പെട്ടിയുടെ മുഖചിത്രത്തിന്റെ(തീപ്പെട്ടിച്ചിത്രത്തിന്റെ) കെട്ടുകള്‍തന്നെയുണ്ട് ചിലരുടെ കയ്യില്‍. തീപ്പെട്ടിച്ചിത്രത്തേക്കാള്‍ പുത്തനായ ചിത്രങ്ങളുടെ വലിയ ഷീറ്റുതന്നെ നാരാണേട്ടന്റെ പീടികയിലൂണ്ട്. അതൊക്കെയൊന്ന് തരപ്പെടുത്താനുള്ള മോഹക്കൂമ്പാരം. എറ്റവും പുതിയ വിശേഷങ്ങള്‍ ചില പുതിയ കളികളാണ്. മന
സ്സില്‍ വിചാരിച്ച സംഖ്യ കണ്ടുപിടിക്കുന്ന സൂത്രം, എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. കടിച്ചാപ്പൊട്ടി മിഠായി രണ്ടെണ്ണം വാങ്ങിക്കൊടുത്ത് കൈക്കലാക്കണം. മൂന്ന് ചില്ല് ചേര്‍ത്ത് കെട്ടിപ്പൊതിഞ്ഞ് അതിനുള്ളില്‍ വളപ്പൊട്ടിട്ട് നോക്കുന്ന അത്ഭുതമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഒറ്റ വളപ്പൊട്ടുതന്നെ നൂറായിരമായി കാണാം. ഈ സാധനം സയന്‍സ്എക്‌സിബിഷന് വലിയത് കാണിച്ച് കണ്ടിട്ടുണ്ട്.അങ്ങനെ പിന്നെയും കുറെയെണ്ണമുണ്ട് കളിത്തരങ്ങള്‍.
പുതിയ പുസ്തകത്തിന്റെ മണം എന്തുപറഞ്ഞാലും രസവും സുഖവുള്ള ഒന്നാണ്. സരസ്വതിടീച്ചര്‍ ക്ലാസില്‍ വായിച്ച്തരുമ്പൊഴും, ചിത്രക്കലണ്ടര്‍കൊണ്ട് പുറംചട്ടയിട്ട പുസ്തകം ഇടക്കിടക്ക് മൂക്കിനോടടുപ്പിച്ചാല്‍ അതിങ്ങനെ ഒരു ലഹരിപടര്‍ത്തും. ചട്ടയിടാനുള്ള കലണ്ടറിന് വീട്ടില്‍ അടിപിടികൂടണം, ഓരോരുത്തരും അവകാശവും പറഞ്ഞ് വരും.
ക്ലാസില്‍ ചിലരുടെ സ്റ്റൈലാക്കലാണ് സഹിക്കാന്‍പറ്റാത്തത്. പ്രത്യേകിച്ച് അമ്മിണിടീച്ചറുടെ മോള് ജ്യോതിയും കൂട്ടരും. ടീച്ചര്‍മാര്‍ക്ക് പ്രിയപ്പെട്ടവര്‍. എന്നാലും ചിലകാര്യങ്ങള്‍കൊണ്ട് പ്രിയപ്പെട്ടതാവാന്‍ കഴിയുന്ന സന്തോഷമുണ്ടുള്ളില്‍. സ്‌കൂള്‍പ്പറമ്പിലെ പ്ലാവില്‍നിന്ന് ചക്കയറുക്കുമ്പോഴും മുരിങ്ങാക്കായ പറിക്കുമ്പോഴുമൊക്കെ അത് ടീച്ചറുടെ വീട്ടില്‍ കൊണ്ടുപോയിക്കൊടുക്കാന്‍ നിയോഗിക്കപ്പെടുന്നതിന്റെ സന്തോഷം. കൂടെ വരാന്‍ പറ്റിക്കൂടിവരണ ക്ലാസിലെമറ്റുകുട്ടികളെ മൂന്നാളുംചേര്‍ന്ന് തഞ്ചത്തില്‍ ഒഴിവാക്കിയത്; ‘കുട്ട്യോളൊന്നും വരണ്ട. റെയിലിന് പോകാന്ള്ളതാ’എന്നാണ്. അവരുടെ കണ്ണില്‍ എന്തോരം നിരാശയായിരുന്നു.
l
അനിയത്തി പുസ്തകത്തില്‍ മയില്‍പ്പീലിയുടെ ഒറ്റയിഴവെച്ച് ആകാശംകാട്ടാതെ കരുതിയിരിക്കുന്നു. ആകാശം കാട്ടിയാല്‍ പീലി ചത്തുപോകും! പുസ്തകത്തിലിരുന്ന് പ്രസവിക്കുമെന്നാണ് മൂപ്പത്തി കരുതുന്നത്. ഓര്‍ക്കുമ്പോള്‍ ഒരുള്‍ച്ചിരിയാണ് മനസ്സില്‍. ഇതുമാത്രമല്ല, നെറ്റിയില്‍ തള്ളവിരലിന്റെ നഖംകൊണ്ട് നൂറ്റൊന്ന്പ്രാവശ്യം താഴോട്ടും മേലോട്ടും കണ്ണടച്ച് ഉരസിയാല്‍ പടച്ചോനെ കാണാമെന്ന് പറഞ്ഞത്‌കേട്ട് പറ്റിപ്പോയതടക്കം എത്ര അനുഭവങ്ങള്‍! നെറ്റിത്തടത്തില്‍ തോലുരഞ്ഞ് ചുവന്നതും വീട്ടില്‍നിന്ന് കേട്ട ശകാരവും മിച്ചം.
