Section

malabari-logo-mobile

അന്യസംസ്ഥാനത്തൊഴിലാളികള്‍ നാട്ടിലിറങ്ങിയ കടുവകളോ?

HIGHLIGHTS : മലയാളികളില്‍ 20 മുതല്‍ 30 ശതമാനം പേരെങ്കിലും അന്യനാടുകളിലാണ് പണിയെടുക്കുകയും

മലയാളികളില്‍ 20 മുതല്‍ 30 ശതമാനം പേരെങ്കിലും അന്യനാടുകളിലാണ് പണിയെടുക്കുകയും താമസിക്കുകയും ചെയ്യുന്നത്. അതില്‍ പകുതിയോളമെങ്കിലും അന്യസംസ്ഥാനങ്ങളിലും ബാക്കിയുള്ളവര്‍ ഇന്ത്യക്ക് പുറത്തും. (കേരളാ മോഡല്‍ സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറത്തന്നെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന വിദേശ നാണ്യമാണെന്ന വസ്തുത പരക്കെ അംഗീകരിക്കപ്പെട്ടു. ഇതാണ് ലോക ‘റിസഷ’ന്റെ പിടിയില്‍പെട്ട് ഞെരിഞ്ഞമര്‍ന്നപ്പോള്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായത്. വലിയൊരളവുവരെ ഈ വിദേശ നാണ്യത്തിന്റെ ഒഴുക്കുമൂലമാണെന്ന് അടുത്തക്കാലത്ത് ‘ഒരു കേന്ദ്രമന്ത്രിതന്നെ പ്രസ്താവിച്ചു’.). ആനാടുകളിലെ ജനങ്ങളും ഗവണ്‍മെന്റുകളും പരദേശികള്‍ക്ക് ആവശ്യമായ അംഗീകാരവും നിയമ പരിരക്ഷയും പരിഷ്‌കൃത ജീവിതത്തിന് വേണ്ട സാഹചര്യങ്ങളും ഉറപ്പാക്കുന്നതുകൊണ്ടാണല്ലോ അത് സാധ്യമാകുന്നത്.

എന്നാല്‍ അത്തരം സുരക്ഷയും സഹനവും അംഗീകാരവും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നുണ്ടോ? സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ബിസിനസ്സുകാര്‍ക്കും വിവേചനവും ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നില്ലെന്നായിരിക്കാം. എന്നാല്‍ അന്യ സംസ്ഥാനത്തൊഴിലാളികള്‍ എന്നറിയപ്പെടുന്ന വിഭാഗത്തിന്റെ കാര്യം അങ്ങിനെയല്ല. അടുത്തകാലത്ത് വായിക്കാനിടയായ ചില പത്ര റിപ്പോര്‍ട്ടുകളും നേരില്‍ കാണാന്‍ ഇടയായ ചില സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്.

sameeksha-malabarinews

കടുവ നാട്ടിലിറങ്ങുന്നതിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ തുടര്‍ക്കഥയെന്നോണം അന്യസംസ്ഥാന തൊഴിലാളികള്‍ രോഗങ്ങള്‍ പരത്തുന്നതിനെതിരെ ചിലര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നതായി പത്രങ്ങളില്‍ വായിക്കാനിടയായി. എന്നാല്‍ കടുവയുടേതിന് സമാനമായ ഒരു വിഷയമല്ല അന്യസംസ്ഥാന തൊഴിലാളികളുടെതെന്ന് ഇപ്പറഞ്ഞ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകരും നയിക്കപ്പെടുന്ന ജനങ്ങളും ഓര്‍ക്കേണ്ടതാണ്. കൂടുതല്‍ സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്. കടുവ നാട്ടിലിറങ്ങുന്നതുപോലും സ്വാര്‍ത്ഥമതികളും അത്യാഗ്രഹികളും ആയ പരിഷ്‌കൃത മനുഷ്യന്റെ ദുഷ്‌ചെയ്തികള്‍ മൂലമുണ്ടായ സ്ഥിതി വിശേഷമാണെന്ന് നാം അംഗീകരിക്കാന്‍ തയ്യാറാകുന്ന കാലഘട്ടമാണിതെന്നോര്‍ക്കണം.

