Section

malabari-logo-mobile

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ത്യാഗികളും പ്രതിഭകളും മനുഷ്യ സ്നേഹികളുമാണ്;മന്ത്രി കെ.കെ ശൈലജ

HIGHLIGHTS : തിരുവനന്തപുരം:ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ത്യാഗം ചെയ്യുന്നവരും പ്രതിഭകളും മനുഷ്യ സ്നേഹികളുമാണെന്ന് ആരോഗ്യവും സാമൂഹ്യനീതിയും വനിതാ-ശിശു...

തിരുവനന്തപുരം:ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ത്യാഗം ചെയ്യുന്നവരും പ്രതിഭകളും മനുഷ്യ സ്നേഹികളുമാണെന്ന് ആരോഗ്യവും സാമൂഹ്യനീതിയും വനിതാ-ശിശു വികസനവും വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 2018 മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മില്‍ അര്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്ന ബോധ്യം ഉണ്ടെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും ആരോഗ്യമേഖലയില്‍ ചെയ്യാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
സേവന സമയവും സന്നദ്ധതയും വര്‍ധിപ്പിക്കണം. വലിയ പ്രശ്നങ്ങള്‍ ആരോഗ്യ മേഖലയിലുണ്ട്. ആരോഗ്യ മേഖലയെ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിക്കണമെങ്കില്‍ കൂടുതല്‍ ത്യാഗപൂര്‍ണമായ സേവനം നടത്തണം. കേരളം രൂപംകൊണ്ടതിനു ശേഷം ആരോഗ്യമേഖലയില്‍ നാം വളരെ ആസൂത്രിതമായി നടത്തിയിട്ടുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രാജ്യത്ത് ആരോഗ്യ സൂചികകളില്‍ കേരളത്തിന് മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ.എ.എസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, കെ.എസ്.എ.സി.എസ് പ്രോജക്ട് ഡയറക്ടര്‍ ഡോ. രമേശ് ആര്‍, മെഡിക്കല്‍ വിദ്യഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീവി എ. തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ആര്‍ ചാന്ദിനി മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിനുള്ള പുരസ്‌കാരം മന്ത്രിയില്‍ നിന്നും സ്വീകരിച്ചു. ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും സ്റ്റേറ്റ് ലെപ്രസി ഓഫീസറുമായ ഡോ. ജെ പത്മലത, മെഡിക്കല്‍ ഇന്‍ഷുറന്‍സ് സര്‍വീസ് സെക്ടറില്‍ ആലപ്പുഴ ഇ എസ് ഐ ഡി ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ് ഹറോള്‍ഡ്, ആര്‍ സി സി/ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി സതീശന്‍, ദന്തല്‍ മേഖലയില്‍ ആരോഗ്യ വകുപ്പ് ദന്തല്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സൈമണ്‍ മോറിസണ്‍, സ്വകാര്യമേഖലയില്‍ കോഴിക്കോട് ചാലപ്പുറം പീഡിയാട്രിക് കണ്‍സള്‍ട്ടന്റായ ഡോ. സി എം അബൂബക്കര്‍ എന്നിവരും മന്ത്രിയില്‍നിന്നും പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!