എന്നാലും ഒരുപാട് പറ്റിപ്പോയതുകൊണ്ടാവാം, ഒന്ന് പറ്റിക്കാന്‍ പീലിത്തുണ്ട് മുറിച്ച് പേജിലിട്ടത്, അവളറിയാതെ അത്ഭുതംകൂറി ‘മയിപ്പീലി പെറ്റത്’കാണിച്ചുതന്നപ്പം ഊറിയചിരി പുറത്തെടുത്തില്ല.
l
സ്‌കൂള്‍യാത്ര തോട്ടിന്‍കരയിലൂടെയാണ്. തെങ്ങിന്‍ചോട്ടില്‍ ‘നൊട്ടാരങ്ങാമരം’ – ചെടിയാണത് മരമാമെന്നാണ് വിളിപ്പേരെന്നുമാത്രം – ആദ്യം കണുന്നോര്‍ക്കാണ് അവകാശം. ചിലപ്പോ നിറയെ പഴുത്ത കായയുണ്ടാകും, ഭംഗിയുള്ള ഒരു നേര്‍ത്ത കൂടിനനുള്ളില്‍ . ആരെങ്കിലും മരം കണ്ടു സ്വന്തമാക്കാതിരിക്കാന്‍ പുല്ലുകൊണ്ട് മറച്ച് വെക്കണം. ചിലപ്പോ ചിലര് വേരോടെ പറിച്ച്‌കൊണ്ടുപോയ്ക്കളയും. ചിലപ്പോ പിന്നെ നോക്കുന്ന സമയത്ത് സങ്കടപ്പെടുത്തിക്കൊണ്ട് തെങ്ങിന് തടംതുറന്നപ്പോ ചെടിയൊകകെ പറിഞ്ഞുണങ്ങിയും വാടിയും മണ്ണിനടിയില്‍പ്പെട്ടും നഷ്ടപ്പെടുകയുംചെയ്യും.
l

എപ്പോ പുറപ്പെട്ടതാണ്. തട്ടിയുംതടഞ്ഞും മാവിന്‍ചോട്ടില്‍ തപ്പിത്തടഞ്ഞുമാണ് യാത്ര. പോണവഴിക്ക് പാടം കിളച്ച് തെങ്ങുവെച്ച ഏരുകള്‍ക്കിടക്ക് ചോരക്കണ്ണന്‍ ‘ബിരാല്‍’മീന്‍ മക്കളുമായിപ്പോണത് കണ്ട്‌നിന്നുപോയി. തോട്ടിലെ വെള്ളം തട്ടിത്തെറിപ്പിച്ച് നെറ്റിമാനെയും പൂട്ടയേയും പിടിച്ച് നേരം പിന്നെയും വൈകിപ്പോയി. ഇതിനി വീട്ടില്‍ പരാതിയായിപ്പറയുമവള്‍. അതിന് വേറെക്കേള്‍ക്കണം. അതൊക്കെ സഹിക്കാം, നേരം വൈകിവരുന്നവരെ ക്ലാസിന്റെ വാതില്‍ക്കല്‍നിന്ന് രണ്ട് കയ്യുംപിടിച്ചാനയിക്കാന്‍ രണ്ട് പെണ്‍കുട്ടികളെയാണ് ലീലാമണിട്ടീച്ചര്‍ അയക്കുക. പെണ്‍കുട്ടികള്‍ വൈകിയാല്‍ ആണ്‍കുട്ടികളേയും. പക്ഷേ പെണ്‍കുട്ടികള്‍ വൈകാറില്ല. മാനംകെട്ടുപോകും. ബാക്കിയുള്ളോരൊക്കെയും ഇളിച്ച് തൊലിയുരിച്ചുകളയും.
