Section

malabari-logo-mobile

മലബാര്‍ പ്രീമിയര്‍ ലീഗ്‌ ഫുടബോള്‍ ഏപ്രില്‍ ഏഴ്‌ മുതല്‍ മലപ്പുറത്ത്‌

HIGHLIGHTS : മലബാര്‍ പ്രീമിയര്‍ ലീഗ്‌( എം.പി.എല്‍) ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏപ്രില്‍ ഏഴ്‌ മുതല്‍ 30 വരെ 15 മത്സരങ്ങളായി കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടത്തും

Footballമലബാര്‍ പ്രീമിയര്‍ ലീഗ്‌( എം.പി.എല്‍) ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏപ്രില്‍ ഏഴ്‌ മുതല്‍ 30 വരെ 15 മത്സരങ്ങളായി കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടത്തും. ജില്ലയില്‍ നിന്നും യുവാക്കളായ പുതിയ കളിക്കാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി രൂപവത്‌കരിച്ച മലബാര്‍ പ്രീമിയര്‍ ലീഗിന്‌ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരം ലഭിച്ചതായി ജില്ലാ കലക്‌ടര്‍ കെ. ബിജു അറിയിച്ചു. കലക്‌ടര്‍ ചെയര്‍മാനായുള്ള ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ്‌ മത്സരങ്ങള്‍ നടത്തുക.
ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകരിച്ച ക്ലബുകളില്‍ നിന്നാണ്‌ കളിക്കാരെ കണ്ടെത്തുക. ജില്ലയിലെ എല്ലാ പ്രദേശത്തിനും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ജില്ലയെ എട്ട്‌ മേഖലകളായി തിരിച്ചിട്ടുണ്ട്‌. ജില്ലയിലെ ക്ലബുകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെകൂടാതെ പ്രമുഖതാരങ്ങളെയും പങ്കെടുപ്പിക്കും. പ്രീമിയര്‍ ലീഗിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാ കലക്‌ടര്‍ കെ. ബിജു ചെയര്‍മാനും ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ എ. ശ്രീകുമാര്‍ കണ്‍വീനറുമായി കമ്മിറ്റി രൂപവത്‌കരിച്ചിട്ടുണ്ട്‌. മറ്റ്‌ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സബ്‌ കമ്മിറ്റിയും രൂപവത്‌കരിച്ചിട്ടുണ്ട്‌.
ജില്ലയിലെ ക്ലബുകളിലെ മികച്ച കളിക്കാര്‍ക്ക്‌ അവസരമൊരുക്കുക, മികച്ച ക്ലബുകളില്‍ കളിക്കാന്‍ വഴിയൊരുക്കുക, മത്സരങ്ങള്‍ നടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ വിനിയോഗിക്കുക, ജില്ലയിലെ കളിക്കാര്‍ക്ക്‌ മികച്ച പരിശീലനം ലഭ്യമാക്കുന്നതിനായി ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ മലബാര്‍ പ്രീമിയര്‍ ലീഗ്‌ രൂപവത്‌കരിച്ചതെന്ന്‌ ഇത്‌ സംബന്ധിച്ച്‌ ചേര്‍ന്ന യോഗത്തില്‍ കലക്‌ടര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ഇത്‌ സാധ്യമാക്കിയതിന്‌ ശേഷം കാസര്‍ഗോഡ്‌ വരെയുള്ള മികച്ച കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും എം.പി.എല്‍ വഴിയൊരുക്കുമെന്ന്‌ കലക്‌ടര്‍ അറിയിച്ചു.
ടീമുകള്‍ക്ക്‌ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനായി വ്യവസായികളുടെയും പൊതുമേഖലാ സ്ഥാപന മേധാവികളുടെയും പ്രത്യേക യോഗങ്ങള്‍ ചേരും. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ എ.ശ്രീകുമാര്‍, വൈസ്‌ പ്രസിഡന്റ്‌ എസ്‌. കെ ഉണ്ണി, എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ പി.ഋഷികേശ്‌ കുമാര്‍, കെ.എ നാസര്‍, മറ്റ്‌ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!