ദോഹ: മനുഷ്യക്കടത്തും അനധികൃത വിസ കച്ചവടവും തടയുന്നതിന് ഖത്തര്‍ പ്രത്യേക മന്ത്രിതല സമിതി രൂപീകരിച്ചു. മനുഷ്യക്കടത്തിനെതിരായ ഖത്തര്‍ ഫൗണ്ടേഷനു(എ.ഐ.ക്യു.എ.ടി.എഫ്) മായി സഹകരിച്ചാണ് വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത സമിതി രൂപീകരിച്ചിരിക്കുന്നത്. അനധികൃതമായ തൊഴില്‍ വിസകളുടെ മറവില്‍ മനുഷ്യക്കടത്തിന്റെ ഇരകളാക്കപ്പെടുന്നവര്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി കര്‍ശനമാക്കുന്നത്.
ആഭ്യന്തരമന്ത്രാലയത്തിന് പുറമെ, തൊഴില്‍-സാമുഹിക കാര്യമന്ത്രാലയം, വിദേശകാര്യമന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവയിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി ശക്തമായ നടപടികളായിരിക്കും അനധികൃത വിസാക്കച്ചവടത്തിനെതിരേ നടത്തുക. രാജ്യത്തെ വിദേശ തൊഴിലാളികലുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് സമിതിയുടെ ലക്ഷ്യം. അനധികൃത തൊഴില്‍ വിസകളുടെ മറവില്‍ മനുഷ്യക്കടത്ത് വര്‍ധിച്ചുവരുന്നതായി വിവിധ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഘാന, നൈജീരിയ, കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വന്‍ തുക വാങ്ങി വിദേശ തൊഴിലാളികളെ വ്യാപകമായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് ചില റിക്രൂട്ടിംഗ് ഏജന്റുമാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. ഇല്ലാത്ത തൊഴില്‍ തസ്തികകള്‍ ഉണ്ടാക്കിയെടുത്താണ് ചില സ്ഥാപനങ്ങള്‍ വിസകള്‍ സംഘടിപ്പിക്കുന്നത്. നാമമാത്രമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ വിസ ഇടപാടുകള്‍ക്ക് മാത്രമായാണ് നിലനില്‍ക്കുന്നതെന്നും പരാതികളുണ്ട്. 6,000 റിയാല്‍ മുതല്‍ 22,000 റിയാല്‍ വരെ അനധികൃത ഇടപാടുകാര്‍ വിസക്കായി വാങ്ങിക്കുന്നുണ്ട്. ഇന്ത്യന്‍ വിസക്കാണ് വിപണിയില്‍ കൂടുതല്‍ വിലയും ഡിമാന്റുമുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ കുടിയേറ്റം കുറഞ്ഞു വരുന്നതായുള്ള കണക്കുകള്‍ പുറത്തുവരുന്ന അവസരത്തില്‍ തന്നെയാണ് ഇന്ത്യക്കാരെ ലക്ഷ്യം വെച്ചുള്ള വന്‍ തുകക്കുള്ള ഫ്രീ വിസ ഇടപാടുകള്‍ സംബന്ധിച്ചുള്ള വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.