അതുപോലാണ് രാമചന്ദ്രന്‍മാഷ്. ക്ലാസില്‍ ആളില്ലാത്തപ്പോള്‍ സംസാരിക്കുന്നവരെപ്പിടിച്ച് പെണ്‍കുട്ടികുടെ ഇടക്കിരുത്തും. അവിടെയും പെണ്‍കുട്ടികള്‍ ഡീസന്റാകും. ആ ഇരിപ്പില്‍ ദേഹത്ത് തട്ടാതെ പരസ്പരംപരമാവധി പരിശ്രമിച്ച് നാണംകെടുമ്പോള്‍ ഭൂമിപിളര്‍ന്ന് ഇറങ്ങിപ്പോകാന്‍ തോന്നും. എന്നിട്ടും പക്ഷേ എത്രവിചാരിച്ചാലും പിന്നെയും മീന്‍പിടിച്ചും തപ്പിത്തടഞ്ഞും നേരംവൈകിപ്പോകും; ക്ലാസില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞോ ചിരിച്ചോ പോകും. ചുണ്ടനങ്ങണത് കണ്ടാല്‍ പേരെഴുതാന്‍ തക്കംനോക്കി കാത്തിരിക്കണ ഗമക്കാരി ലീഡറെ മറന്നുപോകും.
l
സ്‌കൂള്‍ യാത്രക്കിടയിലെ കാഴ്ചകളില്‍ ഒറ്റമൈനയെകണ്ടാല്‍ ദുഃഖമായിരിക്കും ഫലം. ഇരട്ടമൈന സന്തോഷവും. ഒറ്റമൈനയെക്കണ്ട ദിവസങ്ങള്‍, ഉള്ളില്‍, വരാനുള്ള ദുഃഖത്തെ പ്രതീക്ഷിച്ചുള്ള വ്യാകുലതകളുമായി കഴിഞ്ഞുകൂടും. എന്തുകാരണംകൊണ്ടായാലും കിട്ടുന്ന അടി, മൈനക്കാഴ്ചകാരണമാക്കി. ഹോംവര്‍ക്ക് ശരിയാവാത്തതിന് നമ്പീശന്‍മാഷ്‌ടെ കയ്യില്‍നിന്ന് അടികിട്ടുമോ ഇല്ലേ, സൂസമ്മടീച്ചറ് വന്നിട്ടുണ്ടാകുമോ ഇല്ലേ എന്നൊക്കെഅറിയാന്‍ പച്ചില ‘ചൊട്ടി’നോക്കാം. ഇലപറിച്ച് അകംപുറം അനുകൂല-പ്രതികൂല ഉത്തരങ്ങളായി തെരഞ്ഞെടുത്ത് മുകളിലേക്ക് ഒറ്റയൂത്താണ്പറയുക. ഇലവീഴുംവരെ മനസ്സിന് പിടപ്പാണ്. ഉത്തരം പ്രതീകൂലമായാല്‍ തരംമാറ്റി ‘എവടെത്തട്ട്യാലും മൂന്ന്പ്രാവശ്യ’മാകും. ഇലയുത്തരങ്ങള്‍ മിക്കപ്പോഴും പിഴക്കും.അപൂര്‍വ്വമായിമാത്രം ശരിയാകും. പക്ഷേ പിഴച്ചത് മറക്കുകയും ഫലിച്ചത് ഓര്‍ത്തുവെക്കുകയും ചെയ്യുന്ന മനസ്സിന്റെ മറിമായത്തില്‍ ആ പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
ക്ലാസില്‍കിട്ടുന്ന അടിയും ശകാരവും തിരിച്ചുകൊടുക്കാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്, പൈന്‍മരവടി തോലുരിച്ച്, വഴിയൊരത്തെ കമ്മ്യൂണിസ്റ്റപ്പയുടെ തളിര്‍പ്പുകള്‍, അടിതരുമ്പം മാഷും ടീച്ചറുമൊക്കെ പറയണ, ‘പഠിക്കര്ത്ട്ടാ’, ‘എത്രകിട്ട്യാലും പോത്ത്‌പോലെ വാങ്ങിവെച്ചാമതി’, ‘മോങ്ങല്ല’ അത്രയും പറഞ്ഞുകൊണ്ട് തല്ലിയൊടിക്കുമ്പോള്‍ വല്ലാത്ത സുഖമാണ്.
l

രവീന്ദ്രന്‍ മാഷ് പദ്യം ചൊല്ലുന്നത് കേള്‍ക്കാന്‍ സുഖമാണ്. നല്ല ഇമ്പത്തിലും ഈണത്തിലും ചൊല്ലുന്നതില്‍ ശ്രീമണിട്ടീച്ചറും മോശമല്ല. എന്നാലും മാഷാണ് ഒരുപടി മുന്നില്‍. ‘മാമരംകോച്ചും തണുപ്പത്തും’ ‘നല്‍ച്ചേല നാലുമെന്‍ അമ്മതന്‍കയ്യിലെ ഇച്ഛയില്‍ നല്‍കേണമിന്നുതന്ന’യും അങ്ങനെ ലയിച്ച് ചൊല്ലും. ‘ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവ്’ചൊല്ലി പ്രാവിന്റെ കദനകഥ പറയുന്ന ക്ലാസിലാണ് നിശ്ശബ്ദത തളംകെട്ടിയത്. ആരും ഒരക്ഷരം മിണ്ടാതെ. ഇടക്ക് മാഷെയും ഏറെ പുസ്തകത്തിലും നോക്കി ഇരുന്നുപോയത്. തലതല്ലിക്കരയുന്ന പ്രാവിന്റെ സങ്കടക്കഥ കേട്ടുതീരുമ്പം പരസ്പരം നോക്കാനാവാതെ സങ്കടംകൊണ്ട് നിറഞ്ഞ് തൂകാന്‍നില്‍ക്കുന്ന കണ്ണുകള്‍ ആരും കാണാതെ… വീര്‍പ്പുമുട്ടലിന്റെ പാരമ്യത്തിലെത്തി.
