കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിന്റെ സാംസ്ക്കാരിക ബോധം ചോദ്യം ചെയ്യപ്പെടുന്നു. കേരളത്തിലെ വീടുകളില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാതായി തീരുന്നു. ഓരോ ദിവസവും പെണ്‍കുട്ടികള്‍ വേട്ടയാടപ്പെടുന്ന ഭീകരമായ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഒടുവിലിതാ ആറുവയസുകാരിയായ സ്വന്തം മകളെ ഒരു പിതാവ് മദ്യം നല്കി ലൈംഗികമായി പീഡിപ്പിച്ചിരിക്കുന്നു.
എറണാകുളം ജില്ലയിലെ കുറുമ്പടി എന്ന സ്ഥലത്താണ് 40 വയസ്സുകാരനായ പിതാവ് തന്റെ മകളെ ആറുമാസത്തോളമായി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കുന്നു എന്ന പരാതിയുമായി മാതാവ് പോലീസിനടുത്തെത്തിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഇയാള്‍ ഒളിവിലാണ്.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കുട്ടി തന്നെ ചികിത്സിച്ച ആലുവ ജില്ലാ ആശുപത്രിയിലെ മനോരഗ വിദഗ്ധനു മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസവും മദ്യം നല്കിയതിനുശേഷമാണത്രെ അച്ഛന് കുട്ടിയെ പീഡിപ്പിച്ചിരുന്നത്്. കൂടാതെ ഇയാളുടെ നാലോ അഞ്ചോ സുഹൃത്തുക്കളും കുട്ടിയെ പീഡിപ്പിച്ചതായി ഡോക്ടര്‍ പറഞ്ഞു.
പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി കുട്ടികളുടെ ഡോക്ടറെ കാണിക്കാന്‍ അമ്മയോടൊപ്പം ആശുപത്രിയിലെത്തിയ കുട്ടിയെ ഈ ഡോക്ടര്‍ മനോരോഗ വിദഗ്ധന്‍ റഫര്‍ ചെയ്യുകയായിരുന്നു. തുര്‍ന്ന് കുട്ടി പിതാവും സുഹൃത്തുക്കളും പീഡിപ്പിച്ച വിവരം ഡോക്ടറോട് പറയുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ അമ്മ പോലീസില്‍ പരാതിപ്പെട്ടത്.
ഒരു വര്‍ഷം മുമ്പ് പ്രതിയും ഭാര്യയും വിവാഹം വേര്‍പ്പെടുത്തിയിരുന്നു. പിന്നീട് സ്ത്രീയും കുട്ടികളും അനാഥാലയത്തിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ സംരക്ഷിക്കാനെന്ന വ്യാജേനെ ആറുമാസം മുമ്പ് ഇയാള്‍ ആറുവയസുകാരി മകളെ തന്നോടൊപ്പം താമസിപ്പിക്കുകയായിരുന്നു.



