കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ സംഘര്‍ഷം ഡിവൈഎഫ്‌ഐ വിസിയുടെ വീട്‌ ഉപരോധിക്കുന്നു

എസ്‌എഫ്‌ഐ എംഎസ്‌എഫ്‌ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
തേഞ്ഞിപ്പലം :കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ എസ്‌എഫ്‌ഐ എംഎസ്‌ഫ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിലും കല്ലേറിലും നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ പോലീസ്‌ ലാത്തിചാര്‍ജ്ജ്‌ നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുയും ചെയ്‌തു.

ഹോസ്‌റ്റല്‍ വിഷയത്തില്‍ നടന്നവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്ന്‌ വിദ്യാര്‍ത്ഥി പ്രതിനിധികളെ വിസി ചര്‍ച്ചക്ക്‌ വിളിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചക്ക്‌ വിസി വരാതിരുന്നതിനെ തുടര്‍ന്ന്‌ എസ്‌എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരും വിസിയുടെ വീടിന്‌ മുന്നിലേക്ക്‌ പ്രകടനവുമായി പോകുകയും വിസിയുടെ വീട്‌ ഉപരോധിക്കുകയുമായിരുന്നു. ഇതോടെ വിസിയെ സംരക്ഷിക്കാനെന്ന പേരില്‍ കായികവിദ്യാര്‍ത്ഥികളുടെയും യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എംഎസ്‌എഫും ഇവിടേക്ക പ്രകടനമായെത്തി. പിന്നീട്‌ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷവും രൂക്ഷമായ കല്ലേറുമുണ്ടാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ്‌ പോലീസ്‌ ലാത്തി വീശിയത്‌.

കല്ലേറില്‍ പരിക്കേറ്റ ശ്യാംജിത്ത്‌ എന്ന ഡിവൈഎഫ്‌്‌ക്കാരനെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയിരിക്കുകയാണ്‌. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും വിസിയുടെ വീട്‌ ഉപരോധിക്കുകയാണ്‌. ഡിവൈഎഫ്‌ഐ നേതാക്കളായ അബ്‌്‌ദുള്ള നവാസ്‌ , ഗിരീഷ്‌കുമാര്‍, വിപി സാനു എന്നിവരുടെ നേതൃത്വത്തിലാണ്‌ സമരം നടക്കുന്നത്‌.

ഇപ്പോഴും സംഘര്‍ഷത്തിന്‌ അയവുവന്നിട്ടില്ല. യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ ചെട്ട്യാര്‍മാട്‌ ഭാഗത്തും സംഘടിച്ച്‌ നില്‍ക്കുന്നുണ്ട്‌. മലപ്പുറം ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പോലീസ്‌ സംഭവസ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