ടീച്ചര്‍ അവധിയായ ദിവസം ഹെഡ്മാഷ് ക്ലാസില്‍വന്ന് മലയാളമെടുത്തത്, ഭാഗ്യത്തിന് ‘ചങ്ങാലിപ്രാവ്’കാണാതെ ചൊല്ലാനാണ് പറയഞ്ഞത്. ആരാണ് ആ പദ്യം ചൊല്ലാതിരിക്കുക. അഥവാ ചൊല്ലാത്തവരുണ്ടെങ്കില്‍ മണ്ടശ്ശിരോമണികളെന്നല്ലാതെ എന്തുപറയാന്‍.
l
മീനാക്ഷിട്ടീച്ചറുടെ അക്ഷരപ്പാട്ടുകള്‍ മാറുന്നേയില്ല. എത്രാമത്തെ വര്‍ഷമാണിത് കേള്‍ക്കുന്നത്. പക്ഷേ ഒരിക്കലുമൊരിക്കലും വിരസമാകാത്തതാണത്ഭുതം. മേല്‍ഭാഗം പകുതി ചരിഞ്ഞ്, ചരിവുഭാഗം തുറക്കാവുന്ന മേശയില്‍നിന്ന് അമ്മിണിട്ടീച്ചര്‍ എന്തെല്ലാമാണെടുക്കുന്നത്. മഞ്ചാടിക്കുരു, കുന്നിക്കുരു, പുളിങ്കുരു, പളുങ്കന്‍ ഗോട്ടികള്‍. അതുകൊണ്ടൊക്കെയാണ് എണ്ണലുംകൂട്ടലും കിഴിക്കലുമെല്ലാം പഠിപ്പിക്കുന്നത്. പഠിക്കുകയാണെന്ന് അറിയുന്നത് ഒക്കെ ഹൃദിസ്ഥമാക്കിയശേഷവും. ഗുണകോഷ്ഠം കാണാതെ ചൊല്ലിപ്പഠിപ്പിക്കുമ്പോള്‍ പരസ്പര വാശിയില്‍ അറിയാതെ പഠിഞ്ഞുപോയതാണ്. ഇടക്ക് തിരുത്തിക്കാട്ടില്‍നിന്ന് കുട്ടികളെക്കൊണ്ട് വെട്ടിക്കൊണ്ടുവരുവിച്ച ചൂരലും അങ്ങനെയങ്ങനെ എന്തെല്ലാം. നെപ്പോളിയന്‍മാഷ് ഒരിക്കലും ചൂരലെടുക്കാറില്ല.
എന്തിനാ ചൂരല്‍, ആ നോട്ടംമതി. പിന്നെ വല്ലപ്പോഴും അതിവികൃതിയന്മാര്‍ക്ക് കിട്ടുന്ന ‘ചാവി’കൊടുക്കുന്നപോലെയുള്ള ചെവിപിടിക്കല്‍. പിടിച്ച് ഞവുണ്ടുന്നപോലെ തിരുമ്മുമ്പോള്‍ പ്രതി കാലിലെ ചൂണ്ടുവിരലില്‍ നിന്നിടത്തുനിന്ന് പൊന്തുകയും താഴുകയും ചെയ്യും. പിന്നെ ചാമ്പക്കാപോലെ ചുവന്ന ചെവിക്ക് വേദനമാറാന്‍ ദിവസങ്ങള്‍വേണം. ട്രൗസറില്‍ക്കൂടി മൂത്രമൊഴിച്ചവര്‍തന്നെ പലരുമുണ്ട്. ഒരിക്കല്‍ അനുഭവിച്ച മുള്ളലനുഭവം, അത് മഴക്കാലത്തായതുകൊണ്ട് പിടിക്കപ്പെട്ടില്ല.
