തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ഗള്‍ഫ് ജയിലുകളില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാനാവശ്യമായ നിയമസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പതിനൊന്നാമത് പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയില്‍ മോചിതരാകുന്നവരെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാനടിക്കറ്റിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികള്‍ക്ക് ആധാര്‍ രജിസ്‌ട്രേഷന് എംബസികളോ മറ്റ് ഏജന്‍സികലോ വഴി സംവിധാനമൊരുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. പ്രവാസി ക്ഷേമനിധി, പെന്‍ഷന്‍, രണ്ടുലക്ഷം രൂപവരെയുള്ള അപകട ഇന്‍ഷുറന്‍സ് എന്നിവക്കൊപ്പം സാന്ത്വന, ചെയര്‍മാന്‍സ് ഫണ്ട് എന്നിവയെല്ലാം മടങ്ങിയെത്തുന്ന, സാമ്പത്തികമായി പിന്നോക്കമായ പ്രവാസി മലയാളികളെയും കുടുംബങ്ങളെയും പ്രത്യേകമായി സഹായിക്കാനുള്ളവയാണ്. നാട്ടില്‍ തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും താമസിയാതെ നടപ്പിലാക്കും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി രൂപീകരിക്കുകയോ സംസ്ഥാന പദ്ധതിയെ സഹായിക്കുകയോ ചെയ്യണമെന്ന് കഴിഞ്ഞ ദേശീയവികസന കൗണ്‍സിലില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അനുകൂല പ്രതികരണം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രവാസികളുടെ ഏറ്റവും രൂക്ഷമായ പ്രശ്‌നം വിമാനയാത്രയുമായി ബന്ധപ്പെട്ടതാണ്. ആവശ്യത്തിന് വിമാനമില്ലെന്നും അമിതയാത്രക്കൂലി ഈടാക്കുന്നുവെന്നുള്ള പരാതി ശക്തമാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലാണ് എയര്‍ കേരള എന്ന പേരില്‍ കമ്പനി രൂപീകരിക്കാന്‍ നടപടി ആരംഭിച്ചത്. ചില നിയമങ്ങളില്‍ ഇളവുനല്‍കി ഇക്കാര്യത്തില്‍ കേരളത്തിന് അനുകൂലമായ തീരുമാനം ഉണ്ടാവണം. ഇന്ത്യന്‍ എംബസികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും പ്രവര്‍ത്തനം വിപുലമാക്കുകയും വേണം. കസ്റ്റംസ് നികുതി ഇളവോടെ കൊണ്ടുവരാവുന്ന സര്‍ണാഭരണത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. സ്ത്രീകള്‍ക്ക് 100 ഗ്രാമും പുരുഷന്‍മാര്‍ക്ക് 50 ഗ്രാമും ആയി പരിധി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. പ്രവാസികള്‍ക്ക് തദ്ദേശതെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം നല്‍കാന്‍ പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ കേരളം നടപടി തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു.
എമര്‍ജിങ് കേരളയിലൂടെ 40,000 കോടിയിലേറെ രൂപയുടെ നിക്ഷേപ സാധ്യതയാണ് തുറന്നിരിക്കുന്നത്. പ്രവാസികള്‍ക്ക് കേരളത്തില്‍ നിക്ഷേപം നടത്താന്‍ എല്ലാ സഹായവും പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



