HIGHLIGHTS : കാശ്മീര്‍: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്
കാശ്മീര്‍: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പൂഞ്ചിനടുത്ത് നിയന്ത്രണ രേഖയില്‍ മെന്താര്‍ സെക്ടറിലാണ് ആക്രമണം. കൊല ചെയ്യപ്പെട്ട ഒരു സൈനികന്റെ മൃതദേഹം പാക് സൈനികര്‍ എടുത്തുകൊണ്ടുപോയതായും മറ്റേ മൃതദേഹത്തിന്റെ തലവെട്ടിമാററി വികൃതമാക്കിയതായും റിപ്പോര്‍ട്ട്. ലാന്‍സ് നായിക്മാരായ സുധാകര്‍ സിംഗും ഹേംരാജുമാണ് കൊലചെയ്യപ്പെട്ടത്. സോണാ ഗാലിയിലെ സൈനിക പോസ്റ്റിലായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്.
അരമണിക്കൂറോളം തമ്മില്‍ വെടിവെപ്പുണ്ടായതായാണ് സൂചന. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കരാര്‍ ലംഘനമാണ് ഉണ്ടായതെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഈ മേഖലയിലെ കനത്ത മഞ്ഞുവീഴ്ചയെ മറയാക്കി വനമേഖലയിലൂടെയാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ അതിര്‍ത്ഥിരേഖ കടന്ന് ഏകദേശം നൂറുമീറ്ററോളം അകത്തേക്ക് പാക്‌സൈന്യം എത്തിയതായാണ് സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍.
അതിര്‍ത്തി പോസ്റ്റിലുണ്ടായിരുന്ന സൈനികരെയാണ് കൊലചെയ്തത്. 48 മണിക്കൂറിനുള്ളില്‍ പാകിസ്ഥാന്‍ രണ്ടാംതവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തത്്.