ആവശ്യങ്ങള്‍ക്ക് അപ്പാപ്പോ വടിവെട്ടിക്കൊണ്ടുവരുവിക്കുന്നതാണ് അബൂബക്കര്‍മാഷിന്റെ രീതി. ലീഡറെയാണ് പറഞ്ഞുവിടുക. അപൂര്‍വ്വമായി ഒരുഭാഗ്യം കിട്ടിയിട്ടുണ്ട് വടിവെട്ടിക്കൊണ്ടുവരാന്‍. പക്ഷേ വെട്ടിക്കൊണ്ടുവരുന്നവര്‍ക്ക് ചില നല്ല ‘മൂഡു’കളില്‍ ആദ്യത്തെ അടികിട്ടും. സാമ്പിളെന്നാണ് പക്ഷം. ‘സാമ്പിളിങ്ങനെയെങ്കില്‍ പടച്ചോനെ..’യെന്ന് ആശ്വസിച്ചുപോകം. അത് കാര്യമായോ കളിയായോയെന്ന് അറിയില്ലിപ്പോഴും. സ്‌കൂളിന്റെ വടക്കുപടിഞ്ഞാറെമൂലക്കല്‍, കാരക്കൊട്ടക്കായയുടെ മരത്തിനടുത്തുള്ള പെരുപൈനിന്റെ താഴെത്തടിയില്‍നിന്ന് തളിര്‍ത്തുനില്‍ക്കുന്ന മുഴുത്ത ചില്ല പറിച്ച് തളിര്‍പ്പും തോലും കളഞ്ഞാണ് വടി കൊണ്ടുവരിക. ആദ്യമാദ്യം അടികിട്ടുന്നവരുടെ കയ്യില്‍ മരത്തൊലി ഇരിഞ്ഞതിന്റെ വഴുവഴുപ്പുള്ള പശിമയുണ്ടാകും.
ഹോംവര്‍ക്ക് ചെയ്യാത്തവരേയും പഠിക്കാത്തവരേയുമെല്ലാം യഥാസ്ഥാനത്ത് നിര്‍ത്തിയ ശേഷമാണ് വടികൊണ്ടുവരാന്‍ ഉത്തരവിടുന്നത്. അടിയുറപ്പായവര്‍ വെട്ടിക്കൊണ്ടുവരാന്‍ നിയോഗിക്കപ്പെട്ടവരെ ദീനമായി നോക്കും. ദേഷ്യമുള്ളവര്‍ നില്‍ക്കുന്നവരുടെ കൂട്ടത്തിലുണ്ടെങ്കില്‍ വടിയുടെ മുഴുപ്പ് കൂട്ടും. എന്നാല്‍ മുഴുത്തതിനേക്കാള്‍ മെലിഞ്ഞ വടികൊണ്ടടിക്കുമ്പോഴാണ് വേദന കൂടുകയെന്ന വസ്തുത മനസ്സിലാക്കാന്‍ സമയമെടുത്തു.
l
സ്ലേറ്റുമായ്ക്കാന്‍ ‘വെള്ളത്തണ്ട്’, വരമ്പത്തും പാടത്തുമൊക്കെ പറിച്ചുകൂട്ടിയതിന്റെ ഗമ. മറ്റുള്ളവരുടെ വെള്ളത്തണ്ട് ചോദിച്ചുള്ള ദീനതയില്‍ അലിവോടെയെങ്കിലും ആ ഗമ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. മായ്ച്ച സ്ലേറ്റിന്റെ നീലിച്ച നിറം കയ്യിലും കുപ്പായത്തിലുമെല്ലാമായി പറ്റിപ്പിടിച്ചു. വെള്ളത്തണ്ട ഊതി, കാറ്റുനിറച്ച് നെറ്റിയില്‍കുത്തി പൊട്ടിക്കും പെണ്‍കുട്ടികള്‍.
l

എസ്‌കര്‍ഷന്റെ രസമറിയില്ല. പലരും നോട്ടീസ് വായിക്കുമ്പോള്‍ ആവേശംകൊള്ളും. നിരാശകൊണ്ട് തലതാഴ്ത്തിയിരിക്കലാണ് പതിവ്. പൈസ എങ്ങനെയെങ്കിലും തരാന്‍ പറ്റാഞ്ഞിട്ടൊന്നുമല്ല. പറഞ്ഞയക്കാന്‍ പേടിയായിട്ടാണത്രേ. എന്താപേടിക്കാനെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തുംപിടിയുമില്ല. എന്നാലും സ്റ്റാമ്പ് വിതരണത്തിനും ശോഭ ടാക്കീസില് സ്‌കൂള്‍ക്കുട്ടികള്‍ക്കുള്ള സിനിമക്കുമൊക്കെ ആദ്യം പൈസകൊടുക്കാന്‍ കഴിയുന്നതിന്റെ അഭിമാനമുണ്ട്. സ്റ്റാമ്പ് നിര്‍ബന്ധമായും വാങ്ങണം എല്ലാരുമെന്നാണ്. ആദ്യമാദ്യം വല്ലാത്ത കൗതുകംകൊണ്ട് പുസ്തകത്തില്‍ കരുതിസൂക്ഷിച്ചുവെക്കും. പിന്നെ ആ കൗതുകംപോയപ്പോള്‍ എല്ലാംകളഞ്ഞുപോയെല്ലാം. എന്നാലും മരച്ചോട്ടിലെ തറയില്‍ ഇരിക്കുന്ന ഗുരുവും വട്ടത്തില്‍ ഗുരുവിന് അഭിമുഖമായിരിക്കുന്ന ശിഷ്യന്മാരുടെയും ചിത്രമുള്ള സ്റ്റാമ്പ് കുറെക്കാലം പുസ്തകത്തില്‍ത്തന്നെ ഉണ്ടായിരുന്നു. ‘ചെമ്മീന്‍’ സിനിമ കണ്ട് കരഞ്ഞ് കണ്ണ്കലങ്ങിയത് ആരും കാണാതിരിക്കാന്‍ എന്തുമാത്രം പണിപ്പെട്ടതാണ്. പിന്നെ മനസ്സിലായി ഇനി ആരെങ്കിലും കണ്ടാലും കുഴപ്പമില്ലാന്ന്. കാരണം എല്ലാരും കണ്ണുനിറച്ചിട്ടുണ്ട്. അധ്യാപകരുടെ മുഖത്തുമുണ്ട് ഒരു വിഷാദം.