പുറത്തു പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങളുടെയും ആഢംബരങ്ങളുടേയും കാര്യത്തിലൊഴികെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലോ ആരോഗ്യ പൂര്‍ണമായ ജീവിതചര്യകളില്‍ ഒരു ശ്രദ്ധയുമില്ലാത്ത മലയാളിക്ക് രോഗങ്ങള്‍ പകരുന്നതിന് എങ്ങനെ അന്യസംസ്ഥാനത്തൊഴിലാളികളെ കുറ്റപ്പെടുത്താന്‍ കഴിയും. മലയാളിയുടെ അമിത മദ്യപാന ശീലവും ചെറുപ്പക്കാരുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ഡ്രഗ്‌സിന്റെ ഉപയോഗവും മറ്റ് അസാന്‍മാര്‍ഗിക പ്രവണതകളും പരിസരങ്ങളും, നിരത്തുകളിലും, ജലാശയങ്ങളിലും നാം നിക്ഷേപിച്ച് സൂക്ഷിച്ചിരിക്കുന്ന മാലിന്യങ്ങളും രോഗങ്ങള്‍ പരക്കുന്നതിന് മതിയായ കാരണങ്ങളാണ്. ഇനി അന്യസംസ്ഥാന തൊഴിലാളികളുടെയിടയില്‍ ദുഷ്പ്രവണതകള്‍ കാണുന്നുണ്ടെങ്കില്‍ തന്നെ അതിനാവശ്യമായ വെള്ളവും വളവും ലഭിക്കുന്നത് കേരളത്തില്‍ നിന്നു തന്നെയല്ലേ? അവരെ കുറിച്ചു നാം രോഷം കൊള്ളുമ്പോള്‍ അന്യ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലുംജോലി ചെയ്യുന്ന മലയാളികളെകുറിച്ചും അവര്‍ നാടിനു ചെയ്യുന്ന സംഭവനകളെ കുറിച്ചും നാം ഓര്‍ക്കണം.

കേരളത്തില്‍ മെച്ചപ്പെട്ട അവസരങ്ങളും വരുമാനവും ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജോലിതേടിവരുന്ന സാധുമനുഷ്യര്‍ കൂടുതല്‍ മാന്യമായ പെരുമാറ്റവും സുരക്ഷിതത്വവും അര്‍ഹിക്കുന്നു. ഇന്ത്യയിലെവിടെയും പോയി നിയമാനുസൃതമായ തൊഴിലോ ബിസിനസോ ചെയ്തു ജീവിക്കാന്‍ മലയാളികള്‍ക്ക് എല്ലാ അവകാശവുമുണ്ട്. അവര്‍ക്ക് മെച്ചപ്പെട്ട നിയമ പരിരക്ഷയും ജീവിത സാഹചര്യങ്ങളും ഉറപ്പാക്കാനുള്ള ബാധ്യത കേരളാ ഗവണ്‍മെന്റിനുണ്ട്. അവരെ സഹായിക്കാനും അംഗീകരിക്കാനുമുള്ള ബാധ്യത കേരള സമൂഹത്തിനുണ്ട്. ‘അതിഥി ദേവോ ഭവ’ എന്നൊരു സ്വപ്‌ന വാക്യം നമ്മുടെ സംസ്‌ക്കാരത്തിന്റെ അടിസ്ഥാന ശിലയാണല്ലോ? അവര്‍ നമ്മെ ചൂഷണം ചെയ്യാനോ കട്ടുമുടിക്കാനോ വന്നവരല്ലെന്നും നമുക്ക് കുറഞ്ഞ വേതനത്തിന് സേവനങ്ങള്‍ ചെയ്യാന്‍ വന്നവരാണ്.് തിരുടെന്മാരെ മലയാളികളായാലും അന്യസംസ്ഥാനക്കാരായാലും നിയമവ്യവസ്ഥയ്ക്ക് വിടുക, വിധേയരാക്കുക. ജനങ്ങളെ പ്രകോപിപ്പിക്കാന്‍ പോന്ന വണ്ണം പ്രസ്താവനകളും ലേഖനങ്ങളുമായി ഇറങ്ങി പുറപ്പെടുന്നതിനു മുമ്പ് അല്പം കൂടി ഗൗരവമായും സൂക്ഷമമായും ചിന്തിക്കേണ്ടതുമാണ്. അടുത്തകാലത്ത് മറ്റുസംസ്ഥാങ്ങളില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് ചില പ്രതിസന്ധികള്‍ നേരിടേണ്ടിവന്നപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റും ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകളും കേരള ഗവണ്‍മെന്റ് ഉള്‍പ്പെടെ സ്വീകരിച്ച് നടപടികള്‍ പ്രശംസനീയമാണ്. അന്യസംസ്ഥാനത്തൊഴിലാളികളുടെ കാര്യത്തില്‍ നമുക്കുണ്ടാകേണ്ട സമീപനത്തിന് അത് നല്ല മാതൃകയാണ്.

