Section

malabari-logo-mobile

പൊന്നാനിയില്‍ നിരോധനാജ്ഞ

HIGHLIGHTS : പൊന്നാനി: പൊന്നാനി നഗരസഭയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണിന് ശേഷം ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും വീണ്ടും സ...

പൊന്നാനി: പൊന്നാനി നഗരസഭയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണിന് ശേഷം ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും വീണ്ടും സാഹചര്യം ഗുരുതരമാകുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് നിയമസഭാ സ്പീക്കറും പൊന്നാനി എംഎല്‍എയുമായ പി.ശ്രീമാകൃഷണന്‍ പറഞ്ഞു. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ ക്രോസ് ടെസ്റ്റ് നടത്തുന്ന രീതിയാണ് ആരോഗ്യ വകുപ്പ് ഇവിടെ പ്രയോഗിക്കുന്നത്. ഇത്തരം ടെസ്റ്റുകളില്‍ എല്ലാ വിഭാഗങ്ങളിലും കോവിഡ് പോസിറ്റീവ് ആയിക്കാണുന്ന അവസ്ഥയുണ്ട്. പ്രത്യേകിച്ച് പൊന്നാനി നഗരസഭ പരിധിയിലും സമീപ പഞ്ചായത്തുകളിലും ഈ സ്ഥിതിവിശേഷം കാണുന്നുണ്ട്.

ഉറവിടം അറിയാത്ത രീതിയില്‍ രോഗം സ്ഥിരീകരിക്കുന്നത് ആശങ്കാജനകമാണെന്നും വളരെ ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. അതുകൊണ്ട് പൊന്നാനി താലൂക്കിനെ വീണ്ടും കണ്ടൈന്‍മെന്റ് സോണായി മാറ്റാനുള്ള തീരുമാനം ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും എടുക്കുകയാമെന്നും അതിനോട് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.

sameeksha-malabarinews

പരമാവധി യാത്രകളും കൂട്ടംകൂടലുകളും ഒഴിവാക്കണം. താലൂക്കില്‍ 144 പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നതെന്നും അവശ്യ സാധനങ്ങളുടെ കടകളും റേഷന്‍ കടകളും സമയം ക്രമീകരിച്ച് തുറക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ഇപ്പോള്‍ അച്ചടക്കം പാലിക്കാന്‍ നമ്മളള്‍ തയ്യാറായില്ലെങ്കില്‍ അതീവ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും അദേഹം അഭ്യര്‍ത്ഥിച്ചു.

ഈ  അടിയന്തിര  സാഹചര്യത്തില്‍ പൊന്നാനി താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ താഴെ പറയുന്ന  കാര്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്. 
·പൊന്നാനി താലൂക്ക് പരിധിയില്‍ അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന സ്ഥലങ്ങളിലൊഴികെ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടില്ല.
· മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളില്‍ അല്ലാതെയുള്ള യാത്രകള്‍ നിരോധിച്ചു.
· പൊന്നാനി നഗരസഭാ പരിധിയില്‍ മത്സ്യ മാംസാദികളുടെ വിപണനം പാടില്ല.
· 10 വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യരുത്.
· മാസ്‌കുകള്‍ ധരിച്ചു മാത്രമേ പൊതു സ്ഥലങ്ങളില്‍ സഞ്ചരിക്കാവൂ.
· പൊന്നാനി താലൂക്കില്‍ നാലുചക്ര സ്വകാര്യ/ടാക്‌സി വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം പരമാവധി മൂന്ന് പേര്‍ മാത്രമേ യാത്ര ചെയ്യുവാന്‍ പാടുള്ളൂ. യാത്രകള്‍ അടിയന്തര സാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം.
· സ്‌കൂളുകള്‍,  കോളജുകള്‍, മറ്റ് വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍, മതപഠന  കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെ ക്ലാസുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല  വിനോദങ്ങള്‍, വിനോദയാത്രകള്‍ എന്നിവ  സംഘടിപ്പിക്കുന്നത് നിരോധിച്ചു. ഓണ്‍ലൈന്‍ പഠന മാര്‍ഗങ്ങള്‍ അനുവദിക്കും.
· ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ എന്നിവിടങ്ങളിലെ ആരാധനകള്‍, ആഘോഷങ്ങള്‍, അന്നദാനങ്ങള്‍ എന്നിവ നിരോധിച്ചു.
· വിവാഹചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും കൃത്യമായ ശാരീരിക അകലം പാലിച്ച് പരമാവധി 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ പാടുള്ളൂ.
· പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചു.  ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍ നിലവിലെ നിയമം അനുസരിച്ച് പൊലീസ് പിഴ ഈടാക്കും.
· ആശുപത്രികളില്‍  രോഗിക്ക് കൂട്ടിരിപ്പിനായി ഒന്നിലധികം പേര്‍ ഉണ്ടാകരുത്.
· വ്യാപാര സ്ഥാപനങ്ങളില്‍ യാതൊരു കാരണവശാലും ശീതീകരണ സംവിധാനം  (എയര്‍ കണ്ടീഷണര്‍) ഉപയോഗിക്കാന്‍ പാടില്ല.
· പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ എന്നിവ നിരോധിച്ചു.
· ടൂറിസം കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളിലേക്കുള്ള  സഞ്ചാരികളുടെ  പ്രവേശനം നിരോധിച്ചു.
· ജങ്കാര്‍ സര്‍വീസ്, ഫിഷിങ് ഹാര്‍ബര്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചു.
·  വ്യാപാര സ്ഥാപനങ്ങളുടെ കവാടത്തില്‍  ഉപഭോക്താക്കള്‍ക്കായി  സോപ്പും  സാനിറ്റൈസറും സജ്ജീകരിക്കണം.
· കടയിലും പരിസരത്തും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.
· സ്ഥാപനങ്ങളുടെ പുറത്ത് ശാരീരികാകലം പാലിക്കുന്നതിനായി പ്രത്യേക അടയാളങ്ങള്‍ (45 സെന്റിമീറ്റര്‍ ഡയമീറ്റര്‍ സര്‍ക്കിള്‍) നിര്‍ബന്ധമായും രേഖപ്പെടുത്തണം.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!