മാജിക്കുകാരന്‍ വരുന്ന ദിവസം ഇരട്ടി സന്തോഷമാണ്. ഉച്ചക്ക്‌ശേഷം സ്‌കൂളുണ്ടാവില്ല. പിന്നെ മാജിക്കും കാണാം. സ്റ്റേജ്ക്ലാസില്‍വെച്ചാണ് മാജിക് നടത്തുന്നത്. താഴെ നീളത്തില്‍, ക്ലാസുകള്‍ക്കായി മറച്ച പരമ്പുമറകളെല്ലാം മാറ്റി ഒരു ഹാള്‍ ആക്കിയിട്ടുണ്ട്. അവിടെയാണ് കുട്ടികള്‍ നിരന്നിരിക്കുന്നത്. മുമ്പിലെ ബെഞ്ചില്‍ സ്ഥലംപിടിക്കണമെങ്കില്‍ നന്നേ പണിപ്പെടണം. അപ്പോഴാകും നെപ്പോളിയന്‍മാഷിന്റെ പരിഷ്‌കാരം. ചെറിയകുട്ടികള്‍ മുന്നില്, വലിയവരൊക്കെ പിന്നിലേക്ക് എന്ന്. ഒരു നിര്‍വ്വാഹവുമുണ്ടാവില്ല. തലതാഴ്ത്തി, കൂനി ചെറിയവരായി അവിടെത്തന്നെ ഇരുന്നവരുമുണ്ട്.
മാജിക്കുകാരന്‍ കടലാസുകൊണ്ട് എന്തെല്ലാം പൂക്കളാണ് ഉണ്ടാക്കുന്നത്. പൂവുണ്ടാക്കുന്നത് പഠിപ്പിക്കുന്ന ഒരു പുസ്തകമുണ്ട്.പക്ഷേ അത് നോക്കി എത്രശ്രമിച്ചിട്ടും മാജിക്കുകാരന്റെ പൂക്കളുടെ ഭംഗി കിട്ടിയതേയില്ല. എന്തെല്ലാം മാജിക്കുകളാണ്. കടലാസുകൊണ്ട് നോട്ടുകള്‍ ഉണ്ടാക്കിയതും മാഷ്‌ടെ വാച്ച് ടവ്വലില്‍കെട്ടി ചതച്ച്‌പൊടിച്ചശേഷം കീശയില്‍നിന്ന് അതേ വാച്ച് തിരിച്ചെടുത്തതും അവിസ്മരണീയം. പക്ഷേ കടലാസുകൊണ്ട് നോട്ടുണ്ടാക്കാനറിയണ ഈയാളെന്തിനാണിങ്ങനെ പിരിവെടുത്ത് മാജിക്കുകാട്ടി നടക്കണതെന്ന് മനസ്സിലായയില്ല. ആരോടെങ്കിലും ചോദിക്കാനും ഒരു വൈമനസ്യം.
l
‘മെയ്ഡ് ഇന്‍ ചൈന’ എന്നെഴുതിയ സ്വര്‍ണ്ണനിറടോപ്പുള്ള ഹീറോപെന്‍ ഒരു വലിയ സ്വപ്നമായിരുന്നു. എത്രയോ കൊതിച്ച് കൊതിതീര്‍ന്നപ്പോളാണ്, എല്ലാവരുടെ കയ്യിലും യഥേഷ്ടം കിട്ടിത്തുടങ്ങിയശേഷം ഒന്ന് സ്വന്തമായികിട്ടിയത്. മറ്റ് നാടന്‍ പേനകളെ അപേക്ഷിച്ച് ലീക്കുണ്ടാവില്ല. മൂക്കൊലിക്കുന്നപോലെ ലീക്ക് ചെയ്യുന്ന പേനയുടെ ലീക്ക് സോപ്പുകൊണ്ട് അടക്കുന്ന ഒരു സൂത്രമുണ്ട്.