ഒരര്‍ത്ഥത്തില്‍ ഇവരെ സ്വാഗതം ചെയ്യുന്ന ഒരു സമ്പദ് വ്യവസ്ഥയായി കേരളത്തിനു മാറാന്‍ കഴിഞ്ഞതില്‍ നാം അഭിമാനിക്കുകയാണ് വേണ്ടത്. ശരിക്കും പറഞ്ഞാല്‍ ഇന്നത്തെ അവസ്ഥയില്‍ ഈ തൊഴിലാളികളെ ആശ്രയിക്കാതെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നമുക്ക് നിലനിര്‍ത്തുവാനോ മെച്ചപ്പെടുത്തുവാനോ കഴിയുകയില്ല. തേങ്ങയിടാന്‍ ആളില്ലാത്തതുകൊണ്ട് നാം തെങ്ങുകള്‍ മുറിച്ചു കൊണ്ടിരിക്കുകയാണല്ലോ! ഈ സ്ഥിതി തുടര്‍ന്നാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തെങ്ങുകയറാന്‍ പഠിച്ചില്ലെങ്കില്‍ അധികം താമസിയാതെ കേരം ഇല്ലാത്ത കേരളമായി മാറും നമ്മുടെ നാട്. നമ്മുടെ നെല്‍പാടങ്ങളെല്ലാം വളരെ മുമ്പ് തന്നെ നാം തരിശുഭൂമിയാക്കി വികസിപ്പിച്ചുകഴിഞ്ഞു.

അന്യസംസ്ഥാനത്തൊഴിലാളികള്‍ അര നൂറ്റാണ്ടുമുന്‍പെങ്കിലും കേരളത്തില്‍ വന്ന് പറ്റിയിരുന്നെങ്കില്‍ ഒരു പക്ഷെ നമ്മുടെ ആവാസ വ്യവസ്ഥയുടെ ആണിക്കല്ലുകളായിരുന്ന പാടശേഖരങ്ങള്‍ അപ്രത്യക്ഷമാകുകയായിരുന്നില്ല. നമ്മുടെ കുളങ്ങളും നദികളും വറ്റിവരളുമായിരുന്നില്ല.

കേരളത്തിലെ പഴയ അലക്കുകമ്പനികള്‍ പട്ടണങ്ങളിലെങ്കിലും വാഷിങ്‌മെഷിനുകളുടെ വരവോടുകൂടി തേപ്പുകമ്പനികളായി ചുരുങ്ങി. അതിനും മലയാളിയെ കിട്ടാതായപ്പോള്‍ ആണ് അന്യസംസ്ഥാനത്തൊഴിലാളികള്‍ മൊബൈല്‍ ഷോപ്പ് കമ്പനികളുമായി കേരളത്തിലേക്കും രംഗപ്രവേശം ചെയ്തത്. ഇന്നു അവര്‍ പലമേഖലകളിലേക്കും രംഗപ്രവേശം ചെയ്തു കഴിഞ്ഞു. മലയാളിത്തൊഴിലാളികളെ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നിലനില്പിനും വളര്‍ചയ്ക്കും അത് അനിവാര്യമാണ്. ഇനിയും കൂടുതല്‍ അടിസ്ഥാന വിഭവങ്ങളെ നമുക്ക് നഷ്ടപ്പെടുത്താനാവില്ല. അടിസ്ഥാന വിഭവങ്ങളില്‍ കാലുറപ്പിച്ച് നിന്ന വ്യവസ്ഥയെ കട്ടിപ്പടുക്കാന്‍ മലയാളി ഇനിയും ശീലിക്കേണ്ടിയിരിക്കുന്നു.

