കേരളം പുറത്തേക്ക്

കട്ടക്ക് : ഇത്തവണ സന്തോഷ്ട്രോഫി നേടാനുള്ള കേരളത്തിന്റെ സ്വപ്‌നങ്ങള്‍ ഇന്ത്യയുടെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. സര്‍വ്വീസ് കേരളത്തിന്റെ പോസ്റ്റിലേക്ക് നിറയൊഴിച്ച 2 ഗോളുകള്‍ കേരളത്തെ ഫൈനല്‍ കാണാതെ പുറത്തേക്കുള്ള വഴിയൊരുക്കി. കട്ടക്കിലെ ബരാപതി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് നടന്ന മത്സരത്തില്‍ 2-1 ന്റെ വിജയമാണ് സര്‍വ്വീസസ് നേടിയത്. ക്വാര്‍ട്ടര്‍ ലീഗില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്‍മാരായ ബംഗാളിനെയും, പഞ്ചാബിനെയും,മഹാരാഷ്ട്രയേയും തകര്‍ത്ത് സെമിയിലെത്തിയ കേരളത്തിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു.

കളിയുടെ 5-ാം മിനിറ്റില്‍ തന്നെ സബര്‍ദാര്‍ സര്‍ക്കാര്‍ നേടിയ ഗോള്‍ കേരളത്തിന് തിരിച്ചടിയായി. 2-ാം പകുതിയുടെ ആദ്യ അഞ്ചാം മിനിറ്റില്‍ തന്നെ സര്‍വ്വീസസിന് കിട്ടിയ ദാനഗോളും കേരളത്തെ വീണ്ടും ഞെട്ടിച്ചു.
കളിയുടെ അവസാന നിമിഷങ്ങളില്‍ പെനാള്‍ട്ടി ബോക്‌സിനകത്ത് വച്ച് കേരളതാരം ഉസ്മാനെ സര്‍വ്വീസസ് ഗോള്‍ കീപ്പര്‍ ഫൗള്‍ ചെയ്തതിനാല്‍ ലഭിച്ച പെനാള്‍ട്ടിയിലൂടെ വിനീത് ആന്റണി സര്‍വ്വീസിന്റെ ഗോള്‍ വല കുലുക്കി. അവസാന നിമിഷങ്ങളില്‍ ഒരു ഗോളടിച്ച ആവേശത്തില്‍ നിറഞ്ഞ് കളിച്ച കേരളത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ അര്‍ഹിച്ചിരുന്ന ഒരു സമനില അന്യമായി.

Share news
error: Content is protected !!
Scroll to Top