വിരലിലാകെ മഷി പച്ചകുത്തിയത് പോകാന്‍ ചുണ്ണാമ്പ്‌നൂറ്‌കൊണ്ട് കഴുകിയാമതി. ചെലപ്പോ അങ്ങനെ കഴുകിയാലും പിന്നെയും കാണാം തെളിയുന്നത്.
l
സ്‌കൂളിന്റെ മേല്‍ക്കൂര നിറയെ അമ്പലപ്രാവുകളാണ്. ചിലപ്പോ ക്ലാസെടുക്കുന്ന നേരത്താകും അവറ്റയുടെ കുറുകല്‍. എന്നാലും അതൊരു പശ്ചാത്തല സംഗീതംപോലാണ്. കേള്‍ക്കാന്‍ രസമുള്ള ഒരു സംഗീതം.
ഗ്രൗണ്ടിന്റെ തെക്കേമൂലയിലാണ് നെല്ലിമരം. മരങ്ങള്‍ക്ക് ഒരുകുറവുമില്ല. നെല്ലിക്ക എറിഞ്ഞോ കയറിയോ പറിക്കാന്‍ പാടില്ലെന്നാണ്. വീണതെടുക്കാം. പക്ഷേ അങ്ങനെയൊന്നും അത് വീഴില്ല. എന്നാലും വിരുതന്മാര്‍ സൂത്രത്തിലൊപ്പിക്കും. ചെറിയക്ലാസിലാകുമ്പോള്‍ വലിയവരുടെ ബഹളം കഴിഞ്ഞ് പതുങ്ങിവന്ന് നോക്കുമ്പം പുല്ലിന്റെ ഇടയില്‍നിന്ന് മൂക്കാത്ത ‘പിഞ്ചു’കള്‍ കിട്ടീട്ടുണ്ട്. നല്ലകയ്പാണ്. എന്നാലും തിന്നുപോകും. ഒരുമൂലയില്‍
”ഒരുവട്ടം കൂടിയാ പഴയവിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം…….
…….. തിരുമുറ്റത്തൊരുകോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്ത്
അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോളും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരികുടിച്ചെന്ത്
മധുരമെന്നോതുവാന്‍ മോഹം.” എന്ന്, ‘മോഹം’എന്ന കവിത മാഷ്‌ചൊല്ലിത്തന്നപ്പോള്‍, നെല്ലിയും മറ്റേമൂലയില്‍ കിണറുമുള്ള ഈ സ്‌കൂളില്‍ത്തന്നെയാണ് ഓയെന്‍വിക്കുറുപ്പും പഠിച്ചതെന്നാണ് വിശ്വിച്ചുത്. ആ തെറ്റുദ്ധാരണ കുറെക്കാലം കൊണ്ടുനടന്നു. അല്ലെന്ന് തിരിച്ചറിഞ്ഞപ്പോളും അത് തിരുത്താന്‍ മനസ്സ് കൂട്ടാക്കിയില്ല. അങ്ങനെ കരുതുന്നതില്‍ ഒരു സുഖം തോന്നി.

l
അഞ്ചാം ക്ലാസിന്റെ മൂലയിലാണ് ഉപ്പുമാവുപുര. മുത്ത്യമ്മ രാവിലെയെത്തും. ചിലപ്പോളൊക്കെ ചില്ലറ സഹായങ്ങള്‍ക്ക് മുതിര്‍ന്ന കുട്ടികളെ വിളിക്കും. അതൊരു വലിയ അംഗീകാരമായി കുട്ടികള്‍ പരിഗണിക്കുന്നു. ഉച്ചയാകുമ്പോള്‍ ഉപ്പുമാവ് വെന്ത മണം പരക്കുന്നതോടെ ഒരുവിധക്കാര്‍ക്കൊന്നും ഇരിക്കപ്പൊറുതിയുണ്ടാവില്ല. ആ വിശപ്പില്‍ കൊതിപ്പിക്കുന്ന മണം. കുറച്ചേയുള്ളൂ പാത്രങ്ങള്‍. നേരത്തെ എത്തുന്നവര്‍ക്ക് പാത്രം കിട്ടും. പാത്രം വീട്ടില്‍നിന്ന് കൊണ്ടുവരാന്‍ മടിയാണ്. പാത്രം തൂക്കിവന്നാല്‍ കൊതിയന്മാരാണെന്ന് കരുതപ്പെട്ടാലോ. ഇതൊക്കെയും കുറച്ച് മുതിര്‍ന്നപ്പോഴുള്ള വിചാരങ്ങളാണ്. മുമ്പൊന്നും ഇങ്ങനെയൊന്നും ആയിരുന്നില്ല. ഓഗസ്റ്റ് പതിനഞ്ചിന് പക്ഷേ മുതിര്‍ന്നവരും പാത്രം കൊണ്ടുവരും. അന്ന് പായസമാണ് വെക്കുക. ഉപ്പുമാവിന് പാത്രം ആദ്യം കിട്ടിയില്ലെങ്കില്‍ ആരുടെയെങ്കിലും ഒഴിയുന്നതുവരെ കാത്തിരിക്കണം. കളിച്ച് രസിച്ച് തിന്നുമ്പോള്‍ ഒറ്റയൊന്നിനും മറ്റുള്ളവരുടെ ചിന്തയുണ്ടാവില്ല. ഉപ്പുമാവിന് വരിനില്‍ക്കുന്ന സമ്പ്രദായം കൊണ്ടുവന്നതും നെപ്പോളിയന്‍മാഷാണ്. അവിടെയും ചെറിയവര്‍ക്കാണ് മുന്‍ഗണന. പാത്രംകിട്ടാതെ ക്ഷമകെട്ടപ്പോള്‍ ഒരു ദിവസം സാമൂഹ്യപാഠം ടെക്സ്റ്റ് ബുക്കിന്റെ അവസാനത്തെ പേജ് കീറി അതിലാണ് ഉപ്പുമാവ് വാങ്ങിയത്. അതുപക്ഷേ പിടിക്കപ്പെട്ടപ്പോള്‍ കാര്യം പറയേണ്ടിവന്നു. ഉപ്പുമാവ് വിളമ്പിക്കൊടുക്കാന്‍ ചിലപ്പോള്‍ മുത്ത്യമ്മ സഹായത്തിന് വിളിക്കും. അതൊരു ഗമയാണ്. ഇടക്ക് വായിലേക്കും വിളമ്പുമെന്നുമാത്രം.