മലയാളി യുവാക്കള്‍ മറുനാടുകളില്‍ ജോലിതേടിപ്പോകുന്നു. ഇങ്ങനെ തൊഴില്‍ തേടിപ്പോകുന്ന മലയാളികളില്‍ വലിയൊരു വിഭാഗം അ്ന്നാടുകളിലെ കര്‍ശനമായ ലേബര്‍ നിയമങ്ങളെ വളരെ വിദഗ്ദ്ധമായി മറികടക്കുന്ന ലേബര്‍ കമ്പനികളുടെ വലയില്‍പ്പെട്ട് തുച്ഛവേതനത്തിന് കൊടും ചൂടില്‍ നരകയാതന അനുഭവിച്ച്് പണിയെടുക്കുന്നു. ദുരഭിമാനികളായ ഇവര്‍ നാട്ടില്‍ വരുമ്പോള്‍ കടം വാങ്ങിയ പൈസയ്ക്ക് വസ്ത്രങ്ങളും, സമ്മാനങ്ങളും, മദ്യവുമൊക്കെയായി വന്നു ബന്ധുക്കളെയും കൂട്ടുകാരെയും ഒക്കെ സന്തോഷിപ്പിച്ച് വീണ്ടും തങ്ങളുടെ യാതനകളുടെ സുരക്ഷാതാവളങ്ങളിലേക്ക് മടങ്ങുന്നു. അതുമല്ലെങ്കില്‍ കൂടുതല്‍ ലാഭകരമായ ഗുണ്ട, മണല്‍ മുതലായ മേഖലകളിലേക്ക് മലയാളിത്തൊഴിലാളികള്‍ നയിക്കപ്പെടുന്നു.

മലയാളി ദുരഭിമാനം വെടിഞ്ഞ് അവന്റെ തൊടികളിലേക്ക് മടങ്ങിവരാന്‍ തയ്യാറാകാത്തിടത്തോളം നമ്മുടെ വ്യവസ്തിയും നേതൃത്വവും അതിനാവ്ശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ തയ്യാറാകാത്തിടത്തോളം നമുക്ക് അന്യസംസ്ഥാനത്തൊഴിലാളികളെ വേണം, നമ്മുടെ നല്ല നാളെകള്‍ ശാശ്വതമാക്കാന്‍.

തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് ഏകദേശം ഒരുമാസം മുന്‍പ് ട്രെയിനില്‍ യാത്രചെയ്യവേ നേരില്‍ കാണാനിടയായ സംഭവംകൂടി അടിക്കുറിപ്പായി ചേര്‍ക്കട്ടെ. സ്ലീപ്പര്‍ ടിക്കറ്റ് ആവശ്യമുള്ള റിസര്‍വേഷന്‍ കംമ്പാര്‍ട്ടുമെന്റിലാണ് ലേഖകനും കുടുംബവും യാത്ര ചെയ്തിരുന്നത്. നല്ല തിരക്കുള്ള ദിവസമായിരുന്നു. പ്രസ്തുത കംമ്പാര്‍ട്ടുമെന്റില്‍ ആളുകള്‍ നിന്ന് യാത്ര ചെയ്യുന്നുണ്ടായിരുന്നു. അവരില്‍ അന്യസംസ്ഥാന കാരെന്ന് തോന്നിക്കുന്ന രണ്ട് യുവാക്കളും ഉണ്ടായിരുന്നു. അതുവഴി കടന്നുപോയ രണ്ട് ടിക്കറ്റ് എക്‌സാമിനര്‍മാരില്‍ ഒരാള്‍ ‘എടാ നീയൊക്കെ ഇവിടെ നില്‍ക്കുന്നതെന്തിനാ?’ എന്ന് ആക്രോശിച്ച് കൊണ്ട് ‘കോളറിന് കുത്തിപ്പിടിച്ച്’ അവരെ രണ്ടുപേരെയും പുറത്തേക്ക് തള്ളി്‌ക്കൊണ്ടുപോയി. ഏതാനും നിമിഷങ്ങള്‍ക്കകം അവര്‍ രണ്ടുപേരും തിരികെ മടങ്ങിവന്ന്് ഇരിക്കുന്ന യാത്രക്കാരോട് ദയനീയമായ് അപേക്ഷിച്ചു അല്‍പം സ്ഥലം ഉറപ്പാക്കി ഇരുന്നും അല്ലാതെയും യാത്രതുടര്‍ന്ന് അവരുടെ ഭാഷ വ്യക്തമല്ലാത്തതിനാല്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അവരുടെ മുഖത്ത് നിഴലിച്ചിരുന്ന ദൈന്യഭാവവും അഭിമാനക്ഷതവും ഒരു നൊമ്പരമായി ഇപ്പോഴും മനസ്സില്‍ അവശേഷിക്കുന്നു.

(ലേഖകന്‍ ഡോ. വിജയഗോപാലന്‍ നായര്‍ കഴിഞ്ഞ പത്തുവര്‍ഷമായി യുഎയില്‍ ജോലിനോക്കുന്ന ഒരു മാനേജ്‌മെന്റ് അദ്ധ്യാപകനാണ്. തിരുവനന്തപുരം സ്വദേശിയാണ്.)

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!