HIGHLIGHTS : കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പാര്‍ക്കില്‍ ഒവി വിജയന്റെ ശില്പം
മലപ്പുറം: കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പാര്‍ക്കില്‍ ഒവി വിജയന്റെ ശില്പം അനുവദിക്കില്ലെന്ന ലീഗിന്റെ നിലപാട് താലിബാനിസമെന്ന് സിപിഐഎം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്റെ പ്രതിമ എതിര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി, ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ എന്നിവര്‍ പറഞ്ഞു.
ലീഗിന്റെ വര്‍ഗീയ അജണ്ട മറനീക്കി പുറത്തുവന്നിരിക്കയാണ്. സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്മൃതിവനം പാര്‍ക്കും പ്രതിമയും നിര്‍മിച്ചത്. പാര്‍ക്കിന് “കൂമന്‍കാവ്” എന്നുപേരിട്ടത് ലീഗുകാര്‍ക്ക് രസിച്ചിട്ടില്ല. ഖസാക്കിന്റെ ഇതിഹാസകാരന്‍ തന്റെ നോവലില്‍ സൃഷ്ടിച്ച നാട്ടുകവലയുടെ പേരാണ് കൂമന്‍കാവ്. പ്രതിമ നിര്‍മിക്കാന്‍ അനുമതി വാങ്ങിയില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് പ്രതിമ പൊളിച്ചുനീക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഭവനത്തിന്റെ “ഗംഗ” എന്ന പേര് മാറ്റിയത് ആരും മറന്നിട്ടില്ല.

സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ഇ എന്‍ മോഹന്‍ദാസ്, പി ജ്യോതിഭാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഒവി വിജയന്‍ കോട്ടക്കല്‍ രാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്