ഉപ്പുമാവ് വിളമ്പുമ്പോള്‍ കുട്ടികളുടേത് പോരാത്തതിന് കാക്കകളുടെയും ആരവവും പൂരവുമാണ്. കാക്കയെ കളിപ്പിക്കാന്‍ ഉപ്പുമാവ് ഉരുട്ടി ചെറിയ ഉരുളയാക്കി മുകളിലേക്ക് എറിയും. ഉരുള നിലത്ത് വീഴുമുമ്പേ കാക്കകള്‍ പാറിവന്ന്കാക്ക ‘ക്യാച്ചെടുക്കുന്നത്’ രസമുള്ള കാഴ്ചയാണ്. കാക്കയെ കൊല്ലാനും ചില സൂത്രങ്ങള്‍ ചെയ്യും; കുപ്പിക്കഷ്ണമോ മുമ്പേ ശേഖരിച്ചു കരുതിയ ‘പാമ്പിന്‍ കായോ’ ഉപ്പുമാവിന്റെ ഉരുളയില്‍ ഒളിപ്പിച്ച് കാക്കക്ക് എറിഞ്ഞുകൊടുക്കും. ഒറ്റവിഴുങ്ങലാണ്. എന്നിട്ട് ആ ഉരുളയുംതിന്ന് പാറിപ്പോകുന്ന കാക്കയെ, ‘ഇപ്പംചാകു’മെന്ന് നോക്കിനില്‍ക്കും. നോക്കിനില്‍ക്കേ ചത്തുകണ്ടില്ലെങ്കിലും വഴിയരികില്‍ പലപ്പോഴും ചത്തുമലച്ചുകിടക്കുന്ന കാക്കകളൊക്കെയും ആ പ്രയോഗത്തിന്റെ ഇരകളാണെന്ന് എണ്ണപ്പെടും.

എത്രവേഗമാണ് വര്‍ഷങ്ങള്‍ കടന്നുപോകുന്നത്. പരീക്ഷകഴിഞ്ഞു. ക്ലാസ്‌ഫോട്ടോ കൊല്ലത്തിലുള്ളതാണെങ്കിലും ഇതിനെന്തോ പ്രത്യേകത. അടുത്തകൊല്ലം ഈ സ്‌കൂളിലില്ല. ഇനിയിതല്ല സ്‌കൂള്‍. നടനനെത്താവുന്ന ദൂരത്താണെങ്കിലും ബസ്സിമ്പോകാം. ആലോചിക്കുമ്പോള്‍ സന്തോഷമാണ്. എന്നാലും പറയാനൊന്നും പറ്റാത്ത ഒരു വിഷമം, വേദയുണ്ട്. ഒന്നുമില്ലെങ്കിലും ജീവിതത്തിലെ ആദ്യത്തെ വിദ്യാലയം, അക്ഷരംപഠിപ്പിച്ച ഗുരുക്കന്മാര്‍മല്ലേ…അഞ്ചുവര്‍ഷം കളിച്ചും കരഞ്ഞും പഠിച്ചുമൊക്കെ കഴിഞ്ഞുകൂടിയതല്ലേ…പക്ഷേ…പക്ഷേ പോകാതെവയ്യല്ലോ, ആര്‍ക്കും. ഒക്കെ കാലത്തിന്റെ കവടിനിരത്തല്‍. ഒരുവലിയ സംഭവവും ജീവിതവും അവസാനിക്കുകയാണ്. ഒപ്പം വിലപ്പെട്ട പലതും…’ജനഗണമന…….ജയജയജയജയഹേ..’കൂട്ടബെല്‍ അടിക്കുന്നതിപ്പോള്‍ ഹൃദയത്തിലാണ്…

l

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!